കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയില്‍ മുന്‍ മന്ത്രി എ സി മൊയ്തീന് പങ്കുണ്ട്. വ്യാപകമായ കൊള്ളക്ക് ഉന്നതരായ സിപിഎം നേതാക്കൾ നേതൃത്വം നൽകുന്നു എന്നും സുരേന്ദ്രന്‍ ആരോപിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്ക് കൊള്ളയ്ക്ക് ഉത്തരവാദികൾ സിപിഎം നേതാക്കൾ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കരുവന്നൂര്‍ സഹകരണ ബാങ്ക് കൊള്ളയില്‍ മുന്‍ മന്ത്രി എ സി മൊയ്തീന് പങ്കുണ്ട്. വ്യാപകമായ കൊള്ളക്ക് ഉന്നതരായ സിപിഎം നേതാക്കൾ നേതൃത്വം നൽകുന്നു എന്നും സുരേന്ദ്രന്‍ ആരോപിച്ചു.
സഹകരണ ബാങ്ക് തട്ടിപ്പുകളില്‍ സംസ്ഥാന സർക്കാർ ഒന്നും ചെയ്യുന്നില്ല. ആർബിഐയുടെ നിയന്ത്രണത്തിൽ സഹകരണ ബാങ്കുകൾ വരണം എന്ന് പറഞ്ഞപ്പോൾ സിപിഎം സമരം നടത്തി. കേരളാ ബാങ്കിന്, എങ്ങനെ പൊളിഞ്ഞ സംഘത്തിന് പണം കൊടുക്കാനാവും. കരുവന്നൂരിൽ സർക്കാർ 20 കോടി രൂപ കൊടുക്കുന്നത് നിയമവിരുദ്ധമാണ്.
എകെജി സെൻറർ ആക്രമണത്തിലെ പ്രതിയെ പിടിക്കണമെങ്കിൽ ഇ പി ജയരാജനെ ചോദ്യം ചെയ്യണം. ക്രൈംബ്രാഞ്ച് ആദ്യം ചെയ്യേണ്ടത് അതാണ്. കണ്ണൂരിൽ നിന്നുള്ള സംഘമാണ് ആക്രമണം നടത്തിയത് എന്നും സുരേന്ദ്രന്‍ ആരോപിച്ചു.
'സെക്രട്ടറിയും ഭരണ സമിതിയും പറഞ്ഞതാണ് ചെയ്തത്'; കരുവന്നൂര്‍ തട്ടിപ്പ് കേസിലെ മൂന്നാം പ്രതി
താന്‍ കേസില്‍ പെട്ടത് എങ്ങനെയെന്ന് അറിയില്ലെന്ന് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മൂന്നാം പ്രതി ജില്‍സ്. ബാങ്കിന്റെ ചുമതല ഉണ്ടായിരുന്നില്ല. സെക്രട്ടറിയും ഭരണ സമിതിയും പറയുന്നത് മാത്രമാണ് ചെയ്തത്. ഭരണ സമിതി അംഗങ്ങൾ കാര്യങ്ങളില്‍ നിരന്തരം ഇടപെട്ടിരുന്നു. ആരൊക്കൊയോ ചേർന്ന് കേസിൽ പെടുത്തിയതാണ്. പാർട്ടി നോമിനി ആയാണ് ബാങ്കിൽ ജോലിക്ക് കയറിയത് എന്നും ജില്‍സ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. (കൂടുതല്‍ വായിക്കാം...)
സഹകരണ മേഖലയിൽ റിസ്ക് ഫണ്ട് കൂട്ടുമെന്ന് മന്ത്രി വി.എൻ.വാസവൻ
സഹകരണ ബാങ്കുകളിലെ റിസ്ക് ഫണ്ട് രണ്ട് ലക്ഷത്തിൽ നിന്ന് മൂന്ന് ലക്ഷമായി ഉയർത്തുമെന്ന് സഹകരണ മന്ത്രി വി.എൻ.വാസവൻ. കരുവന്നൂർ സഹകരണ ബാങ്കിൽ 30 ലക്ഷം രൂപ നിക്ഷേപമായി ഉണ്ടായിട്ടും കരുവന്നൂർ സ്വദേശി ഫിലോമിന ചികിത്സയ്ക്ക് പണമില്ലാതെ മരിച്ചത് ചർച്ചയായതിന് പിന്നാലെയാണ് നടപടി. കരുവന്നൂരിലെ പ്രശ്നത്തില്‍ അന്വേഷണവും നടപടികളും നന്നായി നടക്കുന്നു. കുറ്റക്കാരെ ആരേയും സംരക്ഷിക്കില്ല. കർശന നടപടികൾ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്നും സഹകരണ മന്ത്രി പറഞ്ഞു. ഒരു സഹകരണ സ്ഥാപനത്തിൽ ഉണ്ടായ പ്രശ്നങ്ങൾ പൊതുവൽക്കരിക്കുന്നത് ശരിയല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. സഹകരണ സ്ഥാപനത്തിൽ നിക്ഷേപിച്ചവർക്ക് ഒരു രൂപ പോലും നഷ്ടമാകില്ല. കേരളത്തിലെ സഹകരണ പ്രസ്ഥാനത്തെ ആരു വിചാരിച്ചാലും തകർക്കാനാകില്ല. അത്രയും ജനകീയ അടിത്തറയുള്ള പ്രസ്ഥാനമാണ് സഹകരണ മേഖലയെന്നും വി.എൻ.വാസവൻ വ്യക്തമാക്കി.
Read Also: എന്താണ് റിസ്ക് ഫണ്ട്?