രാജ്യത്ത് കൊവിഡ് വാക്സീൻ കുത്തിവയ്പ്പ് നാളെ മുതൽ; ആദ്യദിവസം മൂന്ന് ലക്ഷം പേർക്ക് വാക്സീൻ നൽകും

By Web Team  |  First Published Jan 15, 2021, 6:27 AM IST

സംസ്ഥാനത്ത് നാളെ രാവിലെ 9 മണി മുതൽ കൊവിഡ് വാക്സിൻ കുത്തിവയ്പ് തുടങ്ങും. 133 കേന്ദ്രങ്ങളിൽ ആയി 100 വീതം പേർക്കാണ് ഓരോ ദിവസവും കുത്തിവയ്പ്പ് നൽകുക. 4,33,500 ഡോസ് വാക്സിൻ ബുധനാഴ്ച ആണ് കേരളത്തിൽ എത്തിച്ചത്.


ദില്ലി: രാജ്യത്ത് കൊവിഡ് വാക്സീൻ കുത്തിവയ്പ്പ് നാളെ തുടങ്ങും. മൂന്നുലക്ഷം പേർക്കാണ് ആദ്യഘട്ടത്തിൽ വാക്സീൻ നൽകുന്നത്. പ്രധാനമന്ത്രിയാണ് വാക്സീൻ വിതരണം ഉദ്ഘാടനം ചെയ്യുക. തുടർന്ന് അദ്ദേഹം ആരോഗ്യപ്രവർത്തകരുമായി സംവദിക്കും. രാജ്യമൊട്ടാകെ 2,934 വാക്സീനേഷൻ ബൂത്തുകൾ സജ്ജീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് നാളെ രാവിലെ 9 മണി മുതൽ കൊവിഡ് വാക്സിൻ കുത്തിവയ്പ് തുടങ്ങും. 133 കേന്ദ്രങ്ങളിൽ ആയി 100 വീതം പേർക്കാണ് ഓരോ ദിവസവും കുത്തിവയ്പ്പ് നൽകുക. 4,33,500 ഡോസ് വാക്സിൻ ബുധനാഴ്ച ആണ് കേരളത്തിൽ എത്തിച്ചത്. ആദ്യ ഘട്ടത്തിൽ 3,62,870 ആരോഗ്യ പ്രവർത്തകർക്ക് ആണ് വാക്സീൻ നൽകുന്നത്. 

Latest Videos

വാക്സിനുകളായ കൊവിഷീല്‍ഡിനോ, കൊവാക്സിനോ പാര്‍ശ്വഫലങ്ങളുണ്ടായാല്‍ പൂര്‍ണ്ണ ഉത്തരവാദിത്വം നിര്‍മ്മാണ കമ്പനികളായ സിറം ഇൻസ്റ്റിറ്റ്യൂട്ടിനും, ഭാരത് ബയോ ടെക്കിനുമായിരിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. ഡ്രഗ്സ് ആന്‍റ് കോസ്മെറ്റിക്സ് ആക്ട് അനുസരിച്ചുള്ള നിയമ നടപടികൾ കമ്പനികള്‍ നേരിടണം. വ്യക്തികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

അടിയന്തര സാഹചര്യത്തില്‍ നടത്തിയ വാക്സീന്‍ ഉല്‍പാദനത്തില്‍ തിരിച്ചടികള്‍ ഉണ്ടായാല്‍ കേന്ദ്രം കൂടി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന്  സര്‍ക്കാരുമായി കരാറിലേര്‍പ്പെട്ടപ്പോള്‍ മരുന്ന് കമ്പനികള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ എല്ലാ വാക്സിനേഷനുകളിലും ഇത് തന്നെയാണ് രീതിയെന്നും, കൊവിഡ് വാക്സിനേഷനെ പ്രത്യേകമായി കാണേണ്ടതില്ലെന്നുമാണ് കമ്പനികള്‍ക്ക് നല്‍കിയ മറുപടിയില്‍ കേന്ദ്രം വ്യക്തമാക്കിയത്. 

ശനിയാഴ്ച തുടങ്ങുന്ന വാക്സിനേഷന് മൂവായിരം ബൂത്തുകളാണ് രാജ്യമൊട്ടാകെ സജ്ജമാക്കിയിരിക്കുന്നത്. ഒരു ബൂത്തില്‍ ഒരേ വാക്സീന്‍ തന്നെയാകണം രണ്ട് തവണയും നല്‍കേണ്ടത്. കൊവിഷീല്‍ഡോ, കൊവാക്സിനോ എന്നത് അതാതിടങ്ങളിലെ ലഭ്യതക്കനുസരിച്ച് തീരുമാനിക്കാമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. 

click me!