കേന്ദ്രം 24 ന് അയച്ച കത്ത് കേരളം പൂഴ്ത്തി വെക്കുന്നു. പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ ഓരോ സംസ്ഥാനത്തിനും ഓരോ നിലപാട് പ്രായോഗികമല്ലെന്നാണ് ആ കത്തിൽ വ്യക്തമാക്കിയത്
ദില്ലി: കൊവിഡിനെ ചെറുക്കാനുള്ള യുദ്ധത്തിനിടെ സംസ്ഥാന സർക്കാർ അൽപ്പത്തരം കാണിക്കുന്നുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. കേന്ദ്ര വിദേശകാര്യ മന്ത്രാലയം സംസ്ഥാന ചീഫ് സെക്രട്ടറിക്ക് അയച്ചത് അഭിനന്ദന കത്തല്ലെന്നും അദ്ദേഹം പറഞ്ഞു.
കോംപ്ലിമെന്റ്, കൺഗ്രാജുലേഷൻസ് എന്നീ ഇംഗ്ലീഷ് വാക്കുകളെ കുറിച്ച് അറിയാത്തവരാണോ മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളത്. കൊവിഡ് പരിശോധന നടത്തി നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രമേ കൊണ്ടു വരാവൂ എന്നാണ് ആദ്യം കേരളം കത്തിലൂടെ അറിയിച്ചത്. പിന്നീട് ഇത് നടപ്പിലാക്കാൻ സമയ പരിധി നീട്ടണമെന്നാവശ്യപ്പെട്ട് കത്ത് നൽകി. ഇതിൽ നിന്നെല്ലാം പിന്നീട് പിന്മാറി. നേരത്തെ ഉന്നയിച്ച കാര്യങ്ങളിൽ നിന്ന് പിൻമാറിയെന്ന കാര്യം ഗൾഫിലെ അംബാസിഡർമാരെ അറിയിക്കാം എന്നാണ് കേന്ദ്രസർക്കാർ കത്തിലൂടെ പറഞ്ഞത്.
കേന്ദ്രം 24 ന് അയച്ച കത്ത് കേരളം പൂഴ്ത്തി വെക്കുന്നു. പ്രവാസികളെ തിരിച്ചെത്തിക്കുന്ന കാര്യത്തിൽ ഓരോ സംസ്ഥാനത്തിനും ഓരോ നിലപാട് പ്രായോഗികമല്ലെന്നാണ് ആ കത്തിൽ വ്യക്തമാക്കിയത്. 25 ന് അയച്ച കത്ത് അഭിനന്ദനം എന്നു പറഞ്ഞ് പുറത്തു വിടുന്നു. കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള കത്തിടപാടിൽ സ്വീകരിക്കുന്ന മാന്യതയാണ് അതിലെ വാക്കുകൾ. സംസ്ഥാനം ഈ യുദ്ധത്തിനിടെ അൽപത്തരം കാണിക്കുന്നു. പിആർ വർക്കിനായി ഇതൊക്കെ ഉപയോഗിക്കുന്നുവെന്നും മുരളീധരൻ കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് സൂപ്പർ സ്പ്രഡ് എന്ന് പറഞ്ഞ് പ്രവാസികളെ അപമാനിച്ചു. താൻ ഉന്നയിച്ച ആറ് കാര്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. എനിക്ക് വ്യക്തതയില്ലെന്നാണ് പറഞ്ഞത്. സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കണം എന്ന് ഞാൻ ആവശ്യപ്പെട്ടപ്പോൾ അത് ആദ്യം തള്ളി. ഇന്നലെ മുഖ്യമന്ത്രി തന്നെ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കുമെന്ന് പറയുന്നുവെന്നും മുരളീധരൻ വിമർശിച്ചു.