പ്രതിരോധം 2.0: 60 വയസ്സിന് മുകളിലുള്ളവർക്ക് സൗജന്യ വാക്സിനേഷൻ മാർച്ച് ഒന്ന് മുതൽ

By Web Team  |  First Published Feb 24, 2021, 3:45 PM IST

അറുപത് വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും, 45 വയസ്സിന് മുകളിൽ പ്രായമുള്ള ജീവിതശൈലീ രോഗങ്ങളുള്ളവർക്കുമാണ് മാർച്ച് 1 മുതൽ സൗജന്യവാക്സിനേഷൻ നടത്തുക. രാജ്യത്ത് ആരോഗ്യപ്രവർത്തകർക്കായുള്ള ഒന്നാംഘട്ടവാക്സിനേഷനാണ് ഇപ്പോൾ നടക്കുന്നത്. 


ദില്ലി: രാജ്യത്തെ രണ്ടാംഘട്ട വാക്സിനേഷൻ മാർച്ച് 1 ന് തുടങ്ങും. അറുപത് വയസ്സിന് മുകളിലുള്ളവർക്കാണ് സൗജന്യവാക്സീൻ നൽകുന്നത്. ഒപ്പം 45 വയസ്സിന് മുകളിൽ പ്രായമുള്ള ജീവിതശൈലീ രോഗങ്ങളുള്ളവർക്കും സൗജന്യവാക്സീൻ നൽകും. രാജ്യത്ത് ആരോഗ്യപ്രവർത്തകർക്കായുള്ള ഒന്നാംഘട്ടവാക്സിനേഷനാണ് ഇപ്പോൾ നടക്കുന്നത്. 

പതിനായിരം സർക്കാർ കേന്ദ്രങ്ങളിലും ഇരുപതിനായിരം സ്വകാര്യകേന്ദ്രങ്ങളിലുമായിട്ടാകും വാക്സിനേഷൻ നടത്തുക. ഇതിൽ സർക്കാർ കേന്ദ്രങ്ങളിൽ വാക്സീൻ നൽകുന്നത് സൗജന്യമായിട്ടാകും. 

Latest Videos

രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കുറഞ്ഞതിന് പിന്നാലെ വീണ്ടും വലിയ വർദ്ധന വന്ന പശ്ചാത്തലത്തിൽക്കൂടിയാണ് രണ്ടാംഘട്ട വാക്സിനേഷൻ നടത്തുന്നത്. ജനിതകവ്യത്യാസം വന്ന കൊവിഡ് വേരിയന്‍റുകൾ മൂലമാണോ രാജ്യത്തെ കൊവിഡ് ബാധ കുത്തനെ കൂടിയതെന്ന സംശയം പല ആരോഗ്യവിദഗ്ധരും ഉന്നയിച്ചിരുന്നു. എന്നാൽ അതല്ല കാരണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. രാജ്യത്ത് നിലവിലുള്ള കൊവിഡ് കേസുകളിൽ 75 ശതമാനവും മഹാരാഷ്ട്രയിലും കേരളത്തിലുമാണ്. നിലവിൽ 1,47,00ത്തോളം പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കേരളത്തിലും മഹാരാഷ്ട്രയിലും കൂടുതൽ വേഗത്തിൽ വാക്സീൻ വിതരണം നടത്തണമെന്ന ആവശ്യം സജീവമാണ്. 

രാജ്യത്ത് ഇതുവരെ 11 മില്യൺ കൊവിഡ് രോഗബാധിതരാണ് ഉണ്ടായിട്ടുള്ളത്. അമേരിക്ക കഴിഞ്ഞാൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ രണ്ടാംസ്ഥാനം ഇന്ത്യയ്ക്കാണ്. 1,56,000 പേർ ഇത് വരെ കൊവിഡ് ബാധിച്ച് മരിച്ചു. കേന്ദ്രആരോഗ്യമന്ത്രാലയം വിപുലമായി ആന്‍റിബോഡികൾ പരിശോധിച്ച പശ്ചാത്തലത്തിൽ രാജ്യത്തെ യഥാർത്ഥ കൊവിഡ് ബാധിതരുടെ എണ്ണം റിപ്പോർട്ട് ചെയ്തതിനേക്കാൾ എത്രയോ കൂടുതലാകാമെന്ന് വ്യക്തമാവുകയും ചെയ്തിരുന്നു. 

ജനിതകഭേദം വന്ന കൊവിഡ് വൈറസുകൾ മൂന്നെണ്ണമാണ് രാജ്യത്ത് പ്രധാനമായും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഏറ്റവും പ്രധാനം N440K, E484Q എന്നിവയാണ്.  യുകെ വകഭേദം ഇതുവരെ 187 പേരിൽ കണ്ടെത്തി. സൗത്ത് ആഫ്രിക്കയിൽ കണ്ടെത്തിയ വൈറസ് വകഭേദം ആറ് പേർക്കാണ് കണ്ടെത്തിയത്. ബ്രസീലിയൻ മ്യൂട്ടേഷൻ ഒരാളിലും കണ്ടെത്തി. 

രോഗബാധിതർ പെട്ടെന്ന് കൂടിയ സംസ്ഥാനങ്ങളിലേക്ക് പ്രത്യേക കേന്ദ്രസംഘങ്ങളെ നിയോഗിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. മഹാരാഷ്ട്ര, കേരളം, ഗുജറാത്ത്, പ‍ഞ്ചാബ്, കർണാടക, ജമ്മുകശ്മീർ എന്നീ സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രസംഘമെത്തുക. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ജോയന്‍റ് സെക്രട്ടറി തല ഉദ്യോഗസ്ഥരാകും സംഘത്തിലുണ്ടാകുക. ഓരോ സംഘത്തിലും മൂന്ന് പേരുണ്ടാകും. എന്താണ് രോഗബാധിതരുടെ എണ്ണം കൂടാൻ കാരണമെന്ന് ഈ സംഘം വിശദമായി പഠിക്കും. പ്രതിരോധപ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കും. ഈ സംസ്ഥാനങ്ങളിൽ ആർടിപിസിആർ ടെസ്റ്റിംഗ് കൂട്ടാനും നിർദേശം നൽകിയിട്ടുണ്ട്. 

click me!