പി സരിൻ ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അദ്ദേഹത്തെ ചേർത്ത് പിടിക്കുമെന്ന് സിപിഎം പാലക്കാട് ജില്ല സെക്രട്ടറി ഇ എൻ സുരേഷ് ബാബു
പാലക്കാട്: പി സരിൻ ഇടതു പക്ഷത്തോട് ചേർന്ന് നിൽക്കാനാണ് ആഗ്രഹിക്കുന്നതെങ്കിൽ അദ്ദേഹത്തെ ചേർത്ത് പിടിക്കുമെന്ന് സിപിഎം പാലക്കാട് ജില്ല സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട്. സരിൻ നിലപാട് പ്രഖ്യാപിച്ച ശേഷം ഇടതു സ്ഥാനാർഥി ആക്കണമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്നും സുരേഷ് ബാബു പറഞ്ഞു. സരിൻ മുമ്പ് സിപിഎമ്മിനെ വിമർശിച്ചതിൽ ഒന്നും കാര്യമില്ല. കോൺഗ്രസിൽ നിൽക്കുമ്പോൾ സിപിഎമ്മിനെ വിമർശിക്കും. അതൊക്കെ രാഷ്ട്രീയമാണെന്നും സുരേഷ്ബാബു ചൂണ്ടിക്കാട്ടി.
രാഷ്ട്രീയതിന്റെ അടിസ്ഥാനത്തിൽ ആണ് അത്തരം വിമർശനങ്ങൾ വരുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് സ്ഥാനാർഥിയെ നിശ്ചയിക്കുന്നത് രാഷ്ട്രീയ സാഹചര്യം നോക്കിയാണ്. കോൺഗ്രസ് രാഷ്ട്രീയം വർഗീയ രാഷ്ട്രീയവുമായി ഒത്തുപോകുന്നതിൽ സരിൻ ഉയർത്തിയ ആശങ്ക പ്രധാനമാണെന്നും സുരേഷ് ബാബു അഭിപ്രായപ്പെട്ടു. ഇനി പോരാട്ടം എൽ ഡി എഫും യുഡിഎഫും തമ്മിലാണെന്നും ബിജെപി ചിത്രത്തിൽ ഇല്ലെന്നും സുരേഷ് ബാബു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.