ഉറവിടമറിയാത്ത ഒന്നോ രണ്ടോ കേസുകളല്ല, നിരവധി കേസുകളാണ് സംസ്ഥാനത്ത് ഉണ്ടാകുന്നത് എന്നതാണ് ആശങ്ക കൂട്ടുന്നത്. ടെസ്റ്റിംഗ് കൂട്ടാൻ കേരളം തീരുമാനിക്കുകയാണ്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം.
തിരുവനന്തപുരം: ഇന്ന് കേരളത്തിൽ 84 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3 പേർക്ക് രോഗമുക്തി. അഞ്ച് പേരൊഴിച്ച് പുതുതായി രോഗം സ്ഥിരീകരിച്ച 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണ്. തെലങ്കാന സ്വദേശിയായ ഒരാളും ഇന്ന് കേരളത്തിൽ വച്ച് കൊവിഡ് ബാധ മൂലം മരിച്ചു. പടരുകയാണ് ആശങ്ക.
31 പേർ വിദേശത്ത് നിന്നും 48 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുമെത്തി. മൂന്ന് പേർക്ക് നെഗറ്റീവായി. ഒരു മരണം കൂടിയുണ്ടായി. തെലങ്കാന സ്വദേശിയാണ് മരിച്ചത്. തെലങ്കാനയിലേക്ക് പോകേണ്ട അദ്ദേഹവും കുടുംബവും 22 ന് രാജസ്ഥാനിൽ നിന്നുള്ള ട്രെയിനിൽ തെറ്റിക്കയറി തിരുവനന്തപുരത്ത് എത്തിയതാണ്. പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ: കാസർകോട് 18, പാലക്കാട് 16, കണ്ണൂർ 10 മലപ്പുറം എട്ട്, തിരുവനന്തപുരം, തൃശ്ശൂർ ഏഴ്, കോഴിക്കോട് ആറ്.
പോസിറ്റീവായവരിൽ 31 പേർ മഹാരാഷ്ട്രയിൽ നിന്ന് വന്നവരാണ്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒന്ന് വീതം നെഗറ്റീവായി. ഇതുവരെ 1088 പേർക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 526 പേർ നിലവിൽ ചികിത്സയിലാണ്. 1,15,297 പേരാണ് നിരീക്ഷണത്തിലുള്ളത്. 1,14,305 പേർ വീടുകളിലോ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലോ ആണ്. 210 പേരെ ആശുപത്രിയിൽ ഇന്ന് പ്രവേശിപ്പിച്ചു. 60,685 സാമ്പിളുകൾ പരിശോധിച്ചതിൽ 58,460 എണ്ണം നെഗറ്റീവായി. മുൻഗണനാ വിഭാഗത്തിലെ 9937 സാമ്പിളുകൾ ശേഖരിച്ചതിൽ 9217 എണ്ണം നെഗറ്റീവാണ്. ആകെ 82 ഹോട്ട്സ്പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. പുതുതായി ആറ് ഹോട്ട്സ്പോട്ട്. കാസർകോട് മൂന്നും പാലക്കാട് രണ്ടും ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയും.
ഏറ്റവും കൂടുതൽ പേർ ചികിത്സയിലുള്ളത് പാലക്കാട്ടാണ്. 105 പേർ. തൊട്ടുപിന്നിൽ കണ്ണൂർ 93, കാസർകോട് 63 എന്നിങ്ങനെയാണ് കണക്ക്.
