കണ്ണൂർ ജില്ലാ ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലുമായി ഇതിനകം ആറ് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്. രണ്ടിടത്തും കൊവിഡ് വ്യാപനം ഉണ്ടായതെങ്ങനെയെന്ന അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്.
കണ്ണൂർ: കണ്ണൂരിൽ മറ്റ് രോഗങ്ങൾക്ക് ചികിത്സക്കെത്തിയവരിൽ കൊവിഡ് കണ്ടെത്തിയതിൽ ആശങ്ക. തലയിൽ ചക്ക വീണതിനെ തുടർന്ന് ആശുപത്രിയിലെത്തിയ കാസർകോട് സ്വദേശി ഉൾപ്പെടെ നാല് പേർക്കാണ് ഈ രീതിയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇത്തരം കേസുകൾ പ്രത്യേകം അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും നിലവിൽ സമൂഹ വ്യാപനത്തിന്റെ സൂചനകളൊന്നുമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
തലയിൽ ചക്ക് വീണ നട്ടെല്ലിന് ഗുരുതര ക്ഷതമേറ്റ കാസർകോട് ബേളൂർ സ്വദേശി അഞ്ച് ദിവസം മുമ്പാണ് ചികിത്സ തേടി പരിയാരം മെഡിക്കൽ കോളേജിലെത്തിയത്. ഇയാൾക്ക് കൊവിഡ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. കാസർകോട് നിന്ന് വന്നയാളായതുകൊണ്ട് മുൻകരുതലിൻ്റെ ഭാഗമായാണ് സ്രവം പരിശോധിച്ചത്. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.
ഈ മാസം പതിനഞ്ചിന് പേരാവൂരിൽ വാഹനപാകടത്തിൽ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ എത്തിയ പുതുച്ചേരി സ്വദേശിക്കും പതിനെട്ടിന് അയ്യങ്കുന്ന് എടപ്പുഴ ആദിവാസി കോളനിയിൽ നിന്നും ഗർഭ ചികിത്സക്കായി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്കും പിന്നീട് പരിയാരത്തേക്കും മാറ്റിയ യുവതിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവർക്കൊന്നും രോഗം ഉണ്ടായത് എവിടെ നിന്നെന്ന് ഇനിയും വ്യക്തമായിട്ടില്ല.
നാഡി സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സ തേടിയ ധർമ്മടം സ്വദേശിനിക്കും അവരുടെ ഭർത്താവിനും കൊവിഡ് സ്ഥിരീകരിച്ചതെങ്ങനെയെന്നും അവ്യക്തം. ഈ കേസുകളെല്ലാം അന്വേഷിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
കണ്ണൂർ ജില്ലാ ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലുമായി ഇതിനകം ആറ് ആരോഗ്യപ്രവർത്തകർക്കും രോഗം ബാധിച്ചിട്ടുണ്ട്. രണ്ടിടത്തും കൊവിഡ് വ്യാപനം ഉണ്ടായതെങ്ങനെയെന്ന അന്വേഷണത്തിലാണ് ആരോഗ്യവകുപ്പ്. ഉറവിടം കണ്ടെത്താത്ത കേസുകൾ കൂടുന്നത് ആരോഗ്യവകുപ്പിന് വലിയ വെല്ലുവിളി ഉയർത്തുകയാണ്.