അന്‍വറിനെ പൂര്‍ണമായി തള്ളി സിപിഎം, പി ശശിക്കെതിരെ അന്വേഷണമില്ല, എഡിജിപിയെ തിരക്കിട്ട് മാറ്റില്ല

By Web Team  |  First Published Sep 25, 2024, 2:13 PM IST

കാര്യങ്ങൾ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയല്ലോ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ചർച്ചയിൽ ഔദ്യോഗിക വിശദീകരണം വന്നത്


തിരുവനന്തപുരം: പിവി അൻവറിനെ പൂർണമായും തള്ളുന്ന തീരുമാനങ്ങളുമായി സിപിഎം. നിലമ്പൂ‍ർ ഇടത് എംഎൽഎ കൂടിയായ പിവി അൻവർ ഉന്നയിച്ച പരാതികളിൽ പി ശശിക്കെതിരെ പാർട്ടി അന്വേഷണം വേണ്ടെന്നാണ് തീരുമാനം. എഡിജിപി എം.ആർ അജിത്ത് കുമാറിനെ തിരക്കിട്ട് ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു. എല്ലാ തരത്തിലുമുള്ള അന്വേഷണ റിപ്പോ‍ർട്ടുകളും അവസാനിച്ച ശേഷം നടപടിയെടുക്കാമെന്നാണ് തീരുമാനം. 

കാര്യങ്ങൾ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയല്ലോ എന്നാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലെ ചർച്ചയിൽ ഔദ്യോഗിക വിശദീകരണം വന്നത്. തൃശൂർ പൂരം കലക്കൽ സംഭവത്തിൽ ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശക്ക് അനുസരിച്ച് തുടർ നടപടി സ്വീകരിക്കും. വിജിലൻസ് അന്വേഷണവും ഡിജിപിയുടെ നേതൃത്വത്തിൽ മറ്റൊരു അന്വേഷണവും എഡിജിപിക്കെതിരെ നടക്കുന്നതിനാൽ ഇതിൻ്റെയെല്ലാം റിപ്പോർട്ട് വന്ന ശേഷം അത് പരിശോധിച്ച് ആവശ്യമെങ്കിൽ എഡിജിപിയെ മാറ്റാമെന്നാണ് സിപിഎം എടുത്ത തീരുമാനം.

Latest Videos

തൃശൂർ പൂരം കലക്കലിൽ തുടരന്വേഷണം പ്രഖ്യാപിക്കുമെന്ന സൂചന ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി നൽകിയിരുന്നു. പൂരം കലക്കലിൽ ശക്തമായ നടപടി വേണമെന്ന് റവന്യൂ മന്ത്രി കെ രാജൻ മന്ത്രിസഭായോഗത്തിൽ ആവശ്യപ്പെട്ടു.  എഡിജിപിയുടെ റിപ്പോർട്ടിൽ ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ശുപാർശ പരിഗണിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. 

പൂരം കലക്കലിൽ എഡിജിപിയുടെ റിപ്പോർട്ട് ഡിജിപിയുടെ കവറിംഗ് ലെറ്ററോടെ കിട്ടിയെന്ന് മുഖ്യമന്ത്രിയാണ് ആദ്യം മന്ത്രിസഭാ യോഗത്തെ അറിയിച്ചത്. ഇതിന് പിന്നാലെയായിരുന്നു സംഭവത്തിൻറെ ഗൗരവം കൂടിയെന്ന നിലക്ക് സിപിഐയുടെ രാഷ്ട്രീയ നിലപാട് റവന്യു മന്ത്രി കാബിനറ്റിൽ ഉന്നയിച്ചത്. എഡിജിപിയുടെ അന്വേഷണം പ്രഖ്യാപിച്ച സമയത്തെക്കാൾ സ്ഥിതി മാറിയെന്ന് കെ രാജൻ പറഞ്ഞു. പൂരം കലക്കലിൻറെ ഗൗരവം കൂടിയെന്നും ശക്തമായ അന്വേഷണവും നടപടിയും വേണമെന്നും കെ രാജൻ ആവശ്യപ്പെട്ടു. ആഭ്യന്തര സെക്രട്ടറിയുടെ ശുപാർശ കൂടി അറിഞ്ഞ് തുടർ നടപടിയെടുക്കാമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. 

എഡിജിപിയെ പൂർണ്ണമായും സംശയ നിഴലിൽ നിർത്തിയുള്ള ഡിജിപിയുടെ ശുപാർശയിലാണ് വീണ്ടും അന്വേഷണത്തിന് വഴിതുറക്കുന്നത്. സ്ഥലത്തുണ്ടായിട്ടും അജിത് കുമാർ എന്ത് ചെയ്തു,  എന്ത് കൊണ്ട് റിപ്പോർട്ട് നൽകാൻ അഞ്ച് മാസമെടുത്തു എന്ന ചോദ്യമാണ് ഡിജിപി ഉന്നയിച്ചത്. സിപിഐയും പ്രതിപക്ഷവും ഉയർത്തുന്ന സംശയങ്ങൾ പൊലീസ് മേധാവി കൂടി ഉന്നയിച്ചതോടെയാണ് പുതിയ അന്വേഷണം വേണമെന്ന സ്ഥിതിയിലേക്ക് സർക്കാറിനെയും എത്തിക്കുന്നത്. . ക്രൈം ബ്രാഞ്ച് അന്വേഷണത്തിനാണ് സാധ്യത. ഡിജിപി, അജിത് കുമാറിനെ കുറ്റപ്പെടുത്തുമ്പോൾ അജിത് കുമാർ തിരുമ്പാടി ദേവസ്വത്തെ സംശയനിഴലിൽ ആക്കുന്നുണ്ട്. 

click me!