പികെ ശശി ചെയ്തത് നീചമായ പ്രവൃത്തി, പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയാക്കി; രൂക്ഷ വിമർശനവുമായി എംവി ഗോവിന്ദൻ

By Web TeamFirst Published Sep 10, 2024, 10:02 AM IST
Highlights

സി പി എം ജില്ല സെക്രട്ടറിയെ സ്ത്രീപീഡന കേസിൽ പ്രതിയാക്കാൻ ശ്രമിച്ചുവെന്നും എംവി ഗോവിന്ദൻ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

പാലക്കാട്: മുൻ എം എൽ എയും കെടിഡിസി ചെയർമാനുമായ പി.കെ ശശി ചെയ്തത് നീചമായ പ്രവൃത്തിയെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ശശി, സി പി എം ജില്ല സെക്രട്ടറിയെ കള്ളു കേസിലും സ്ത്രീപീഡന കേസിലും പ്രതിയാക്കാൻ ശ്രമിച്ചതിന്‍റെ തെളിവുകൾ ലഭിച്ചതായി സി പി എം സംസ്ഥാന സെക്രട്ടറി പാലക്കോട് മേഖല റിപ്പോർട്ടിംഗിനിടെ വ്യക്തമാക്കി. പി.കെ ശശിക്കെതിരെ പാർട്ടി ഫണ്ട് തിരിമറി ഉൾപ്പെടെയുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് അന്വേഷണ കമ്മീഷനെ നിയോഗിച്ചത്. കമ്മീഷന്‍റെ പരിശോധനയ്ക്കിടെയാണ് പി.കെ ശശി, സി പി എം പാലക്കാട് ജില്ല സെക്രട്ടറി സുരേഷ് ബാബുവിനെതിരെ നടത്തിയ ഗൂഢാലോചന വ്യക്തമായത്.

ചിറ്റൂരിൽ വ്യാപക സ്പിരിറ്റ് വേട്ട നടന്നപ്പോൾ സുരേഷ് ബാബുവിന് അതിൽ പങ്കുണ്ടെന്ന് വരുത്തി തീർക്കാൻ ശശി ശ്രമം നടത്തി. സുരേഷ് ബാബുവിന്‍റെ ബന്ധുക്കൾ കള്ളു വ്യവസായ മേഖലയിൽ നിന്നുള്ളവരെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ഇതു കൂടാതെ കോയമ്പത്തൂർ പൊലീസ് സ്റ്റേഷനിൽ സുരേഷ് കുമാർ എന്നയാൾ പ്രതിയായ സ്ത്രീപീഡന കേസ് രജിസ്റ്റർ ചെയ്തിരുന്നു. പ്രതിയുടെ പേര് സുരേഷ് ബാബു എന്ന് മാറ്റി പ്രചാരണം നടത്താനും ശ്രമമുണ്ടായി. ഇതിനായി കൂട്ടുപിടിച്ചത് ദേശീയ മാധ്യമത്തിലെ ഒരു പ്രമുഖ മാധ്യമപ്രവർത്തകനെയാണ്. ശശിയുടെ പ്രവൃത്തിയിലെ കള്ളത്തരം തിരിച്ചറിഞ്ഞ മാധ്യമപ്രവർത്തകൻ ഇക്കാര്യം പാർട്ടി നേതൃത്വത്തെ അറിയിക്കുകയായിരുന്നു.

ഇതിന്‍റെ തെളിവുകളും നേതൃത്വത്തിന് ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് സംസ്ഥാന നേതൃത്വം കടുത്ത നടപടി എന്ന തീരുമാനത്തിൽ എത്തിയത്. ശശി മുതിർന്ന നേതാവായത് കൊണ്ടാണ് പാർട്ടിയിൽ നിന്ന് പുറതാക്കാത്തതെന്നും മേഖലാ റിപ്പോർട്ടിംഗിനിടെ എം.വി ഗോവിന്ദൻ വിശദീകരിച്ചു. പാർട്ടിയെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം ശശി ഉപയോഗിച്ചു. പലവട്ടം തിരുത്താൻ അവസരം നൽകി. ശശി അതിന് തയ്യാറായില്ലെന്നും മേഖല റിപ്പോർട്ടിംഗിൽ  സെക്രട്ടറി വ്യക്തമാക്കി.

Latest Videos

അതേ സമയം നടപടി നേരിട്ടിട്ടും പി.കെ ശശി കെടിഡിസി ചെയർമാൻ സ്ഥാനത്ത് തുടരുന്നതിൽ ജില്ല നേതൃത്വത്തിന് കടുത്ത എതിർപ്പുണ്ട്. ബ്രാഞ്ച് അംഗം മാത്രമായ വ്യക്തി  ഈ സ്ഥാനത്ത് തുടരുന്നതിൽ അപാകത ഉണ്ടെന്ന പൊതുവികാരമാണ് ഉയർന്നിരിക്കുന്നത്. ശശിയെ കെടിഡിസി ചെയർമാൻ സ്ഥാനത്ത് നിന്നും സിഐടിയു ജില്ല അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റണമെന്ന് പാലക്കാട് ജില്ല കമ്മിറ്റി സംസ്ഥാന നേതൃത്വത്തോട് ദിവസങ്ങൾക്കു മുമ്പേ ആവശ്യപെട്ടിരുന്നു. എന്നാൽ, ഇക്കാര്യത്തിൽ സംസ്ഥാന നേതൃത്വം ഒരു തീരുമാനവും എടുത്തിട്ടില്ല.

'സിബിഐ ര‍ജിസ്റ്റര്‍ ചെയ്ത കേസിൽ അറസ്റ്റ് ചെയ്യും'; സംഗീത സംവിധായകൻ ജെറി അമൽ ദേവിൽ നിന്ന് പണം തട്ടാൻ ശ്രമം

 

click me!