സന്നദ്ധപ്രവർത്തകർ തയ്യാറാകണം
കൊവിഡിനെതിരെ ജനങ്ങൾ ഒരുമിച്ച് നിന്നാണ് പൊരുതുന്നത്. സാമൂഹിക സന്നദ്ധ സേനയിലെ വളണ്ടിയർമാർ തികഞ്ഞ അർപ്പണ ബോധത്തോടെ രംഗത്തുണ്ട്. പ്രാദേശിക തലത്തിൽ പൊലീസിനൊപ്പം പട്രോളിങിലും മറ്റും അവർ പങ്കാളികളാണ്. അവശ്യ മരുന്നുകളെത്തിക്കുക, ക്വാറന്റൈനിൽ കഴിയുന്നവരെ നിരീക്ഷിക്കുക തുടങ്ങിയ സേവനങ്ങൾ നടത്തുന്നു. 'വയോമിത്രം' പ്രവർത്തനത്തിലും പങ്കാളികളാകുന്നു. ദുരന്ത പ്രതിരോധത്തിൽ യുവജന ശക്തിയെ ഉപയോഗിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സേനയെ രൂപീകരിച്ചത്. ജനസംഖ്യയിലെ നൂറ് പേർക്ക് ഒരു വളണ്ടിയർ എന്ന കണക്കിൽ 3.40 ലക്ഷം പേരുടെ സേന രൂപീകരിക്കാനാണ് ലക്ഷ്യമിട്ടത്. 3.37 ലക്ഷം പേർ രജിസ്റ്റർ ചെയ്തു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സാമൂഹിക സന്നദ്ധ സേനയുടെ സാന്നിധ്യമുണ്ട്.
രോഗപ്രതിരോധത്തിന് വാർഡ് തല സമിതിയിൽ വളണ്ടിയർമാർ പ്രവർത്തിക്കണം. തദ്ദേശ സ്ഥാപനങ്ങളാണ് ഇത് ഏകോപിപ്പിക്കേണ്ടത്. അഗ്നിരക്ഷാ സേനയ്ക്കും പൊലീസിനുമൊപ്പം പ്രവർത്തിക്കണം. പ്രായോഗിക പരിശീലനം ലഭിക്കും. പ്രത്യേക പരിശീലനം നൽകുന്നതിനും പദ്ധതി തയ്യാറാക്കി. കൊവിഡിന്റെ ഭാഗമായ നിയന്ത്രണങ്ങളുള്ളതിനാൽ ഓൺലൈൻ പരിശീലനം നൽകും. ജൂൺ 15 ന് മുൻപ് 20000 പേർക്കും ജൂലൈയിൽ 80000 പേർക്കും ആഗസ്റ്റിൽ ഒരു ലക്ഷം പേർക്കും പരിശീലനം നൽകും.
മഴക്കാല കെടുതി നേരിടാനും സേനയുടെ സേവനം ഉപയോഗിക്കും. ഞായറാഴ്ചത്തെ ശുചീകരണത്തിൽ സന്നദ്ധസേനയും രംഗത്തുണ്ടാകും. 2018 ലെ പ്രളയത്തിലും 2019 ലെ കാലവർഷക്കെടുതിയിലും യുവജനങ്ങളുടെ പ്രവർത്തനം പ്രശംസ നേടിയിരുന്നു. ഈ അനുഭവത്തിന്റെ കൂടി സാഹചര്യത്തിലാണ് സന്നദ്ധസേനയെ ഉണ്ടാക്കിയത്. ഇത് മാതൃകയാവും. സേവന തത്പരരായി പ്രവർത്തിക്കുന്ന എല്ലാവരെയും അഭിവാദ്യം ചെയ്യുന്നു. ഇവർക്ക് ഇൻഷുറൻസ് പരിരക്ഷ നൽകാനാവുമോ എന്ന് പരിശോധിക്കും.
സ്കൂളുകൾ ഫീസ് വാങ്ങരുത്
ഈ കാലം വളരെ പ്രത്യേകമായതാണ്. എല്ലാ മേഖലയിലും മാറ്റം വരുത്തേണ്ട കാലം. പഠനം പരമാവധി ഓൺലൈനാക്കുന്നതും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടുന്നതും ഇതിന്റെ ഭാഗമാണ്. എല്ലാ ജനങ്ങളും പ്രയാസം നേരിടുന്നു. തൊഴിൽ നഷ്ടപ്പെട്ടവരും വരുമാനം അടഞ്ഞവരുമെല്ലാമുണ്ട്. അത്തരക്കാരെ സഹായിക്കുക, ഭാരം ലഘൂകരിക്കുക എന്നിവയാണ് ലക്ഷ്യമാകേണ്ടത്. ഇതിനെല്ലാം വിരുദ്ധമായ പ്രവണതകൾ കാണുന്നു. അതിലൊന്നാണ് സ്വകാര്യ സ്കൂളുകൾ ഫീസ് കുത്തനെ കൂട്ടിയെന്ന പരാതി. വലിയ തുക ഫീസിനത്തിൽ ഉയർത്തുകയും അതടച്ചതിന്റെ രസീതുമായി വന്നാലേ അടുത്ത വർഷത്തേക്ക് പുസ്തകം തരൂ എന്ന് പറയുകയും ചെയ്ത സ്വകാര്യ സ്കൂളുകളുണ്ട്. ഇത് ദുർഘട ഘട്ടമായതിനാൽ ഒരു സ്കൂളും ഫീസ് വർധിപ്പിക്കരുത്. പുതിയ സാഹചര്യത്തിന് അനുസൃതമായി പഠന രീതി ക്രമീകരിക്കുക. വേണ്ട മാറ്റങ്ങൾ വരുത്തുക. ഇവയാണ് മേഖലയിൽ അടിയന്തിര പ്രാധാന്യത്തോടെ ചെയ്യേണ്ടത്.
വിദേശമദ്യവിൽപ്പന തുടങ്ങി
ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ നിർത്തിയ വിദേശമദ്യ വിൽപ്പന പുനരാരംഭിച്ചു. ബെവ്ക്യു ആപ്പ് വഴി വെർച്വൽ ക്യൂ മാനേജ്മെന്റ് സംവിധാനത്തിലൂടെയാണ് വിൽപ്പന. ക്രമസമാധാന പ്രശ്നം ഉണ്ടായിട്ടില്ല. 2.25 ലക്ഷം പേരാണ് ആദ്യ ദിവസം ടോക്കൺ ഉപയോഗപ്പെടുത്തിയത്. സാങ്കേതിക തടസങ്ങൾ പരിഹരിച്ച് വെർച്വൽ ക്യു സംവിധാനം മുന്നോട്ട് കൊണ്ടുപോകാനാവും.
ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് മദ്യവിൽപ്പന ആരംഭിച്ചത്. വ്യാജ ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമായ സംഭവത്തിൽ അന്വേഷണം പൊലീസ് നടത്തും. കുറ്റക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും.
കേരളത്തിൽ സാമൂഹ്യവ്യാപനത്തിന്‍റെ തുടക്കമെന്ന് വിദഗ്ധസമിതി റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ ടെസ്റ്റിംഗ് നിരക്ക് കുത്തനെ കൂട്ടാൻ തന്നെയാണ് സർക്കാർ തീരുമാനം.
പ്രവാസികളുടേതടക്കം ചിത്രങ്ങൾ വച്ച് വ്യാജവാർത്ത ചമച്ചാൽ നടപടി
വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ചിലർ ക്വാറന്റൈൻ ലംഘിച്ചതായി കാണിച്ച് ചിത്രം മോർഫ് ചെയ്ത് വ്യാജവാർത്ത പ്രചരിപ്പിക്കുന്നു. ഇത് അനുവദിക്കാനാവില്ല. വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. തിരുവനന്തപുരം, കൊച്ചി കോഴിക്കോട് എന്നിവിടങ്ങളിലെ സൈബർഡോമുകൾക്ക് നിർദ്ദേശം നൽകി. ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുക്കും.
