ആശുപത്രികൾ പ്രതിസന്ധിയിൽ, തിരുവനന്തപുരം, കോട്ടയം മെഡി. കോളേജുകളിൽ കൊവിഡ് വ്യാപനം

By Web Team  |  First Published Apr 19, 2021, 5:55 PM IST

കടുത്ത പ്രതിസന്ധിയാണ് തിരുവനന്തപുരം, കോട്ടയം മെഡിക്കൽ കോളേജുകളിലും തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും നിലനിൽക്കുന്നത്. കൂട്ടത്തോടെ ആരോഗ്യപ്രവർത്തകർക്കിടയിൽ ഇവിടെ രോഗവ്യാപനം കണ്ടെത്തിയതോടെ ശസ്ത്രക്രിയകളടക്കം നിർത്തേണ്ട സ്ഥിതിയാണ്.


തിരുവനന്തപുരം: കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലും, തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലും ആരോഗ്യപ്രവർത്തകർക്കിടയിൽ കൂട്ടത്തോടെ കൊവിഡ് വ്യാപനം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഇന്നലെയും ഇന്നുമായി 13 ആരോഗ്യപ്രവർത്തകർക്കും, കോട്ടയം മെഡിക്കൽ കോളേജിൽ 12 ഡോക്ടർമാർക്കും, ശ്രിചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഏഴ് രോഗികൾക്കും രണ്ട് ജീവനക്കാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ അടിയന്തരശസ്ത്രക്രിയകൾ ഒഴിച്ച് ബാക്കിയെല്ലാം വെട്ടിക്കുറയ്ക്കേണ്ട സ്ഥിതിയിലാണ് ആശുപത്രികൾ. പലയിടത്തും കർശനമായ ഒപി നിയന്ത്രണവുമുണ്ട്. 

കോട്ടയത്ത് ഗുരുതരപ്രതിസന്ധി

Latest Videos

undefined

ആശങ്ക പടർത്തി കോട്ടയം മെഡിക്കൽ കോളേജിൽ 12 ഡോക്ടർമാർക്ക് കൊവിഡ് സ്ഥിരീകരിച്ചു. സർജറി, പൾമനറി മെഡിസിൻ വിഭാഗങ്ങളിലാണ് രോഗം കൂട്ടത്തോടെ സ്ഥിരീകരിച്ചിരിക്കുന്നത്. ഡോക്ടർമാരിൽ രോഗം പടരുന്ന സാഹചര്യത്തിൽ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയകൾ വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. ആശുപത്രിയിൽ സന്ദർശകർക്ക് കർശനനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അടിയന്തരശസ്ത്രക്രിയകളൊന്നും റദ്ദാക്കില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 

12 ഡോക്ടർമാർക്ക് കൂട്ടത്തോടെ കൊവിഡ് കണ്ടെത്തിയ സാഹചര്യത്തിൽ ഒപിയിലടക്കം കടുത്ത നിയന്ത്രണം വരും. ഡോക്ടർമാർക്കിടയിൽ രോഗം കൂടാനാണ് സാധ്യതയെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തൽ. കോട്ടയം മെഡിക്കൽ കോളേജിലെ ഗുരുതരാവസ്ഥയിലുള്ള രോഗികളടക്കം എത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വകുപ്പുകളിലാണ് രോഗം പടർന്ന് പിടിച്ചിരിക്കുന്നത്. 

ഇന്ന് വൈകിട്ടോടെയും, നാളെ ഉച്ചയോടെയും കൂടുതൽ ആരോഗ്യപ്രവർത്തകർക്കിടയിൽ നടത്തിയ ടെസ്റ്റുകളുടെ ഫലം വരാനുണ്ട്. ഇത് കൂടി വന്നാൽ സ്ഥിതി അതീവഗുരുതരമാകുമെന്നാണ് ആശുപത്രി അധികൃതരുടെ വിലയിരുത്തൽ. 

ഏപ്രിൽ 1 ന് ശേഷം 26 ഡോക്ടർമാർക്കും 22 നഴ്സുമാർക്കും 8 പിജി വിദ്യാർത്ഥികൾക്കും മറ്റ് 19 ആരോഗ്യപ്രവ‍ർത്തകർക്കുമാണ് കോട്ടയം മെഡിക്കൽ കോളേജിൽ മാത്രം കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് ഡോസ് വാക്സീനും സ്വീകരിച്ച 43 പേരുണ്ട് എന്നതാണ് സ്ഥിതി ഗുരുതരമാക്കുന്നത്. നാളെ മുതൽ കോട്ടയം മെഡിക്കൽ കോളേജിൽ രോഗിയോടൊപ്പം കൂട്ടിരിപ്പിന് ഒരാൾ മാത്രമേ പാടുള്ളൂ എന്ന നിബന്ധന കർശനമാക്കിയിട്ടുണ്ട്. കൂട്ടിരിക്കുന്നയാൾക്ക് ആന്‍റിജൻ പരിശോധന നിർബന്ധമാക്കിയിട്ടുമുണ്ട്. 

