500 മുതൽ 2000 വരെ ആക്ടീവ് കേസുള്ള 57 പഞ്ചായത്തുകളുണ്ട് സംസ്ഥാനത്ത് എന്ന് മുഖ്യമന്ത്രി വ്യക്തമാക്കുന്നു. എറണാകുളത്ത് 50 ശതമാനം ടിപിആറുള്ള 19 പഞ്ചായത്തുകളുണ്ട്. ഗൗരവമേറിയ സാഹചര്യമാണിത്.
തിരുവനന്തപുരം: സംസ്ഥാനത്ത് 50 ശതമാനത്തിന് മുകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 72 പഞ്ചായത്തുകളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. 300-ലേറെ പഞ്ചായത്തിൽ 30 ശതമാനത്തിന് മുകളിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കെന്നും, 500 മുതൽ 2000 വരെ ആക്ടീവ് കേസുള്ള 57 പഞ്ചായത്തുണ്ട് സംസ്ഥാനത്തെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൊവിഡിന്‍റെ രണ്ടാംതരംഗം തീവ്രവും, അതീവ വ്യാപനശേഷിയുള്ളതുമാണെന്നും തെളിയിക്കുന്നതാണ് മുഖ്യമന്ത്രി പുറത്തുവിട്ട കണക്കുകൾ.
''എറണാകുളത്ത് 50 ശതമാനം ടിപിആറുള്ള 19 പഞ്ചായത്തുകളുണ്ട്. ഗൗരവമേറിയ സാഹചര്യമാണിത്. കണ്ണൂർ, തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇവിടെ ശക്തമായ പ്രതിരോധം നടത്തണം. മറ്റ് ജില്ലകളിൽ രോഗം കുറയുന്നുണ്ട്'', എന്ന് മുഖ്യമന്ത്രി.
undefined
''രണ്ടാം തരംഗം തീവ്രമാണ്. ശക്തമായി മുൻകരുതലും മാനദണ്ഡങ്ങളും നടപ്പാക്കണം. ഡബിൾ മാസ്കിങും എൻ 95 മാസ്കിങ്ങും ശീലമാക്കണം. അകലം പാലിക്കണം, കൈകൾ ശുചിയാക്കാനും ശ്രദ്ധിക്കണം. അടഞ്ഞ സ്ഥലം, ആൾക്കൂട്ടം അടുത്ത് ഇടപഴകൽ എല്ലാം ഒഴിവാക്കണം. ആരോഗ്യ സംവിധാനങ്ങളുടെ കപ്പാസിറ്റി ഉയർത്തിയിട്ടുണ്ട്. ആ പ്രക്രിയ തുടരുന്നുണ്ട്. രോഗവ്യാപനം കൂടുതൽ കരുത്താർജ്ജിക്കുന്നു. അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ കൈകാര്യം ചെയ്യാൻ സാധിക്കാത്ത വിധത്തിലുള്ള സാഹചര്യം വരും. അതുകൊണ്ടാണ് ലോക്ക്ഡൗൺ നടപ്പാക്കിയത്'', മുഖ്യമന്ത്രി വ്യക്തമാക്കുന്നു.
12 മണിക്കൂറിൽ ഓൺലൈൻ പാസിന് 1 ലക്ഷം അപേക്ഷ
പൊലീസ് ഏർപ്പെടുത്തിയ ഓൺലൈൻ പാസ് സംവിധാനത്തിലൂടെ ആദ്യ 12 മണിക്കൂറിൽ കിട്ടിയത് ഒരു ലക്ഷം അപേക്ഷകളാണെന്ന് മുഖ്യമന്ത്രി പറയുന്നു. ഇത് ലോക്ക്ഡൗണിന്‍റെ ലക്ഷ്യം തന്നെ ഇല്ലാതാക്കുന്നതാണ്. ആവശ്യ സാധനം വാങ്ങാൻ നൽകുന്ന അനുവാദം ദുരുപയോഗം ചെയ്യരുത്. ലോക് ഡൌൺ നിയന്ത്രണം ശക്തമായി നടപ്പാക്കും. ആവശ്യം നോക്കി മാത്രമേ പാസ്സ് നൽകൂ. വീടിനു അടുത്ത കടയിൽ നിന്നും സാധനം വാങ്ങാൻ പാസ്സ് വേണ്ട. ദിവസേന യാത്ര ചെയ്യണ്ടി വരുന്ന വീട്ടു ജോലിക്കാർ, ഹോം നേഴ്സ് എന്നിവർക്ക് പാസ് വേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
'ഇത് എമർജൻസി ലോക്ക്ഡൗൺ'
നേരത്തേ സംസ്ഥാനത്ത് നടപ്പാക്കിയത് രോഗത്തിന്‍റെ സമൂഹവ്യാപനം തടയാനായിരുന്നെങ്കിൽ ഇപ്പോഴത്തേത് എമർജൻസി ലോക്ക്ഡൗണാണെന്ന് മുഖ്യമന്ത്രി പറയുന്നു. ഒന്നാമത്തെ ലോക്ക്ഡൗണും ഇപ്പോഴത്തെ ലോക്ഡൗണും തമ്മിൽ വ്യത്യാസമുണ്ട്. ആദ്യത്തേത് പ്രിവന്റീവ് ലോക്ഡൗണായിരുന്നു - മുഖ്യമന്ത്രി പറയുന്നു.
രോഗബാധ ഇവിടെയുള്ള സമ്പർക്കം വഴിയാണ് കൂടുന്നത്. മരണം കുറയ്ക്കാനാണ് പ്രധാന ലക്ഷ്യം. ഈ ലോക്ഡൗണിന് നമ്മുടെ ജീവന്റെ വിലയാണെന്ന കാര്യം മറക്കരുത്. സ്വന്തം സുരക്ഷയ്ക്കും പ്രിയപ്പെട്ടവരുടെ നന്മയ്ക്കും ലോക്ഡൗൺ ഫലപ്രദമായി നടപ്പാക്കുമെന്ന് ഓരോരുത്തരും തീരുമാനിക്കണം - എന്ന് മുഖ്യമന്ത്രി പറയുന്നു.