നിയമലംഘനങ്ങളും കേസുകളും
3251 മാസ്ക് ധരിക്കാത്ത സംഭവങ്ങളും ക്വാറന്റൈൻ ലംഘിച്ച ആറ് സംഭവങ്ങളുമുണ്ടായി. കേരളത്തിന്റെ പ്രതിരോധം വ്യത്യസ്തമാകുന്നത് ജനത്തിന്റെയും സർക്കാരിന്റെയും ഐക്യം മൂലമാണ്. അത് വികൃതമായി ചിത്രീകരിക്കാൻ ചിലർ ശ്രമിക്കുന്നു. ഐസിഎംആർ നിർദ്ദേശം പൂർണ്ണമായി പാലിച്ച് കേരളം കൊവിഡ് പ്രതിരോധം നടത്തുന്നു. കേന്ദ്ര ആരോഗ്യമന്ത്രാലയം ഇത് അംഗീകരിക്കുകയും പരസ്യമായി അഭിനന്ദിക്കുകയും ചെയ്തു. മാതൃക മറ്റ് സംസ്ഥാനങ്ങൾക്ക് പരിചയപ്പെടുത്തണമെന്നും പറഞ്ഞിരുന്നു. മാധ്യമങ്ങൾ അത് റിപ്പോർട്ട് ചെയ്തതുമാണ്.
ടെസ്റ്റിംഗ് കൂട്ടാൻ കേരളം
കൊവിഡ് മഹാമാരി റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ആലപ്പുഴയിൽ മാത്രമാണ് സ്രവ പരിശോധനാ സൗകര്യം ഉണ്ടായിരുന്നത്. ഇപ്പോൾ 15 സർക്കാർ സ്ഥാപനത്തിൽ ടെസ്റ്റിങ് തുടങ്ങി, ഐസിഎംആർ അനുമതി നേടി. ആദ്യ ഘട്ടത്തിൽ കേരളത്തിന് വളരെ കുറച്ച് ടെസ്റ്റ് കിറ്റുകളേ ഐസിഎംആറിൽ നിന്ന് ലഭിച്ചിരുന്നുള്ളൂ. എന്നാൽ ഐസിഎംആർ നിർദ്ദേശ പ്രകാരമുള്ള ടെസ്റ്റിന് കുറവുണ്ടായിരുന്നില്ല. പുറത്ത് നിന്ന് ആളുകൾ വരാൻ തുടങ്ങിയതോടെ ടെസ്റ്റ് വർധിപ്പിച്ചു. ദിവസം മൂവായിരം ടെസ്റ്റ് ഇനി ചെയ്യും. ടെസ്റ്റിന് സാധാരണ പാലിക്കേണ്ട മാനദണ്ഡം പാലിക്കുന്നുണ്ട്. ഐസിഎംആറിന്റെ കൃത്യമായ നിർദ്ദേശമുണ്ട്. കാര്യക്ഷമതയോടെ ഇത് പാലിക്കുന്നുണ്ട്. വ്യാപകമായി ആന്റിബോഡി ടെസ്റ്റ് നടത്താൻ തീരുമാനിച്ചിരുന്നു. കിറ്റ് ഐസിഎംആറിൽ നിന്ന് ലഭിക്കണം. എന്നാലതിന് ഗുണനിലവാരമുണ്ടായിരുന്നില്ല. അത് ഉപയോഗിക്കേണ്ടെന്ന് ഐസിഎംആർ നിർദ്ദേശിച്ചു. അതിനാലാണ് ആന്റിബോഡി ടെസ്റ്റ് വ്യാപകമായി നടത്താനാകാതിരുന്നത്.
സമൂഹിക വ്യാപനം അറിയാനാണ് സെന്റിനൽ സർവൈലൻസ് ടെസ്റ്റ്. ഇത് നല്ല രീതിയിൽ പുരോഗമിക്കുന്നു. അത് നടത്തിയാണ് സർക്കാർ സാമൂഹിക വ്യാപനമില്ലെന്ന് ഉറപ്പാക്കിയത്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ സാമൂഹിക വ്യാപനമുണ്ടാകില്ലെന്ന് പറയാനാവില്ല. ജലദോഷ പനിയുള്ളവരെയും ടെസ്റ്റ് ചെയ്യും. ഐസിഎംആറിന്റെ നിർദ്ദേശപ്രകാരമാണിത്. സമ്പർക്കത്തിലൂടെ രോഗബാധ ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം.
