ഇകെ വിഭാഗത്തിന്‍റെ സഹായം ഇടതു മുന്നണിക്ക് ലഭിച്ചതായി സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്
മലപ്പുറം: പൊന്നാനിയില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയോടുള്ള താത്പര്യകുറവ് മൂലം ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ബിജെപിക്ക് വോട്ടു മറിച്ചെന്ന ആരോപണവുമായി സിപിഎം. ഇകെ വിഭാഗത്തിന്‍റെ സഹായം ഇടതു മുന്നണിക്ക് ലഭിച്ചതായും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നത് മറച്ചു വെക്കാനുള്ള തന്ത്രമാണ് സിപിഎം ആരോപണമെന്ന മറുപടിയുമായി ലീഗും കോണ്‍ഗ്രസും രംഗത്തെത്തി.
പ്രചാരണ കാലത്തു തുടങ്ങിയ പോര് പോളിംഗിനു ശേഷവും അതേ ഊര്‍ജ്ജത്തില്‍ തുടരുകയാണ് പൊന്നാനിയില്‍. പൊന്നാനിയിലെ പോളിംഗ് കുറയാനുള്ള കാരണങ്ങളിലൊന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിഷ്ക്രിയമായതാണെന്ന ആരോപണമാണ് സിപിഎം ഉയര്‍ത്തുന്നത്. ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ബിജെപിക്ക് വോട്ട് ചെയ്തു. കോണ്‍ഗ്രസ് സ്വാധീന മേഖലകളില്‍ പോളിംഗ് കുത്തനെ കുറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി അബ്ദു സമദ് സമദാനിയോടുള്ള കോണ്‍ഗ്രസുകാരുടെ താത്പര്യകുറവാണ് ഇതിനു കാരണമെന്നും സിപിഎം ആരോപിക്കുന്നു.
ബിജെപിയില്‍ ചേരാൻ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രൻ
ലീഗുമായുള്ള പ്രശ്നങ്ങള്‍ മൂലം ഇ കെ വിഭാഗം സമസ്തയിലെ ഒരു വിഭാഗം കാര്യമായി സഹായിച്ചെന്നും സിപിഎം നേതൃത്വം പറയുന്നു. എന്നാല്‍ കനത്ത തോല്‍വി മുന്നില്‍ കണ്ട് സിപിഎം നടത്തുന്ന പ്രചാര വേലയാണിതെന്ന മറുപടിയാണ് കോണ്‍ഗ്രസും മുസ്ലീം ലീഗും നല്‍കുന്നത്. തവനൂര്‍, പൊന്നാനി നിയമസഭാ മണ്ഡലങ്ങളിലെ സിപിഎം കേന്ദ്രങ്ങളില്‍ പോലും പോളിംഗ് ശതമാനം കുറഞ്ഞത് ഇടത് സ്ഥാനാര്‍ത്ഥിയോടുള്ള താത്പര്യക്കുറവ് മൂലമാണെന്ന വാദം യുഡിഎഫും നിരത്തുന്നുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം