കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാർക്ക് ഒരാഴ്ച ക്വാറന്റീൻ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടും.
തിരുവനന്തപുരം: കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേരളവും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. മാസ്ക് - സാമൂഹിക അകലം ഉറപ്പാക്കാൻ നിർദ്ദേശം നൽകി. നാളെ മുതൽ പൊലീസ് പരിശോധന കർശനമാക്കും. കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ നിയമിക്കും. ഇതര സംസ്ഥാനക്കാർക്ക് ഒരാഴ്ച ക്വാറന്റീൻ തുടരും. പരിശോധനകളുടെ എണ്ണം കൂട്ടാനും നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നഎല്ലാ പോളിങ് ഏജന്റുമാർക്കും കൊവിഡ് പരിശോധന നടത്തും. സംസ്ഥാനത്ത് വാക്സിനേഷൻ വർധിപ്പിക്കും. തദ്ദേശസ്ഥാപനങ്ങൾ/ സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ പങ്കാളികളാക്കാനും കൊവിഡ് കോർ- കമ്മിറ്റി യോഗത്തിൽ തീരുമാനമായി.
കൊവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബംഗളൂരുവിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. കൂടുതൽ മേഖലകളിൽ നിയന്ത്രണങ്ങളേർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. ധർണകളും റാലികളും പൂർണമായും നിരോധിച്ചു. ജനവാസ മേഖലകളിലെ ജിമ്മുകളും സ്വിമ്മിംഗ് പൂളുകളും അടച്ചിടും. പ്രദേശത്ത് പരിശോധനയും നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്.
കൊവിഡ്: ഒരാഴ്ച കടുത്ത ജാഗ്രത വേണമെന്ന് തിരുവനന്തപുരം കളക്ടർ
കൊവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം ജില്ലയിൽ അടുത്ത ഒരാഴ്ച കർശന ജാഗ്രത വേണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ നിർദ്ദേശിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പല ഭാഗങ്ങളിലും ആൾക്കൂട്ടമുണ്ടായ സാഹചര്യത്തിൽ, പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുത്ത മുഴുവൻ ആളുകളും ആർ.ടി.പി.സി.ആർ പരിശോധന നടത്തണമെന്നു കളക്ടർ അഭ്യർഥിച്ചു.
കൊവിഡ് സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന ജില്ലാ ടാസ്‌ക് ഫോഴ്‌സ് യോഗത്തിലാണു തീരുമാനങ്ങൾ. തെരഞ്ഞെടുപ്പു പ്രചാരണത്തിൽ ഏർപ്പെട്ടവരിൽ ചുമയോ പനിയോ മറ്റു ശാരീരിക അസ്വസ്ഥതകളോ തോന്നുന്നവർ നിർബന്ധമായും രണ്ടു ദിവസത്തിനകം ടെസ്റ്റ് നടത്തിയിരിക്കണം. മറ്റുള്ളവർ എത്രയും പെട്ടെന്ന് പരിശോധനയ്ക്കു വിധേയരാകണമെന്നും കളക്ടർ നിർദ്ദേശിച്ചു.