നിയന്ത്രണങ്ങളിലും ഇളവുകളിലും നാളത്തെ അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും. ടിപിആർ കുതിച്ചുയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ല എന്നുള്ളതാണ് ആശ്വാസകരം.
തിരുവനന്തപുരം: ഓണാഘോഷങ്ങൾക്ക് പിന്നാലെ സംസ്ഥാനത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുമോ എന്ന ആശങ്കയിലാണ് ആരോഗ്യപ്രവർത്തകർ. നിയന്ത്രണങ്ങളിലും ഇളവുകളിലും നാളത്തെ അവലോകന യോഗത്തിൽ തീരുമാനമുണ്ടാകും. ടിപിആർ കുതിച്ചുയരുമ്പോഴും ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം കൂടുന്നില്ല എന്നുള്ളതാണ് ആശ്വാസകരം.
സംസ്ഥാനത്ത് ഓരോ ദിവസം കഴിയുംതോറും പരിശോധനകളും വാക്സീനേഷനും കുറയുകയാണ്. എന്നാൽ ടിപിആർ കുത്തനെ ഉയരുന്നു. ഓണാഘോഷങ്ങൾ കഴിയും മുമ്പേ പുറത്തുവരുന്ന കണക്കുകൾ കേരളത്തിന് ഒട്ടും ആശാവഹമല്ല. രണ്ട് ലക്ഷത്തിന് അടുത്ത് പരിശോധനകൾ നടന്നിരുന്ന കേരളത്തിൽ ഇന്നലെ നടന്നത് വെറും 96,481 പരിശോധനകളാണ്.
undefined
അഞ്ച് ശതമാനത്തിലേക്ക് എങ്കിലും ടിപിആർ കുറയ്ക്കണമെന്ന് ലക്ഷ്യമിട്ടിരുന്നിടത്ത് ഇന്നലെ ടിപിആർ കുതിച്ചുയർന്നത് 17.73 ശതമാനത്തിലേക്കാണ്. 30,000 ൽ താഴെ മാത്രമാണ് ഇന്നലെ നൽകാനായ വാക്സീൻ. ഓണത്തിനുണ്ടായ തിരക്കും ഇതിലൂടെയുള്ള വ്യാപനവും മൂലം ഇനിയുള്ള ദിവസങ്ങളിൽ കണക്കുകൾ ഉയരാനിടയുണ്ട്.
അതേസമയം ആശ്വാസത്തിന്റേതായ ചില വിവരങ്ങളുമുണ്ട്. 1,78,000 ത്തിലേറെ ആക്ടീവ് കേസുകളുള്ളപ്പോഴും 73 ശതമാനത്തോളം ഐസിയു കിടക്കകൾ ഒഴിഞ്ഞുകിടക്കുകയാണ്. രോഗവ്യാപനത്തിടയിലും ഗുരുതരമായി രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് ആശ്വാസകരമാണ്. ടെസ്റ്റ് പോസിറ്റിവിറ്റി ഉയരുന്ന സാഹചര്യത്തിൽ നാളത്തെ അവലോകന യോഗത്തിൽ കുടുതൽ ഇളവകളുണ്ടാകില്ലെന്നാണ് വിലയിരുത്തൽ. നിലവിലെ ഇളവുകൾ വെട്ടിച്ചുരുക്കുമോ എന്നാണ് ഇനി അറിയേണ്ടത്.