'മുഖ്യമന്ത്രിയുടെ രീതികൾ അത്ര പോര', ശൈലി തിരുത്തണമെന്ന് സിപിഎം ആലപ്പുഴ ജില്ലാ കമ്മറ്റി, കോട്ടയത്തും വിമർശനം

By Web Team  |  First Published Jun 30, 2024, 6:25 AM IST

ആലപ്പുഴയിലും കോട്ടയത്തും ജില്ലാ കമ്മിറ്റികളിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനമുയർന്നു. 


ആലപ്പുഴ/ കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ സിപിഎം ജില്ലാ കമ്മറ്റികളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വലിയ വിമർശനം. ഏറ്റവുമൊടുവിൽ ആലപ്പുഴയിലെയും കോട്ടയത്തെയും ജില്ലാ കമ്മിറ്റികളിലാണ് മുഖ്യമന്ത്രിയുടെ ശൈലികൾക്കും ചില മന്ത്രിമാരുടെ പ്രവർത്തനങ്ങൾക്കുമെതിരെ വിമർശനമുയർന്നത്. 

മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ ആവശ്യമുയർന്നു. ധനമന്ത്രി കെ എൻ ബാലഗോപാൽ, ആരോഗ്യമന്ത്രി വീണാ ജോർജ് എന്നിവർക്കെതിരെയും വിമർശനമുണ്ടായി. ഹരിപ്പാടും കായംകുളത്തും സിപിഎം മൂന്നാം സ്ഥാനത്ത് എത്തിയതിന് കാരണം പാർട്ടിക്ക് അകത്തെ വിഭാഗീയയെന്നും അഭിപ്രായമുയർന്നു. വിഭാഗീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ല. വെള്ളാപ്പള്ളിക്കെതിരെ എഎം ആരിഫ് വിമർശനം ഉന്നയിച്ചു.വെള്ളാപ്പള്ളി ആദ്യം ബിജെപി സ്ഥാനാർത്ഥിക്കെതിരെ പറഞ്ഞു. പിന്നീട് ഇഡി യെ പേടിയെന്ന് വെള്ളാപ്പള്ളി പറഞ്ഞെന്നും എഎം ആരിഫ് ജില്ലാ കമ്മിറ്റിയിൽ പറഞ്ഞു. 

Latest Videos

മുഖ്യമന്ത്രിക്കെതിരെ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയിലും വിമർശനമുണ്ടായി. നവകേരള സദസ്സ് വേദിയിൽ മുഖ്യമന്ത്രി തോമസ് ചാഴികാടനെ പരസ്യമായി തിരുത്തിയ നടപടി അനുചിതമായി. മുഖ്യമന്ത്രിയുടെ വാക്കുകൾ കേരളാ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അതൃപ്തിയ്ക്ക് കാരണമായി. പാർട്ടി സെക്രട്ടറിയുടെ പത്രസമ്മേളനങ്ങൾ വിശ്വസിനീയമായിരുന്നില്ലെന്നും മന്ത്രിമാരുടെ പ്രകടനം മികച്ചതല്ലെന്നും സ്ഥാനാർത്ഥി നിർണയം പാളിയെന്നും വിമർശനമുണ്ടായി. 

അതേ സമയം, കടുത്ത ഭരണ വിരുദ്ധ വികാരം കേരളത്തിൽ  തിരിച്ചടിക്ക് കാരണമായെന്നാണ് സിപിഎം കേന്ദ്ര കമ്മറ്റിയിലേയും വിലയിരുത്തൽ. ആഴത്തിലുള്ള പരിശോധന നടത്തി തെറ്റു തിരുത്തണം. ഇല്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ചർച്ചയിൽ നേതാക്കൾ ചൂണ്ടിക്കാട്ടി. ഭരണ വിരുദ്ധ വികാരം മനസ്സിലാക്കാൻ സംസ്ഥാന ഘടകത്തിനായില്ല. സർക്കാരിന്റെ പദ്ധതികൾ ജനങ്ങളിലെത്തിക്കാനായില്ല തുടങ്ങിയ വിമർശനവുമുയർന്നു. ഭരണവിരുദ്ധ വികാരമുണ്ടായെന്ന വാദത്തോട് ചർച്ചയിൽ കെ. കെ  ശൈലജ യോജിച്ചു. കോൺഗ്രസിനോട് ചേർന്നുള്ള ദേശീയ ലൈൻ തിരിച്ചടിക്കിടയാക്കിയെന്ന് പി രാജീവ് വാദിച്ചു. കോൺഗ്രസ് ഉൾപ്പെട്ട മുന്നണിയുടെ ഭാഗമായതിനാൽ ജനങ്ങൾ ഒപ്പം നിന്നില്ലെന്നും കോൺഗ്രസ് അനുകൂല നയം തിരുത്തണം എന്ന് കേരള ഘടകത്തിന്റെ വികാരവും രാജീവ് അറിയിച്ചു. കേരളത്തിന്റെ നിലപാടിനോട് വിയോജിച്ച ഉത്തരേന്ത്യൻ  നേതാക്കൾ രാജസ്ഥാനിൽ പാർട്ടിക്ക് സീറ്റു നേടാനായത് ചൂണ്ടിക്കാട്ടി. പികെ ശ്രീമതിയും ചർച്ചയിൽ പങ്കെടുത്തു. കേരളത്തിലെ തിരുത്തൽ നടപടിക്ക് പ്രത്യേക രേഖ വന്നേക്കും എന്ന് നേതാക്കൾ അറിയിച്ചു

 

 

 

click me!