കൊവിഡ് ചികിത്സ; സ്വകാര്യ ആശുപത്രികളിലെ കൂടുതല്‍ കിടക്കകൾ ഏറ്റെടുത്ത് സര്‍ക്കാര്‍

By Web Team  |  First Published Apr 26, 2021, 10:21 AM IST

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികള്‍, താഴെത്തട്ടിലുള്ള ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ ഇവരെല്ലാം കൊവിഡ് ചികില്‍സക്കായി മാറ്റിവച്ച കിടക്കകൾ നിറഞ്ഞു. തീവ്ര പരിചരണ വിഭാഗങ്ങളും നിറഞ്ഞു.


തിരുവനന്തപുരം: കൊവിഡ് വ്യാപനം അതി രൂക്ഷമാകുന്നതിനിടെ സ്വകാര്യ ആശുപത്രികളിലെ കൂടുതല്‍ കിടക്കകൾ ഏറ്റെടുത്ത് സര്‍ക്കാര്‍. 12,000ല്‍ അധികം കിടക്കകൾ കൂടി ഏറ്റെടുത്ത സര്‍ക്കാര്‍ ഐസിയുകളും വെന്‍റിലേറ്ററുകളും യുദ്ധകാലാടിസ്ഥാനത്തില്‍ സജ്ജമാക്കുകയാണ്. ഇതിനിടെ സംസ്ഥാനത്തെ മിക്ക സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലും നിലവില്‍ കൊവിഡ് ചികില്‍സക്കായി മാറ്റിവച്ച സംവിധാനങ്ങളെല്ലാം നിറഞ്ഞു. ഓക്സിജൻ മാത്രമാണ് അധിക സംഭരണം ഉള്ളത്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രികള്‍, താഴെത്തട്ടിലുള്ള ആശുപത്രികള്‍, സ്വകാര്യ ആശുപത്രികള്‍ ഇവരെല്ലാം കൊവിഡ് ചികില്‍സക്കായി മാറ്റിവച്ച കിടക്കകൾ നിറഞ്ഞു. തീവ്ര പരിചരണ വിഭാഗങ്ങളും നിറഞ്ഞു. വെന്‍റിലേറ്ററുകളും ഒഴിവില്ല. ഒരു തരത്തില്‍ പറഞ്ഞാൽ കിടക്കകള്‍ക്കായി നെട്ടോട്ടവുമുണ്ട്. ഈ സാഹചര്യത്തിലാണ് സ്റ്റേറ്റ് ഹെല്‍ത്ത് ഏജൻസി വഴി സ്വകാര്യ ആശുപത്രികളിലെ കൂടുതൽ കിടക്കകൾ സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

Latest Videos

undefined

12,316 കിടക്കകൾ, വെന്‍റിലേറ്ററുകള്‍ 467, ഐസിയു കിടക്കകൾ 1083 ഇത്രയും ഇപ്പോൾ ഏറ്റെടുത്തിട്ടുണ്ട്. 25 ശതമാനം കിടക്കകൾ മാറ്റി വയ്ക്കുന്നതിനൊപ്പമാണ് ഇതും. ആവശ്യം വന്നാല്‍ കൊവിഡിതര ചികിൽസകള്‍ കുറച്ചുകൊണ്ടാണെങ്കിലും വീണ്ടും സഹകരണം ഉറപ്പാക്കുകയാണ് സ്വകാര്യ ആശുപത്രികള്‍

നിലവിൽ ആശുപത്രികളില്‍ ഓക്സിജന് ക്ഷാമമില്ലെന്നതാണ് ആശ്വാസം. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലുള്‍പ്പെടെ കൊവിഡിതര ചികില്‍സകൾ കുറയ്ക്കാനും ഗുരുതരാവസ്ഥയിലല്ലാത്ത കൊവിഡിതര രോഗികളെ ഡിസ്ചാര്‍ജ് ചെയ്തും അല്ലാതേയും കൂടുതല്‍ കിടക്കകളും തീവ്രപരിചരണ വിഭാഗങ്ങളും കൊവിഡ് ചികില്‍സക്കായി ഒരുക്കാനും നിര്‍ദേശം നല്‍കി കഴിഞ്ഞു.

 

click me!