നമ്മൾ ആവശ്യപ്പെട്ട അളവിൽ വാക്സിൻ കേന്ദ്ര സർക്കാരിൽ നിന്നും ലഭ്യമായാൽ മൂന്നോ നാലോ മാസങ്ങൾക്കകം സാമൂഹിക പ്രതിരോധം ആർജ്ജിക്കാൻ സാധിക്കും.
തിരുവനന്തപുരം: കേരളം കൊവിഡിനെതിരെ സാമൂഹിക പ്രതിരോധം നേടാനുള്ള തയ്യാറെടുപ്പിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വാക്സിൻ ക്ഷാമമില്ലെങ്കിൽ മൂന്നോ നാലോ മാസത്തിനകം കേരളം കൊവിഡ് പ്രതിരോധം നേടുമെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മുഖ്യമന്ത്രിയുടെ വാക്കുകൾ...
undefined
വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് അതു വേഗത്തിലും ചിട്ടയായും വിതരണം ചെയ്യാൻ സാധിക്കുന്നുണ്ട്. നമ്മൾ ആവശ്യപ്പെട്ട അളവിൽ വാക്സിൻ കേന്ദ്ര സർക്കാരിൽ നിന്നും ലഭ്യമായാൽ മൂന്നോ നാലോ മാസങ്ങൾക്കകം സാമൂഹിക പ്രതിരോധം ആർജ്ജിക്കാൻ സാധിക്കും. 25 ശതമാനം വാക്സിൻ സ്വകാര്യ ആശുപത്രികൾ വഴി ആയിരിക്കും വിതരണം ചെയ്യുക എന്ന് കേന്ദ്ര സർക്കാർ പറഞ്ഞിരുന്നെങ്കിലും കേന്ദ്ര സർക്കാർ മുഖേന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലേയ്ക്ക് വാക്സിൻ വിതരണം ചെയ്യപ്പെടുന്നില്ല. നിലവിൽ അവർ മറ്റു ഏജൻസികൾ വഴിയാണ് വാക്സിൻ വാങ്ങി വിതരണം ചെയ്യുന്നത്. ഇത്തരത്തിൽ വാക്സിൻ ലഭ്യതയിൽ രാജ്യമൊന്നാകെ നിലവിൽ നേരിടുന്ന പ്രതിസന്ധി പരിഹരിച്ചാൽ മാത്രമേ നമുക്ക് സാമൂഹിക പ്രതിരോധമെന്ന ലക്ഷ്യം കൈവരിക്കാൻ സാധിക്കുകയുള്ളൂ.
ജൂൺ 29 വരെയുള്ള കണക്കുകൾ പ്രകാരം 1,38,62,459 ഡോസ് വാക്സിനാണ് സംസ്ഥാനത്ത് വിതരണം ചെയ്തിട്ടുള്ളത്. ആരോഗ്യപ്രവർത്തകർക്കിടയിൽ 5,36,218 പേർക്ക് ആദ്യ ഡോസും 4,26,853 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. മറ്റു മുൻനിര പ്രവർത്തകരിൽ 5,51,272 പേർക്ക് ആദ്യ ഡോസും 4,29,737 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. 45 വയസ്സിനു മുകളിലുള്ള 78,12,226 പേർക്ക് ആദ്യ ഡോസും 22,76,856 പേർക്ക് രണ്ടു ഡോസുകളും നൽകി. 18 മുതൽ 44 വയസ്സു വരെയുള്ള 18,05,308 പേർക്ക് ആദ്യ ഡോസും 23,989 പേർക്ക് രണ്ടു ഡോസുകളും വിതരണം ചെയ്തു. സംസ്ഥാനത്ത് ഇതുവരെ മൊത്തം 1,07,05,024 പേർക്കാണ് ആദ്യ ഡോസ് ലഭിച്ചത്. 31,57,435 പേർക്ക് രണ്ടു ഡോസുകളും നൽകി. മൊത്തം ജനസംഖ്യയുടെ 40 ശതമാനം ആളുകൾക്ക് ആദ്യത്തെ ഡോസും 12 ശതമാനം ആളുകൾക്ക് രണ്ടു ഡോസുകളും നൽകാൻ സാധിച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona