ഒന്നാം പിണറായി സർക്കാരിൽ കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളും ഇപ്രാവശ്യം സിപിഐ മന്ത്രിമാർക്ക് കിട്ടിയെങ്കിലും വനംവകുപ്പ് സിപിഐ വിട്ടു കൊടുത്തിരുന്നു
തിരുവനന്തപുരം: ഘടകക്ഷികൾക്കായി വിട്ടുകൊടുത്ത വനം വകുപ്പിന് പകരമായി വേറെ വകുപ്പുകൾ ചോദിക്കേണ്ടെന്ന് സിപിഐ തീരുമാനിച്ചു. സമാനമായ രീതിയിൽ സിപിഎം വൈദ്യുത വകുപ്പ് വിട്ടുകൊടുത്ത സാഹചര്യത്തിലാണ് മുന്നണി മര്യാദയുടെ പേരിൽ വനം വകുപ്പിന് പകരം വേറെ വകുപ്പ് കിട്ടണമെന്ന നിലപാടിൽ നിന്നും സിപിഐ പിന്നോട്ട് പോകുന്നത്. വകുപ്പ് വിഭജനത്തിൽ ഒരു തരത്തിലുള്ള അപസ്വരവും വേണ്ടെന്ന മുന്നണി നേതൃത്വത്തിൻ്റെ താത്പര്യമാണ് ഒത്തുതീർപ്പിലെത്താൻ സിപിഐയെ പ്രേരിപ്പിച്ചത്.
ഒന്നാം പിണറായി സർക്കാരിൽ കൈകാര്യം ചെയ്ത എല്ലാ വകുപ്പുകളും ഇപ്രാവശ്യം സിപിഐ മന്ത്രിമാർക്ക് കിട്ടിയെങ്കിലും വനംവകുപ്പ് സിപിഐ വിട്ടു കൊടുത്തിരുന്നു. വനം വകുപ്പ് എൻസിപിക്ക് വിട്ടു നൽകിയ സിപിഎം എൻസിപി കൈകാര്യം ചെയ്തിരുന്ന ഗതാഗതവകുപ്പ് ജനാധിപത്യ കേരള കോൺഗ്രസ് എംഎൽഎ ആൻ്റണി രാജുവിന് നൽകിയിരുന്നു. ജലവിഭവവകുപ്പ് കേരള കോൺഗ്രസ് എമ്മിന് നൽകുകയും നേരത്തെ ഇതേ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ജെഡിഎസിന് സിപിഎം തങ്ങളുടെ കൈവശമുണ്ടായിരുന്ന വൈദ്യുതി വകുപ്പ് വിട്ടു കൊടുത്തിരുന്നു.
അതേസമയം വകുപ്പ് വിഭജനത്തിൽ ഏതാണ്ട് ധാരണയായെങ്കിലും ചെറിയ വകുപ്പുകളുടെ കാര്യത്തിലും ഇനിയും വ്യത്യാസമുണ്ടായേക്കാം എന്നാണ് സൂചന. കേരള കോൺഗ്രസിന് വകുപ്പിന് ചില ചെറുവകുപ്പുകൾ കൂടി കിട്ടിയേക്കും എന്നാണ് സൂചന. ചില മന്ത്രിമാർക്കും ചില ചെറുവകുപ്പുകൾ കൂടി അധികമായി കിട്ടും. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനമായിരിക്കും അന്തിമം.