കയ്യിലൊരു ഫോണുണ്ടായിരുന്നു. ഫോണിന്‍റെ മറുതലയ്ക്കല്‍ കടയുടമ സായൂജെന്ന് തോന്നിക്കും വിധമായിരുന്നു പെരുമാറ്റം.
കൊച്ചി: കടയുടമയുടെ സ്വന്തം ആളെന്ന് ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് പണം തട്ടുന്നൊരു വിരുതന്‍ ഇറങ്ങിയിട്ടുണ്ട് കൊച്ചി നഗരത്തില്‍. കഴിഞ്ഞ ദിവസം കൊച്ചി പൊന്നുരുന്നിയിലെ കണ്ണട വില്‍പനക്കടയില്‍ നിന്നാണ് ഈ 'കണ്‍വിന്‍സിംഗ് തീഫ്' ഏറ്റവും ഒടുവില്‍ പണം തട്ടിയത്. സിസിടിവി ദൃശ്യങ്ങളടക്കം പരാതിയുമായി കടയുടമ പൊലീസിനെ സമീപിച്ചിട്ടുണ്ട്.
പൊന്നുരുന്നിയിലെ സ്പെക്സ് കെയര്‍ ഓപ്റ്റിക്കല്‍സില്‍ ഉടമ ഇല്ലാത്ത സമയം നോക്കിയായിരുന്നു തട്ടിപ്പുകാരന്‍റെ വരവ്. കയ്യിലൊരു ഫോണും. ഫോണിന്‍റെ മറുതലയ്ക്കല്‍ കടയുടമ സായൂജെന്ന് തോന്നിക്കും വിധവുമായിരുന്നു പെരുമാറ്റം. കൗണ്ടറിലുളള പണമെല്ലാം എടുത്തോളാന്‍ ഉടമ പറഞ്ഞെന്ന് ജീവനക്കാരിയോട് പറഞ്ഞു. തട്ടിപ്പുകാരന്‍റെ പെരുമാറ്റത്തില്‍ സംശയമൊന്നും തോന്നാതിരുന്ന ജീവനക്കാരി ഉണ്ടായിരുന്ന പണം കൈമാറി. ഒരു സംശയത്തിനും ഇടനല്‍കാതെ കാശ് എണ്ണി തിട്ടപ്പെടുത്തി തട്ടിപ്പുകാരന്‍ മടങ്ങി. ഉടമ തിരികെ കടയിലെത്തിയപ്പോഴാണ് തട്ടിപ്പ് അറിഞ്ഞത്.
undefined
"ഫോണിൽ എന്നോട് സംസാരിക്കുകയാണെന്ന വ്യാജേനയാണ് അയാൾ കടയിലെത്തിയത്. ഞാൻ പൈസ കൊടുക്കാനുണ്ടെന്നും അത് വാങ്ങാൻ വന്നതാണെന്നും എന്ന നിലയിലാണ് വന്നയാൾ അഭിനയിച്ചത്. ഇവിടെയുള്ള മുഴുവൻ പൈസയും തരാൻ പറഞ്ഞു എന്നാണ് ജീവനക്കാരിയോട് പറഞ്ഞത്. ഞാൻ കടയിൽ നിന്ന് പോയിട്ട് അര മണിക്കൂറേ ആയിട്ടുള്ളൂ. എന്‍റെ സ്റ്റാഫ് കരുതിയത് വന്നയാളോട് ഫോണിൽ സംസാരിക്കുന്നത് ഞാനാണെന്നാണ്. എന്നിട്ട് സ്റ്റാഫ് പൈസ എടുത്ത് കൊടുക്കുകയും ചെയ്തു. ഇങ്ങനെയുള്ള തട്ടിപ്പ് പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും എന്നെ സംബന്ധിച്ച് ഇതാദ്യമാണ്"- സായൂജ് പറഞ്ഞു.