എല്ലാ വശങ്ങളും പരിശോധിച്ച് മാത്രം തീരുമാനം. ഇപ്പോള്‍ സിപിഎമ്മോ, മുന്നണിയോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി.
കൊച്ചി:വിദ്യാഭ്യാസ രംഗത്ത് വന്‍ പൊളിച്ചെഴുത്തിനുള്ള നീക്കത്തില്‍ നിന്ന് സിപിഎം തത്ക്കാലം പിന്‍മാറുന്നു. എയ് ഡഡ് നിയമനങ്ങള്‍ പിഎസ്സിക്ക് വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.എല്ലാ വശങ്ങളും പരിശോധിച്ച് മാത്രം തീരുമാനമെടുക്കും. ഇപ്പോള്‍ സിപിഎമ്മോ, മുന്നണിയോ ഇക്കാര്യം ആലോചിച്ചിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.നിയമനത്തിൽ തൊട്ടാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് എൻഎസ് എസ് വ്യക്തമാക്കി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ കെസിബിസിയും നീക്കത്തെ കടുത്ത ഭാഷയിൽ അപലപിച്ചു. തിരിച്ചടി ഭയന്നാണ് ഒടുവിൽ കോടിയേരി ബാലകൃഷ്ണൻ, ബാലനെ തള്ളിക്കളഞ്ഞത്
എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പിഎസ്‍സിക്ക് വിടണമെന്നുംസാമൂഹ്യ നീതി ഉറപ്പാക്കാന്‍ നിയമനം സര്‍ക്കാര്‍ ഏറ്റെടുത്തേ മതിയാകൂ എന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ ബാലനാണ് ആവശ്യപ്പെട്ടത്. പ്രബല സമുദായങ്ങളുടെ സ്ഥാപനങ്ങളിലൊന്നും പണമില്ലാത്തവര്‍ക്ക് നിയമനം കിട്ടുന്നില്ല. മാനേജ്മെന്‍റുകള്‍ കോഴയായി വാങ്ങുന്ന കോടികള്‍ എങ്ങോട്ട് പോകുന്നുവെന്നറിയില്ല. നിയമനം പിഎസ്‍സിക്ക് വിടുന്നതിനോട് എസ്എന്‍ഡിപിയും എംഇഎസും യോജിപ്പറിയിച്ചിട്ടുണ്ട്. മറ്റു സമുദായ സംഘടനകളും ഈ നിര്‍ദ്ദേശത്തെ എതിര്‍ക്കില്ലെന്നാണ് പ്രതീക്ഷയെന്നും എ.കെ ബാലന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കിയിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു.
രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലാണ് കേരളത്തിലെ വിദ്യാഭ്യാസ സാമൂഹ്യ രംഗങ്ങളില്‍ അടിമുടി മാറ്റത്തിന് കളമൊരുക്കുന്ന നിര്‍ദ്ദേശം സിപിഎം നേതൃത്വത്തില്‍ നിന്ന് ഉയര്‍ന്നുവന്നത്. 57 ലെ ഒന്നാം ഇഎംഎസ് സര്‍ക്കാരിന്‍റെ കാലം മുതല്‍ ചര്‍ച്ച ചെയ്യുകയും എന്നാല്‍ നടപ്പിലാക്കാനാവാതെ പോയതുമായ ഒരു മാറ്റത്തിന് വഴിയൊരുക്കാന്‍ രണ്ടാം പിണറായി സര്‍ക്കാരിന് കഴിയുമെന്ന പ്രതീക്ഷയാണ് സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുന്‍ നിയമമന്ത്രിയുമായ എ.കെ ബാലന്‍ പങ്കുവച്ചത്.