തൃശ്ശൂരിൽ ട്രിപ്പിൾ ലോക് ഡൗൺ പിൻവലിച്ചു; മുൻകാല നിയന്ത്രണങ്ങൾ തുടരും, മാർക്കറ്റുകൾ തുറക്കില്ല

By Web Team  |  First Published May 22, 2021, 6:05 PM IST

മരണം, ചികിത്സ എന്നിവയ്ക്ക് മാത്രമേ ആളുകൾക്ക് പുറത്ത് ഇറങ്ങാൻ സാധിക്കൂ. മറ്റ് അവശ്യങ്ങൾക്ക് ഇറങ്ങുന്നവർക്ക് പാസ്, സത്യവാങ്മൂലം എന്നിവ നിർബന്ധമാക്കി.


തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ ട്രിപ്പിൾ ലോക് ഡൗൺ പിൻവലിച്ചു. എന്നാൽ മുൻകാല നിയന്ത്രണങ്ങൾ തുടരും. ചൊവ്വാഴ്ച വരെ കർശന നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകാനാണ് തീരുമാനം. അതിന് ശേഷം ഉന്നതതല സമിതി യോഗം ചേർന്ന് തുടർപ്രവർത്തനങ്ങൾ വിലയിരുത്തും. മാർക്കറ്റുകൾ തുറക്കില്ല. മരണം, ചികിത്സ എന്നിവയ്ക്ക് മാത്രമേ ആളുകൾക്ക് പുറത്ത് ഇറങ്ങാൻ സാധിക്കൂ. മറ്റ് അവശ്യങ്ങൾക്ക് ഇറങ്ങുന്നവർക്ക് പാസ്, സത്യവാങ്മൂലം എന്നിവ നിർബന്ധമായും കരുതണം. കണ്ടൈയ്മെന്‍റ് സോൺ നിലനിൽകുന്ന മേഖലകളിൽ അത്തരം നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു.

ജില്ലയില്‍ ഇന്ന് 2404 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ 2395 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 5 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉറവിടം അറിയാത്ത 4 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്. അതേസമയം, 7353 പേര്‍ രോഗമുക്തരായി. നിലവിൽ 21,150 ആളുകളാണ് ജില്ലയില്‍ രോഗബാധിതരായി ചികിത്സയിലുള്ളത്. തൃശ്ശൂര്‍ സ്വദേശികളായ 87 പേര്‍ മറ്റ് ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 2,19,288 പേർക്കാണ് ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 1,96,853 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. 21.19% ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

Latest Videos

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!