മധുരയിൽ നടക്കുന്ന സിപിഎം 24ാം പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ പ്രമേയം അംഗീകരിച്ചു. കേരള സർക്കാർ നയങ്ങൾക്കെതിരെ പൊതുചർച്ചയിൽ ഉയർന്ന വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും കാരാട്ടിന്‍റെ മറുപടിക്ക് മുമ്പേ കേരളം തന്നെ ചർച്ചയിൽ മറുപടി നൽകി.
മധുര: മധുരയിൽ നടക്കുന്ന സിപിഎം 24ാം പാർട്ടി കോൺഗ്രസിൽ രാഷ്ട്രീയ പ്രമേയം അംഗീകരിച്ചു. ദേശീയ സഖ്യത്തിലും വിവാദമായ നവ ഫാസിസത്തിലും രാഷ്ട്രീയ ലൈൻ മാറാതെയാണ് പൊളിറ്റിക്കൽ ലൈൻ. കേരള സർക്കാർ നയങ്ങൾക്കെതിരെ പൊതുചർച്ചയിൽ ഉയർന്ന വിമർശനങ്ങൾക്കും ചോദ്യങ്ങൾക്കും കാരാട്ടിന്‍റെ മറുപടിക്ക് മുമ്പേ കേരളം തന്നെ ചർച്ചയിൽ വ്യക്തത വരുത്തിയതും ശ്രദ്ധേയമായി.
വരും നാളുകളിലേക്കുള്ള പാർട്ടിയുടെ ലൈൻ വരച്ചിടുകയാണ് മധുര പാർട്ടി കോൺഗ്രസ്. കോൺഗ്രസ് സഖ്യത്തിൽ ഏറ്റവും വല്യ ഘടകമായ കേരളത്തിന്‍റെ എതിർപ്പ് നില നിൽക്കുമ്പോഴും ഇന്ത്യ സഖ്യം വിട്ട് പുറത്തേക്കോ സംസ്ഥാന പാർട്ടികളെ കൂടെ നിർത്തി ഫെഡറൽ സഖ്യത്തിനോ സിപിഎമ്മില്ല. ബിജെപി വിരുദ്ധ ചേരി ശക്തിപ്പെടുത്തുമ്പോൾ പാർട്ടി സ്വതന്ത്രമായ ശക്തി വർധിപ്പിക്കണമെന്നാണ് ആഹ്വാനം.
മറ്റ് സംസ്ഥാനങ്ങളുടെ ചർച്ചയിലും കേരള സർക്കാരിന്‍റെ നയ വ്യതിയാനങ്ങളിലെ വിമർശനവും ചോദ്യങ്ങളും ഉയർന്നു. ആശ സമരത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ചവർക്ക് കേരളത്തിന് വേണ്ടി ചർച്ചയിൽ പങ്കെടുത്ത ടിഎൻ സീമ മറുപടി നൽകി. നടക്കുന്നത് സർക്കാരിനെ മോശപ്പെടുത്താനുള്ള എസ്‍യുസിഐ സമരമാണെന്നും അതേസമയം സ്കീം വർക്കർമാരുടെ വരുമാനം ഉയർത്താൻ കേന്ദ്രത്തിനെതിരെ ദേശീയ തലത്തിൽ പാർട്ടി സമരം ഏറ്റെടുക്കണമെന്നും കേരളം പറഞ്ഞു.
സ്വകാര്യ സർവകലാശാലയുമായി ബന്ധപ്പെട്ട എതിർപ്പുകൾക്കും വ്യവസായ നയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുമുള്ല മറുപടി കേരളം ജെയിക്ക് സി തോമസിന്‍റെ ചർച്ചയിൽ ഉൾപ്പെടുത്തി. മെറിറ്റും സംവരണവും ഉറപ്പാക്കുമെന്നാണ് കേരളം അവകാശപ്പെട്ടത്. എംബി രാജേഷും ഇന്ന് ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ചർച്ചക്കുശേഷം പൊളിറ്റ് ബ്യൂറോ കോ-ഓർഡിനേറ്റർ പ്രകാശ് കാരാട്ട് നൽകിയ മറുപടിയിലും കേരളത്തെ പ്രശംസിച്ചു.
വിദേശത്തേക്ക് വിദ്യാർത്ഥികളുടെ ഒഴുക്ക് കൂടിയതോടെയും കേന്ദ്ര നയങ്ങളും കാരണമാണ് കേരളത്തിൽ സ്വകാര്യ സർവകലാശാലകൾക്കായി സർക്കാർ തീരുമാനം എടുത്തെന്നും കേന്ദ്ര നേതൃത്വം വിശദീകരിച്ചു. സംഘടന റിപ്പോർട്ടും ഇന്ന് അവതരിപ്പിച്ചു. പിണറായി സർക്കാരിന്‍റെ നയ വ്യതിയാനങ്ങളിൽ മറ്റു സംസ്ഥാനങ്ങൾക്കുള്ള ആശങ്കയൊന്നും കാര്യമായി കേന്ദ്ര നേതൃത്വത്തിനില്ലെന്ന് വ്യക്തമാക്കുന്നതാണ് കാരാട്ടിന്‍റെ മറുപടി. കോൺഗ്രസ് ബന്ധം മാറ്റി നിർത്തിയാൽ മറ്റ് വിഷയങ്ങങ്ങളിലൊക്കെ കേരളം വരക്കുന്ന വര തന്നെയാണ് പാർട്ടിയുടെ ലൈൻ.