സർക്കാർ വാങ്ങിയ പിപിഇ കിറ്റുകൾക്ക് ഗുണനിലവാരമില്ല? പരിശോധിക്കണമെന്ന് സമിതി

By Web Team  |  First Published Jun 13, 2020, 5:54 AM IST

സംസ്ഥാനത്ത് ഇത് വരെ 46 ആരോഗ്യപ്രവർത്തകർക്കാണ് രോഗം പിടിപെട്ടത്. ഇതിൽ പലരും ആശുപത്രികളുമായും രോഗികളുമായും നേരിട്ട് ഇടപെട്ടവർക്കും രോഗം പിടിപെട്ടു. പിപിഇ കിറ്റുകൾ ഉപയോഗിച്ചിട്ടും ഇവർക്കെല്ലാം എങ്ങനെ രോഗം വന്നു?


റിപ്പോർട്ട് തയ്യാറാക്കിയത് പി ആർ പ്രവീണ, കൊല്ലം

കൊല്ലം: സംസ്ഥാനം വാങ്ങിയ പിപിഇ കിറ്റുകളുടെ ഗുണനിലവാരം അടിയന്തരമായി പരിശോധിക്കണമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. കൊവിഡ് രോഗം സ്ഥിരീകരിക്കുന്ന ആരോഗ്യപ്രവർത്തകരുടെ എണ്ണം കൂടിയതോടെയാണ് വിദഗ്ധ സമിതി നിര്‍ദേശം മുഖ്യമന്ത്രിയെ നേരിട്ടറിയിച്ചത്. ആശുപത്രികളിലെ അണുബാധാനിയന്ത്രണ സംവിധാനം കാര്യക്ഷമമാക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം ഗുണനിലവാരം ഉറപ്പാക്കിയാണ് കിറ്റുകൾ വാങ്ങുന്നതെന്നാണ് മെഡിക്കല്‍ സര്‍വീസസ് കോർപ്പറേഷന്‍റെ വിശദീകരണം.

Latest Videos

undefined

സംസ്ഥാനത്തിതുവരെ 46 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം പിടിപെട്ടത്. ഇതില്‍ പലരും ആശുപത്രികളുമായും രോഗികളുമായും നേരിട്ട് ബന്ധപ്പെട്ട് ജോലി ചെയ്തവര്‍. പ്രവാസികളെ നാട്ടിലെത്തിക്കാൻ പോയ വിമാനങ്ങളിലെ പൈലറ്റിനടക്കം 8പേര്‍ക്കും രോഗം പിടിപെട്ടു. വ്യക്തിഗതസുരക്ഷാഉപകരണങ്ങൾ അഥവാ പിപിഇ കിറ്റുകൾ ഉപയോഗിച്ചിട്ടും ഇവര്‍ക്കെല്ലാം എങ്ങനെ രോഗം പിടിപെട്ടു എന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്. 

ഇതോടെയാണ് വൈറസ് പ്രതിരോധ മാര്‍ഗമായി ഉപയോഗിക്കുന്ന പിപിഇ കിറ്റുകളുടെ ഗുണനിലവാരത്തെക്കുറിച്ച് സംശയമുയര്‍ന്നത്. ഇപ്പോഴുള്ള പിപിഇ കിറ്റുകള്‍ക്ക് ഗുണവിലവാരക്കുറവുണ്ടാകാമെന്നാണ് വിലയിരുത്തൽ. ഇക്കാര്യം ശാസ്ത്രീയ പരിശോധനയിലൂടെ കണ്ടെത്തണമെന്നാണ് വിദഗ്ധ സമിതിയുടെ നിര്‍ദേശം. 

പ്രവാസികളെ കൊണ്ടുവന്ന എയര്‍ ഇന്ത്യയും ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഗ്ലൗസ്, കാലുറ, മാസ്ക്, ഗോഗിള്‍ അടക്കം സാധനങ്ങൾ ഉള്‍ക്കൊള്ളുന്ന പിപിഇ കിറ്റുകളില്‍ ഏതെങ്കിലും ഒരു വസ്തുവിന് ഗുണനിലവാരമില്ലെങ്കില്‍ വൈറസ് ബാധ ഏൽക്കാം. കീറിപ്പോകുന്ന ഗ്ലൗസും പൊട്ടിപ്പോകുന്ന ഗോഗിൾസും കീറിയ ഗൗണും പലപ്പോഴും കിട്ടിയിട്ടുണ്ടെന്നാണ് ഡോക്ടർമാർ തന്നെ പറയുന്നത്. ഇന്ത്യയിലേയും ചൈനയിലേയും 9 കമ്പനികളിൽ നിന്നാണ് കേരളം പിപിഇ കിറ്റുകള്‍ വാങ്ങുന്നത്. സിട്ര, ഡിആര്‍ഡിഓ സര്‍ട്ടിഫിക്കറ്റുകള്‍ ഉള്ള പിപിഇ കിറ്റുകളാണ് കേരളം വാങ്ങുന്നതെന്നാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷൻ വിശദീകരിക്കുന്നത്. ഇതു കൂടാതെ ഡ്രഗ് കണ്‍ട്രോളര്‍ അടങ്ങുന്ന ഒരു വിദഗ്ധ സമിതി ഇവ വീണ്ടും റാൻഡം പരിശോധന നടത്തുന്നുണ്ടെന്നും വിശദീകരിക്കുന്നു. 

വ്യക്തിഗത സുരക്ഷാ ഉപകരണങ്ങള്‍ വളരെ കൃത്യതയോടെ ധരിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് കൂടുതല്‍ പരിശീലനം നല്‍കണമെന്നും മെഡിക്കല്‍ സര്‍വീസസ് കോർപ്പറേഷൻ നിർദേശിക്കുന്നുണ്ട്.

click me!