കേരളത്തിലെ കൊവിഡ് മരണ നിരക്കിൽ സംശയം പ്രകടിപ്പിച്ച് ഒരു വിഭാ​ഗം ആരോ​ഗ്യപ്രവ‌ർത്തക‍ർ

By Web Team  |  First Published Apr 28, 2021, 2:54 PM IST

രോഗത്തെക്കുറിച്ചുള്ള അവബോധം കൂടിയതും, വയോജനങ്ങളിലും മറ്റസുഖമുള്ളവരിലും വാക്സീനേഷൻ എത്തിയതുമാണ്  മരണം കുറയാൻ കാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു.


തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുതിക്കുമ്പോഴും മരണസംഖ്യയിലെ കുറവിൽ സംശയം പ്രകടിപ്പിച്ച് ഒരു വിഭാഗം ആരോഗ്യപ്രവർത്തകർ. ആദ്യ തരംഗ കാലത്തെന്നെ പോലെ പല കൊവി‍ഡ് മരണങ്ങളെയും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നുവെന്നാണ് ആക്ഷേപം. എന്നാൽ വാക്സീനേഷൻ തുടങ്ങിയ സാഹചര്യത്തിലാണ് മരണനിരക്ക് കുറയുന്നതെന്ന് വിശദീകരിക്കുന്ന ആരോഗ്യവകുപ്പ് കണക്കിൽ കൃത്രിമമുണ്ടെന്ന ആക്ഷേപം തള്ളുന്നു.

രണ്ടാം തരംഗത്തിൽ വ്യാപനം കുതിക്കുന്ന ഈ മാസം ഇതുവരെ 3,35,000ത്തിലധികം പേരാണ് രോഗികളായത്. ഒക്ടോബറിലായിരുന്നു ഇതിന് മുൻപ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡിട്ടത്. 2,36,000ത്തിലധികം പേർ. ഒക്ടോബറിനേക്കാൾ ഒരു ലക്ഷത്തിലധികം രോഗികൾ ഈ മാസമുണ്ടായി. ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും ഇരട്ടിയായി. ഒക്ടോബറിൽ ഐസിയുവിൽ 795 പേരായിരുന്നുവെങ്കിൽ ഈ മാസം അത് 1546. വെന്റിലേറ്ററിൽ ഒക്ടോബറിൽ ഉണ്ടായിരുന്നത് 231 പേർ അത് ഈ മാസം അത് കുതിച്ചു കയറി 488 ആയി. പക്ഷെ മരണസംഖ്യ  താഴേക്ക്.  

Latest Videos

undefined

ഒക്ടോബറിൽ 742 പേർ മരിച്ചു. ഈ മാസം ഇതുവരെ 521 മാത്രം. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്താലുമുണ്ട് മരണസംഖ്യയിലെ ഈ വ്യത്യാസം. മുപ്പത്തിരണ്ടായിരത്തിലധികം കേസുകളുണ്ടായപ്പോൾ കേരളത്തിൽ ഇന്നലെ 32 മരണം. ഇതേ നിരക്ക് രോഗികളുണ്ടായ കർണാടകത്തിൽ ഇന്നലെ മരണം 180. പതിനയ്യായിരത്തിലധികം രോഗികളുണ്ടായ തമിഴ്നാട്ടിൽ ഇന്നലെ 77 മരണം. മരണക്കണക്കുകളിലെ വ്യത്യാസം മുൻപും വാർത്തയും വിവാദവുമായിരുന്നു. മറ്റ് അസുഖങ്ങളുള്ള കൊവിഡ് ബാധിതരുടെ മരണം വരെ പട്ടികയിൽ നിന്നൊഴിവാക്കുന്നവെന്നായിരുന്നു വിമർശനം. ഡിസംബർ 23ഓടെ സർക്കാർ മരിച്ചവരുടെ പേരുകളും വിവരങ്ങളും നൽകുന്നത് നിർത്തി.

വിവരം നിലച്ചതോടെ സർക്കാർ കണക്കുകളിൽ പെടാത്ത മരണങ്ങൾ ഉൾപ്പെടുത്തി ആരോഗ്യപ്രവർത്തകർ രൂപീകരിച്ച സമാന്തര മരണ പട്ടികയും ഇതോടെ നിന്നു. രോഗത്തെക്കുറിച്ചുള്ള അവബോധം കൂടിയതും, വയോജനങ്ങളിലും മറ്റസുഖമുള്ളവരിലും വാക്സീനേഷൻ എത്തിയതുമാണ്  മരണം കുറയാൻ കാരണമെന്ന് ആരോഗ്യവകുപ്പ് പറയുന്നു. 45 വയസിന് മുകളിലുള്ള 44 ശതമാനം പേരിൽ ആദ്യ ഡോസും 22 ശതമാനം പേരിൽ രണ്ടാം ഡോസും വാക്സിനേഷൻ പൂർത്തിയായിക്കഴിഞ്ഞു. കൊവിഡ് കാലത്ത് കേരളത്തിലെ മൊത്തം മരണം കോവിഡിന് മുൻപുള്ള വർഷങ്ങളേക്കാൾ കുറവാണെന്നും കണക്ക് സഹിതം സർക്കാർ വിശദീകരിച്ചിരുന്നു. കൊവിഡ് സ്ഥിരീകരിച്ചെങ്കിലും മറ്റ് കാരണങ്ങളാൽ 299 മരണം ഔദ്യോഗികമായി പട്ടികയിൽ നിന്ന് ഒഴിവാക്കിയതായാണ് സർക്കാർ രേഖ.

 

click me!