ഇവിടെ ജനങ്ങൾ ജാഗ്രതയോടെ ഒറ്റക്കെട്ടായി പൊരുതുന്നു. രോഗം ആർക്കെങ്കിലും ഒളിച്ചുവെക്കാനോ മറച്ചുവെക്കാനോ സാധിക്കില്ല. ചികിത്സിച്ചില്ലെങ്കിൽ മരിക്കും. കൊവിഡ് ബാധിച്ച് ഏറ്റവും കുറഞ്ഞ തോതിൽ ആളുകൾ മരിച്ച സംസ്ഥാനങ്ങളിലൊന്ന് കേരളമാണ്. 0.5 ആണ് മരണനിരക്ക്. ദേശീയ നിരക്ക് 2.89 ശതമാനമാണ്. രോഗമുക്തി നേടുന്നവരുടെ കാര്യത്തിലും സംസ്ഥാനം മുന്നിൽ. വ്യാജപ്രചാരണത്തിലൂടെയും കണക്ക് പൂഴ്ത്തിവെക്കുന്നുവെന്ന് ആക്ഷേപിച്ചും സംസ്ഥാനത്തിന്റെ മുന്നേറ്റത്തിന്റെ മറച്ചുവെക്കാനാവില്ല.
ടെസ്റ്റ് മറച്ചുവെച്ചതിന് കേന്ദ്രം കുറ്റപ്പെടുത്തിയ സംസ്ഥാനങ്ങളിൽ കേരളമില്ല. കേരളത്തിന് അഭിനന്ദനം മാത്രമാണ് കിട്ടിയത് - എന്ന് മുഖ്യമന്ത്രി.
ഞായറാഴ്ച ശുചീകരണം മറക്കരുത്
ഞായറാഴ്ച വീടും പരിസരവും ശുചിയാക്കാൻ എല്ലാവരും അണിനിരക്കണം. കൂടുതൽ വിപുലമായി നടത്താനാവണം. മഴക്കാലമാകുമ്പോൾ പകർച്ചവ്യാധികൾക്ക് സാധ്യതയുണ്ട്. മെയ് 30, 31, ജൂൺ ആറ്, ഏഴ് തീയതികളിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ശുചീകരണം നടക്കും.
ജനം സഹകരിക്കണം. മെയ് 30 നും ജൂൺ ആറിനും പൊതു ഇടങ്ങൾ വൃത്തിയാക്കും. മെയ് 31 നും ജൂൺ ഏഴിനും വീടും പരിസരവും വൃത്തിയാക്കണം. ഇതിന് പരമാവധി പ്രചാരണം നൽകണം.
മൺസൂൺ വരുന്നു, ജാഗ്രത വേണം
സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിൽ മഴ ലഭിക്കുന്നുണ്ട്. ജൂൺ ആദ്യവാരം തന്നെ മൺസൂൺ ആരംഭിക്കും. കാലവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സാധാരണയിലും കൂടുതൽ മഴ പ്രതീക്ഷിക്കാം. അഞ്ച് ദിവസവും മഴ തുടരാൻ സാധ്യതയുണ്ട്. അറബിക്കടലിൽ ന്യൂനമർദ്ദത്തിന് സാധ്യതയുണ്ടെന്ന് അറിയിച്ച സാഹചര്യത്തിൽ ഇന്ന് അർദ്ധരാത്രി മുതൽ മത്സ്യബന്ധനം നിരോധിച്ചു. ആഴക്കടലിൽ മത്സ്യബന്ധനം നടത്തുന്നവർ സുരക്ഷിത തീരത്തേക്ക് മാറണം.
ജാഗ്രത കൂട്ടേണ്ട സമയമാണ്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തത്സമയം: