തിരുവനന്തപുരത്ത് അനർഹത ഇല്ലാത്തവർക്ക് വാക്സീൻ നൽകിയെന്ന് പരാതി. പ്രോട്ടോക്കോൾ പാലിച്ചില്ലെന്നും പരാതി ഉയരുന്നുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്ത് പലയിടത്തും കൊവിഡ് വാക്സീന് ക്ഷാമം. തിരുവനന്തപുരത്ത് അനർഹത ഇല്ലാത്തവർക്ക് വാക്സീൻ നൽകിയെന്ന് പരാതി. പ്രോട്ടോക്കോൾ പാലിച്ചില്ലെന്നും പരാതി ഉയരുന്നുണ്ട്. വാക്സീന് ക്ഷാമം നേരിട്ടതോടെ സ്വകാര്യ ആശുപത്രിയിൽ നിയന്ത്രണം ഏർപ്പെടുത്തി. ഒരു ദിവസം 10 പേർക്ക് മാത്രമാണ് വാക്സീൻ നൽകുന്നത്. കോഴിക്കോട് ജില്ലയിൽ ഇന്ന് ഒരിടത്തും വാക്സിനേഷനില്ല. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ബുക്ക് ചെയ്തവർക്ക് കൊടുക്കാനുള്ള വാക്സിൻ മാത്രമാണ് ജില്ലയിൽ അവശേഷിക്കുന്നത്. ചൊവ്വാഴ്ച വാക്സീൻ എത്തുന്നതോടെ നിയന്ത്രണം പിൻവലിക്കുമെന്ന് വാക്സീൻ ഓഫീസർ അറിയിച്ചു.
അതേസമയം, എറണാകുളം ജില്ലയിൽ നിലവിലുള്ള വാക്സീൻ സെൻ്ററുകളിൽ ആവശ്യമായ വാക്സീൻ ഡോസുകളുണ്ടെന്ന് ഡിഎംഒ അറിയിച്ചു. പത്തനംതിട്ടയിൽ 73 കേന്ദ്രങ്ങളിൽ വാക്സിനേഷൻ നല്‍കുന്നത്. ബുധൻ ഞായർ ദിവസങ്ങളിൽ വാക്സിനേഷൻ ഇല്ല. ആവശ്യമായ വാക്സിൻ ലഭ്യമാണ്. ഇതുവരെ കുറവുണ്ടായിട്ടില്ല എന്നാണ് വിവരം. തൃശ്ശൂരിൽ രണ്ട് ദിവസതേക്കുള്ള വാക്‌സിൻ ഉണ്ട്. അത് കഴിഞ്ഞാൽ ക്ഷാമമാകും. നിലവിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കാണ് വാക്‌സിൻ നൽകുന്നത്. പൊതുജനത്തിന് എണ്ണം പരിമിതപ്പെടുത്തിയിട്ടുണ്ട്. സ്പോട് രജിസ്ട്രേഷന് നിർത്തിയിരിക്കുകയാണ്.
വയനാട്ടിൽ 36 കേന്ദ്രങ്ങളിൽ വാക്സിനേഷൻ നൽകിയിരുന്നത് 11 കേന്ദ്രങ്ങളായി കുറച്ചു. ജില്ലാ താലൂക്ക് ആശുപത്രികൾ സിവിൽ സ്റ്റേഷൻ എന്നിവിടങ്ങളിൽ മാത്രമായിരിക്കും നാളെ മുതൽ വാക്സിനേഷൻ ഉണ്ടാവുക. നിലവിലെ നിയന്ത്രണം താൽക്കാലികമെന്ന് ജില്ലാ ആരോഗ്യ വകുപ്പ് അറിയിച്ചു. ഒമ്പതാം തീയതി വാക്സിൻ എത്തുന്നതോടെ പ്രശ്നം പരിഹരിക്കാനാകും. വയനാട്ടിൽ 25 കേന്ദ്രങ്ങളിൽ എ വാക്സിനേഷൻ താൽക്കാലികമായി നിർത്തി.