റിമാൻഡ് തടവുകാർക്ക് നേരിട്ട് ജയിലിലേക്ക് പ്രവേശനമില്ല; കൊണ്ടുപോകുക കൊവിഡില്ലെന്ന് സ്ഥിരീകരിച്ചാൽ മാത്രം

By Web Team  |  First Published May 28, 2020, 7:40 PM IST

സർക്കാർ-സ്വകാര്യ ആശുപത്രികളും ഹോസ്റ്റലുകളുമാണ് റിമാൻഡ് പ്രതികളെ പാർപ്പിക്കാനായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്നത്. കൊവിഡ് പരിശോധനാഫലം നെ​ഗറ്റീവാണെങ്കിൽ മാത്രമേ ഇവരെ ജയിലുകളിലേക്ക് കൊണ്ടുപോകൂ. 


തിരുവനന്തപുരം: സംസ്ഥാനത്ത് റിമാൻഡ് തടവുകാരെ ഇനി നേരിട്ട് ജയിലിൽ പ്രവേശിപ്പിക്കില്ല.  റിമാൻഡിലുള്ള പ്രതികളെ പാർപ്പിക്കാൻ 14 ജില്ലകളിലും പ്രത്യേക കേന്ദ്രങ്ങൾ തുടങ്ങി. കണ്ണൂരിലും തിരുവനന്തപുരത്തും റിമാൻഡ് തടവുകാർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം.

സർക്കാർ-സ്വകാര്യ ആശുപത്രികളും ഹോസ്റ്റലുകളുമാണ് റിമാൻഡ് പ്രതികളെ പാർപ്പിക്കാനായി പ്രത്യേകം സജ്ജമാക്കിയിരിക്കുന്നത്. കൊവിഡ് പരിശോധനാഫലം നെ​ഗറ്റീവാണെങ്കിൽ മാത്രമേ ഇവരെ ജയിലുകളിലേക്ക് കൊണ്ടുപോകൂ. ജയിൽ ഉദ്യോ​ഗസ്ഥർക്കാണ് ഈ പ്രത്യേക കേന്ദ്രങ്ങളുടെ സംരക്ഷണ ചുമതല. 

Latest Videos

undefined

തിരുവനന്തപുരത്തും കണ്ണൂരും പൊലീസ് അറസ്റ്റ് ചെയ്തവർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ വ്യക്തമാക്കി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ കഴിഞ്ഞ ദിവസം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ തുടർനടപടിയായാണ് പ്രത്യേക കേന്ദ്രങ്ങൾ തുറന്നിരിക്കുന്നത്. 

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റിലാകുന്നവരെ കോടതിയില്‍ ഹാജരാക്കുന്നതിനുമുന്‍പ് ഇനിമുതല്‍ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുവരേണ്ടതില്ലെന്നും നിർദ്ദേശത്തിലുണ്ടായിരുന്നു. ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം അറസ്റ്റിലാകുന്നവരെ കൊണ്ടുവരുന്നതിനുള്ള സബ് ഡിവിഷണല്‍ ഡിറ്റെന്‍ഷന്‍-കം-പ്രൊഡക്ഷന്‍ സെന്‍ററായി ഉപയോഗിക്കുന്നതിനുള്ള കെട്ടിടം ജില്ലാ പൊലീസ് മേധാവിയും ഡിവൈഎസ്പിയും ചേര്‍ന്ന് കണ്ടെത്തണം. കെട്ടിടം കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ ഡിവൈഎസ്പിയുടെ ഓഫീസ് ഇതിനായി ഉപയോഗിക്കും. ഡിവൈഎസ്പിക്ക് അടുത്ത പൊലീസ് സ്റ്റേഷനോ വസതിയോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. അറസ്റ്റിനുശേഷമുള്ള വൈദ്യപരിശോധന കഴിഞ്ഞ് കുറ്റവാളിയെ ഈ കേന്ദ്രത്തിലേക്കാണ് ഇനിമുതല്‍ കൊണ്ടുവരിക. പരമാവധി കുറച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ മാത്രമേ ഈ നടപടികളില്‍ പങ്കാളികളാകൂ. ഇത്തരം കേന്ദ്രങ്ങളില്‍ ഒരു ജനറല്‍ ഡയറി സൂക്ഷിക്കും. ഒരു സബ് ഇന്‍സ്പെക്ടറെയും നിയോഗിക്കും. 

കുറ്റവാളിക്ക് കൊവിഡ് 19 സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ഈ കേന്ദ്രത്തിലെ എസ്ഐയ്ക്കും അറസ്റ്റിനും തുടര്‍നടപടികള്‍ക്കും നേതൃത്വം നല്‍കിയ പൊലീസുകാര്‍ക്കും മാത്രമേ നിരീക്ഷണത്തില്‍ പോകേണ്ടിവരൂ. അറസ്റ്റ് ചെയ്യുമ്പോള്‍ കുറ്റവാളികളെ സ്പര്‍ശിക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിര്‍ദ്ദേശിച്ചിരുന്നു.


 

click me!