തെറ്റ് ചെയ്തില്ലെന്ന വാദത്തിൽ ഉറച്ചുനിന്നു; ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു

By Web Team  |  First Published Sep 13, 2023, 12:32 PM IST

തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വാദിച്ച വാസു, തെളിവുകളോ സാക്ഷികളെയോ ഹാജരാക്കിയിരുന്നില്ല


കോഴിക്കോട്: മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കരുളായി വനമേഖലയിൽ മാവോയിസ്റ്റുകളെ ഏറ്റുമുട്ടൽ കൊലപാതകവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ്  മോർച്ചറിക്ക് മുന്നിൽ സംഘം ചേർന്നുവെന്നും വഴി തടസപെടുത്തിയെന്നുമാണ് കേസ്. കുന്ദമംഗലം ജുഡീഷ്യൻ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഗ്രോ വാസുവിനെ വെറുതെ വിട്ടത്. കേസിൽ വാദം പൂർത്തിയായിരുന്നു.

കേസിൽ 7 സാക്ഷികളെയാണ് വിസ്തരിച്ചത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് വാദിച്ച വാസു, തെളിവുകളോ സാക്ഷികളെയോ ഹാജരാക്കിയിരുന്നില്ല. കഴിഞ്ഞ 45 ദിവസമായി കേസിൽ റിമാന്റിൽ കഴിയുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം കോടതിയിൽ മുദ്രാവാക്യം വിളിച്ചതിനാൽ ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയിരുന്നില്ല. പകരം ഓൺലൈനായാണ് കോടതി കേസ് പരിഗണിച്ചത്. 

Latest Videos

undefined

പ്രതിഷേധിക്കാനുള്ള ജനാധിപത്യപരമായ അവകാശത്തിന് വേണ്ടി പോരാടിയാണ് ഗ്രോ വാസു കേസിൽ മുന്നോട്ട് പോയത്. കേസിലെ കൂട്ടുപ്രതികളെല്ലാം 200 രൂപ പിഴയടച്ച് കോടതി നടപടികൾ അവസാനിപ്പിച്ചപ്പോൾ ഗ്രോ വാസു അതിന് തയ്യാറായില്ല. കോടതിയിൽ കേസ് പരിഗണിച്ചപ്പോഴൊന്നും ഹാജരായതുമില്ല. തുടർന്ന് കോടതി വാറണ്ടായാണ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. കേസ് പരിഗണിച്ചപ്പോഴൊന്നും താൻ തെറ്റ് ചെയ്തില്ലെന്ന വാദത്തിൽ നിന്ന് വാസു പിന്നോട്ട് പോയില്ല. കോഴിക്കോട് മെഡിക്കൽ കോളേജിൽ വഴി തടസപ്പെടുത്തിയതിൽ ആരാണ് പരാതിക്കാരെന്ന് ചോദിച്ച ഗ്രോ വാസു മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിച്ചതാണെന്നും കുറ്റപ്പെടുത്തിയിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
 

click me!