കെകെ രമയ്ക്കും ഉഷയ്ക്കും എതിരെ കരീം നടത്തിയ പരാമര്‍ശങ്ങളിൽ വലിയ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ പിന്തുണ മോഹനൻ മാസ്റ്റര്‍
കോഴിക്കോട്: പിടി ഉഷയ്ക്കും ആര്‍എംപിക്കും എതിരായ വിവാദ പരാമര്‍ശത്തിൽ സിപിഎം നേതാവും എംപിയുമായ എളമരം കരീമിനെ പിന്തുണച്ച് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ. ആർഎംപി എന്ന പ്രസ്ഥാനം ഒഞ്ചിയം വിപ്ലവത്തെ ഒറ്റ് കൊടുത്ത ആളുകളാണെന്നും അക്കാര്യത്തിൽ സംശയമില്ലെന്നും മോഹനൻ പറഞ്ഞു. പിടി ഉഷ ഒരു കായികപ്രതിഭയാണ്എന്നാൽ അവര്‍ സംഘപരിവാറിൻ്റെ വലയിൽ വീഴുന്നതിൽ ആശങ്ക രേഖപ്പെടുത്തുക മാത്രമാണ് കരീം ചെയ്തതെന്നും മോഹനൻ പറഞ്ഞു. കെകെ രമയ്ക്കും ഉഷയ്ക്കും എതിരെ കരീം നടത്തിയ പരാമര്‍ശങ്ങളിൽ വലിയ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് പാര്‍ട്ടിയുടെ പിന്തുണ മോഹനൻ മാസ്റ്റര്‍
പി.മോഹനൻ്റെ വാക്കുകൾ -
ഒഞ്ചിയം മേഖലയിൽ മാത്രം ഉള്ള ഗ്രൂപ്പ് ആണ് ആർഎംപി. കോൺഗ്രസ്സ് മുഖ്യ ശത്രു എന്നായിരുന്നു ആദ്യം അവരുടെ പ്രഖ്യാപനം. എന്നാൽ പിന്നീട് അവർ കോൺഗ്രസുമായി ധാരണ ഉണ്ടാക്കി തദ്ദേശ സ്ഥാപനങ്ങളിൽ മത്സരിച്ചു. തുടർന്ന് അവര്‍ യുഡിഎഫ് പിന്തുണയോടെ ഭരണത്തിൽ എത്തി. ഇതിൻ്റെ പരസ്യമായ ധാരണ ആയിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ്.
സി.എച്ച് അശോകനെ കള്ളക്കേസിൽ കുടുക്കിയതാണ്. അദ്ദേഹത്തിന് കോടതി ജാമ്യം നൽകിയിട്ടും നാട്ടിൽ പ്രവേശിപ്പിക്കാൻ അന്നത്തെ ഭരണകൂടം അനുവദിച്ചില്ല. സി.എച്ച് അശോകൻ ഭരകൂടഭീകരതയുടെ രക്തസാക്ഷിയാണ്. ഓഞ്ചിയം വിപ്ലവത്തെ ഒറ്റിയവരാണ് ആര്‍എംപിക്കാര്‍. മണ്ടോടി കണ്ണൻ ഉൾപ്പെടെയുള്ള രക്തസാക്ഷികളുടെ പാരമ്പര്യം ആർഎംപി കളങ്കപ്പെടുത്തി. ഇത് അവർക്കുള്ള ഏല്ല കാലത്തെയും കളങ്കമാണ്. ഒഞ്ചിയത്തെ വിപ്ലവ ചരിത്രത്തെ ഒറ്റുകൊടുത്തതിന് യുഡിഎഫ് നൽകിയ പരിതോഷികമാണ് ഇപ്പോൾ കിട്ടിയ എംഎൽഎ സ്ഥാനം.
പിടി ഉഷ മികച്ച കായിക പ്രതിഭ തന്നെയാണ്. സിപിഎം ഇത് നേരത്തെ പറഞ്ഞതുമാണ്. സംഘ പരിവാറിൻ്റെ നെറ്റ്‌വർക്കിൽ അവർ പെട്ടുപോകുന്നതിൽ പാർട്ടിക്ക് ആശങ്കയുണ്ടായിരുന്നു. നിലവിൽ അവർ പറഞ്ഞ വാക്കുകൾ വിശ്വാസത്തിൽ എടുക്കുക മാത്രമാണ് ചെയ്യുന്നത്. ഒരു പാര്‍ട്ടിയോടും വിധേയത്വം കാണിക്കില്ലെന്ന് അവര്‍ പറഞ്ഞിട്ടുണ്ട്.