നേരത്തേയും കോട്ടയം മെഡിക്കൽ കോളേജിൽ കൊവിഡിന്‍റെ പശ്ചാത്തലത്തിൽ വലിയ നിയന്ത്രണങ്ങളുണ്ടായിരുന്നു. എന്നാൽ പിന്നീട് വ്യാപനം കുറഞ്ഞപ്പോൾ നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു. അതിപ്പോൾ കൂടുതൽ കടുപ്പിക്കാനാണ് തീരുമാനം. മറ്റ് ആശുപത്രികളിൽ നിന്ന് വരുന്ന രോഗികൾക്ക് കൃത്യമായി പരിശോധന നടത്തിയ ശേഷം മാത്രം അഡ്മിഷൻ എടുത്താൽ മതിയെന്നും, അല്ലാത്തവരെ പ്രത്യേക കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റാനുമാണ് തീരുമാനം. 

തിരുവനന്തപുരത്ത് ആശങ്ക

തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ 5 പി ജി ഡോക്ടർമാർക്കും നഴ്സിങ് കോളേജ് പ്രിൻസിപ്പലിനും അടക്കം 13 ആരോഗ്യ പ്രവർത്തകർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിൽ സന്ദർശകർക്ക് നേരത്തെ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

ശ്രീചിത്രയിൽ ഹൃദയരോഗശസ്ത്രക്രിയകളില്ല

തലസ്ഥാനത്തെ പ്രമുഖ ആശുപത്രിയായ ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഒപി പരിശോധനയിലും കിടത്തിച്ചികിത്സയിലും നിയന്ത്രണം ഏർപ്പെടുത്തി. ആശുപത്രിയിൽ കൊവിഡ് ബാധ വ്യാപിക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് നിയന്ത്രണം. ഇന്നലെയും ഇന്നുമായി ശ്രീചിത്ര ആശുപത്രിയിലെ ഹൃദയചികിത്സാ വിഭാഗത്തിൽ ശസ്ത്രക്രിയകൾ നിർത്തിവച്ചിരുന്നു. ന്യൂറോ സർജറി വിഭാഗത്തിൽ അടിയന്തര ശസ്ത്രക്രിയകൾ മാത്രമാണ് നടത്തുന്നത്. ഹൃദയരോഗവിഭാഗത്തിൽ ശസ്ത്രക്രിയക്കായി അഡ്മിറ്റായ ഏഴ് രോഗികൾക്കാണ് കൂട്ടത്തോടെ കൊവിഡ് പോസിറ്റീവായത്. രണ്ട് ജീവനക്കാർക്കും കൊവിഡ് സ്ഥിരീകരിച്ചു.

അടിയന്തിര ചികിത്സയെ ബാധിക്കാതെ ആയിരിക്കും മേൽ  നിയന്ത്രണം. സാധാരണ ചെയ്തു വരുന്ന ശസ്ത്രക്രിയകൾ നിലവിലുള്ള കോവിഡ്  വ്യാപനം കുറയുന്നത് അനുസരിച്ചു പുനഃക്രമീകരിച്ചു നൽകും. 

ഒപി ചികിത്സ കുറച്ചതു മൂലം ഉണ്ടാകുന്ന പ്രയാസം ഒഴിവാക്കാൻ ടെലിമെഡിസിൻ സംവിധാനവും ഏർപ്പെടുത്തി. ശ്രീ ചിത്രയിൽ രജിസ്റ്റർ ചെയ്ത ഫയൽ ഉള്ള  രോഗികൾക്ക് ഡോക്ടറുമായി ടെലിഫോണിൽ  സംസാരിച്ചു ചികിത്സ തേടാവുന്നതാണ്. ഡോക്ടർ ഒപ്പിട്ട പ്രിസ്ക്രിപ്ഷൻ ഡൌൺലോഡ് ചെയ്യുവാനും ഇതിലൂടെ സാധിക്കും. റിവ്യൂ ഫീസ് ഓൺലൈൻ ആയി അടക്കുവാനുള്ള ലിങ്ക് മെഡിക്കൽ റെക്കോർഡ്‌സ് ഡിപ്പാർട്മെൻറ് മെസ്സേജ് ആയി രജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ  തരുന്നതായിരിക്കും. 04712524535 / 435 / 615. ഇമെയിൽ ആയും ടെലിമെഡിസിൻ അപേക്ഷ നൽകാവുന്നതാണ് mrd@sctimst.ac.in

click me!