മാവേലിക്കര നഗരസഭാ അടിയന്തര കൗൺസിലിനിടെയാണ് സിപിഎം അംഗം തോമസ് മാത്യു അപമര്യാദയായി പെരുമാറിയത്.
ആലപ്പുഴ: നവകേരള സദസ് നടക്കുന്ന സ്കൂളിന്‍റെ മതിൽ പൊളിച്ചത് സംബന്ധിച്ച ചർച്ചക്കിടെ കോൺഗ്രസ് കൗൺസിലറെ ചവിട്ടാൻ കാലോങ്ങി സിപിഎം കൗൺസിലർ. മാവേലിക്കര നഗരസഭാ അടിയന്തര കൗൺസിലിനിടെയാണ് സിപിഎം അംഗം തോമസ് മാത്യു അപമര്യാദയായി പെരുമാറിയത്. സംഭവത്തിന്‍റെ ദൃശ്യം പുറത്തുവന്നു.
ചെയര്‍മാന്‍റെ ഡയസിന് മുകളില്‍ കയറിയ തോമസ് മാത്യു കോണ്‍ഗ്രസ് കൗണ്‍സിലര്‍ ബിനു വര്‍ഗീസിന് നേരെയാണ് ചവിട്ടാന്‍ കാലോങ്ങിയത്. ഇരുപക്ഷത്തേയും സ്ത്രീകള്‍ അടക്കം നില്‍ക്കവേയാണ് മുണ്ടുടുത്ത തോമസ് മാത്യുവിന‍്റെ അപമര്യാദയോടെയുള്ള പ്രവൃത്തി. അവിടെ വെച്ച് മുണ്ട് മടക്കിക്കുത്താന്‍ ശ്രമിക്കുകയും ചെയ്തു. മറ്റംഗങ്ങള്‍ ചേര്‍ന്ന് തോമസ് മാത്യുവിനെ പിടിച്ചു മാറ്റി.
undefined
നവകേരള ബസിന് കടക്കാനായാണ് മാവേലിക്കര ഹൈസ്കൂളിന്‍റെ മതില്‍ തകര്‍ത്തത് എന്നാണ് പരാതി. ഇന്നലെ പുലര്‍ച്ചെ നടന്ന സംഭവത്തിന് പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്കൂളിലേക്ക് മാര്‍ച്ച് നടത്തിയ യുഡിഎഫ് പ്രവര്‍ത്തകര്‍ മതിലിന്‍റെ സ്ഥാനത്ത് മനുഷ്യമതില്‍ തീര്‍ത്തു. മതില്‍ തകര്‍ത്തത് അരുണ്‍ കുമാര്‍ എം.എല്‍എയുടെ നേതൃത്വത്തിലുള്ള ഗുണ്ടകളാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
സംഭവത്തില്‍ ഉച്ചയ്ക്കുശേഷം ചേര്‍ന്ന അടിയന്തര നഗരസഭ കൗണ്‍സില്‍ യോഗത്തിലാണ് ഭരണ - പ്രതിപക്ഷാംഗങ്ങള്‍ തമ്മില്‍ വാക്കേറ്റമുണ്ടായത്. ഉടന്‍ തന്നെ നഗരസഭ മതിൽ കെട്ടണമെന്ന് ബിജെപി അംഗങ്ങൾ യോഗത്തില്‍ ആവശ്യപ്പെട്ടു. കൗൺസിൽ അംഗങ്ങളെ വിഡ്ഢികളാക്കാൻ അനുവദിക്കരുതെന്നും മതിൽ പൊളിക്കാൻ അനുവദിക്കില്ലെന്ന് കൗൺസിൽ തീരുമാനിച്ചതാണെന്നും യോഗത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷയാണ് പ്രധാനമെന്നും ഇവര്‍ പറഞ്ഞു.
തുടര്‍ന്ന് പൊളിച്ച മതിലിന്‍റെ സ്ഥാനത്ത് പകരം താല്‍ക്കാലികമായി വേലി കെട്ടാന്‍ കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി. ഭരണ - പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിനൊടുവിലാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മതില്‍ പൊളിച്ചതിനെതിരെ ഹൈക്കോടതിയില്‍ ഉടന്‍ കേസ് നല്‍കാനും ഭരണ സമിതി തീരുമാനിച്ചു. ഇരുട്ടിന്‍റെ മറവിൽ സാമൂഹിക വിരുദ്ധരാണ് സ്കൂളിന്‍റെ മതിൽ പൊളിച്ചതെന്നാണ് നഗരസഭയുടെ വിശദീകരണം.