മന്ത്രിക്കെതിരെയുള്ളത് 'ഇഷ്ടമില്ലാത്ത അച്ചിയോടുള്ള വിരോധം' എന്ന് സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റി
പത്തനംതിട്ട: ഭരണഘടനയ്ക്കെതിരെ വിവാദ പ്രസംഗം നടത്തി വെട്ടിലായ മന്ത്രി സജി ചെറിയാനെ പിന്തുണച്ച് സിപിഎം മല്ലപ്പള്ളി ഏരിയ കമ്മിറ്റി. സാമൂഹ്യ വികാസത്തെ പറ്റിയും ചൂഷണത്തെ പറ്റിയുമാണ് മന്ത്രി സംസാരിച്ചത്. പ്രസംഗത്തിൽ നിന്ന് ഒരു വാക്യം മാത്രം അടർത്തിയെടുത്താണ് മന്ത്രിയെ ക്രൂശിക്കാൻ ശ്രമിക്കുന്നത്. മന്ത്രിക്കെതിരെയുള്ളത് 'ഇഷ്ടമില്ലാത്ത അച്ചിയോടുള്ള വിരോധം'. ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിൽ അദ്ദേഹം പാർട്ടി പ്രവർത്തകരെയും വിമർശിക്കുന്നുണ്ട്. പ്രസംഗം മുഴുവൻ കേട്ടാൽ വിമർശനങ്ങളെല്ലാം ഇല്ലാതാകുമെന്നും മല്ലപ്പള്ളി ഏരിയാ കമ്മിറ്റി ഫേസ്ബുക്കിൽ കുറിച്ചു.
മല്ലപ്പള്ളി ഏരിയ കമ്മിറ്റിയാണ് സജി ചെറിയാന്റെ പ്രസംഗം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. എന്നാൽ സംഭവം വിവാദമായതോടെ അൽപ സമയം മുമ്പ് ഈ പ്രസംഗം എഫ്ബി പേജിൽ ഒഴിവാക്കിയിട്ടുണ്ട്.
undefined
മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ വിശദീകരണം
ബഹുമാനപ്പെട്ട സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാൻ നടത്തിയപ്രസംഗം സാമൂഹ്യ വികാസത്തെപ്പറ്റിയും ചൂഷണത്തെപ്പറ്റിയുമായിരുന്നു. ഇന്ത്യയിലെ തൊഴിലാളികളുടെ ദയനീയാവസ്ഥ, ചൂഷണത്തിന്റെ ക്രൂരമുഖം, പാവപ്പെട്ട ജനതയുടെ ഇന്ത്യനവസ്ഥ, ഇതൊക്കെയാണ് പറഞ്ഞത്. അതൊക്കെ ആർക്കെങ്കിലും നിഷേധിക്കാനാകുമോ? ഇന്ത്യൻ ഭരണഘടനയ്ക്കു കീഴിലാണ് ഇതൊക്കെ നടക്കുന്നത്. അംബാനിയും അദാനിയും ആകാശത്തോളം വളരുന്നത് ഇന്ത്യൻ ജനതയെ ചൂഷണം ചെയ്തു തന്നെയാണ്. പട്ടിണിക്കാരൻ തെരുവിൽ മരിച്ചു വീഴുന്നതും ഇവിടെ തന്നെയാണ്. ഈ Contextലാണ് അദ്ദേഹം പറഞ്ഞത്.അതിൽ നിന്ന് ഒരു വാക്യം അടർത്തിമാറ്റി അദ്ദേഹത്തെ ക്രൂശിക്കുന്നത് ഭരണഘടനയോടുള്ള കൂറുകൊണ്ടൊന്നുമല്ല. ഇഷ്ടമില്ലാത്ത അച്ചിയോടുള്ള വിരോധമാണ്. ഒരു മണിക്കൂർ നീണ്ട പ്രസംഗം, അതിൽ അദ്ദേഹം പാർട്ടി പ്രവർത്തകരേയും വിമർശിക്കുന്നുണ്ട്. ആ പ്രസംഗം മുഴുവൻ കേട്ടാൽ ഈ വിമർശനമൊക്കെ ഇല്ലാതാകും.