പൂന്തുറയിൽ ക്വിക്ക് റസ്പോൺസ് ടീം; ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പൊലീസ് സുരക്ഷ

By Web Team  |  First Published Jul 11, 2020, 11:44 AM IST

അവശ്യസാധനങ്ങൾ എത്തിക്കാൻ മൊബൈൽ മാവേലി സ്റ്റോറുകളും മൊബൈൽ എടിഎമ്മുകളും പ്രദേശത്ത് പ്രവര്‍ത്തിക്കും 


തിരുവനന്തപുരം: കൊവിഡ് 19 സൂപ്പർ സ്പ്രെഡ് സ്ഥിരീകരിച്ച പൂന്തുറയിൽ പ്രതിരോധ ജാഗ്രതാ പ്രവര്‍ത്തനങ്ങൾക്കായി ക്വിക്ക് റസ്പോൺസ് ടീമിനെ നിയോഗിച്ചു. പൂന്തുറ പ്രദേശങ്ങളിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി റവന്യു-പൊലീസ്-ആരോഗ്യ ഉദ്യോഗസ്ഥരെ ഉൾക്കൊള്ളിച്ചാണ് ക്വിക്ക് റസ്പോൺസ്ടീമിനെ നിയോഗിച്ചതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. 

തഹസിൽദാറിനും ഇൻസിഡന്റ് കമാന്റർക്കും കീഴിലാകും ടീമിന്റെ പ്രവർത്തനം. സംഘം  24 മണിക്കൂർ പ്രവർത്തിക്കും. ക്രിട്ടിക്കൽ കണ്ടെയിൻമെന്റ് സോണിലേക്കുള്ള ചരക്കുവാഹന നീക്കം, വെള്ളം, വൈദ്യുതി, തുടങ്ങി എല്ലാ പ്രവർത്തനങ്ങളും സംഘം നിരീക്ഷിക്കും

Latest Videos

undefined

പൊലീസ്, ആരോഗ്യ വകുപ്പ് എന്നിവയിൽ നിന്നും ഓരോ ഉദ്യോഗസ്ഥർ സംഘത്തിനൊപ്പം 24 മണിക്കൂറുമുണ്ടാകും. പൂന്തുറ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ആവശ്യമായ ജീവനക്കാരെയും ആംബുലൻസ് അടക്കമുള്ള എല്ലാ സൗകര്യങ്ങളും 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയതായും കളക്ടർ നവജ്യോദ് ഖോസ അറിയിച്ചു

പ്രദേശത്തുള്ള ആശുപത്രികൾ ഒരുകാരണവശാലും ചികിത്സ നിഷേധിക്കാൻ പാടില്ല. കൊവിഡ് രോഗലക്ഷണമുള്ള രോഗികളെത്തിയാൽ അവരെ നിർബന്ധമായും സ്‌ക്രീനിംഗിന് വിധേയരാക്കണം. മൊബൈൽ മാവേലി സ്റ്റോർ, മൊബൈൽ എ.ടി.എം(രാവിലെ 10 മുതൽ 5 വരെ) എന്നിവ പ്രദേശങ്ങളിൽ പ്രവർത്തിക്കും. പൊതുജനങ്ങൾക്ക് ഈ സേവനം ഉപയോഗപ്പെടുത്താം. പ്രദേശത്ത് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് ആവശ്യമായ പൊലീസ് സുരക്ഷ നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദ്ദേശം നൽകിയതായും ജില്ലാ കളക്ടർ പറഞ്ഞു. 

രോഗ വ്യാപനം ആശങ്കാജനകമായി തുടരുന്ന പൂന്തുറയിൽ അവശ്യസാധനങ്ങളോ അത്യാവശ്യ ചികിത്സാ സൗകര്യങ്ങളോ ഇല്ലെന്ന് ആരോപിച്ച് ജനം തെരുവിലിറങ്ങിയിരുന്നു. ജനങ്ങളെ ഇളക്കിവിട്ടത് ആസൂത്രിതമായാണെന്ന ആരോപണവും ശക്തമായിരുന്നു. ഇതിനിടെയാണ് ജനങ്ങൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സുരക്ഷാ സംവിധാനങ്ങൾ കൂട്ടാനുമെല്ലാം ജില്ലാ ഭരണ കൂടം അടിയന്തര ഇടപെടൽ നടത്തിയത്. ആരോഗ്യ പ്രവര്‍ത്തകരുടെ നേര്‍ക്ക് അടക്കം അതിക്രമം ഉണ്ടായ പൂന്തുറയിൽ സ്ഥിതിയിപ്പോൾ ശാന്തമാണ്. 

റിപ്പോര്‍ട്ട് കാണാം: 

click me!