സ്വപ്നയും ഷാജ് കിരണും തമ്മിലുള്ള സംഭാഷണത്തിൻ്റെ ശബ്ദരേഖ ഇന്ന് മൂന്ന് മണിക്ക് പുറത്തു വിടും

By Web Team  |  First Published Jun 10, 2022, 8:36 AM IST

വൈകിട്ട് മൂന്ന് മണിക്ക് ശബ്ദരേഖ പുറത്തുംവിടും എന്നാണ് സ്വപ്നയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. പാലക്കാട് വച്ചാവും ശബ്ദരേഖ പുറത്തു വിടുക. 
 


പാലക്കാട്:  സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും സർക്കാരിൻ്റെ ഇടനിലക്കാരനെന്ന് സ്വപ്ന ആരോപിക്കുന്ന സുഹൃത്ത് ഷാജ് കിരണും തമ്മിൽ നടത്തിയ സംഭാഷണത്തിൻ്റെ ശബ്ദരേഖ ഇന്നു പുറത്തുവിടും. വൈകിട്ട് മൂന്ന് മണിക്ക് ശബ്ദരേഖ പുറത്തുംവിടും എന്നാണ് സ്വപ്നയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നത്. പാലക്കാട് വച്ചാവും ശബ്ദരേഖ പുറത്തു വിടുക. 

മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ ഷാജ് കിരൺ ഭീഷണിപ്പെടുത്തിയെന്നാണ് സ്വപ്നയുടെ ആരോപണം. ഇത് തെളിയിക്കാൻ ആവശ്യമായ ശബ്ദരേഖ കയ്യിൽ ഉണ്ടെന്നും അത് ഇന്ന് പുറത്തുവിടുമെന്നും സ്വപ്ന ഇന്നലെ വ്യക്തമാക്കിയിരുന്നു. അതേസമയം മുഖ്യമന്ത്രിയെയോ സിപിഎം സംസ്ഥാന സെക്രട്ടറി ഉൾപ്പെടെയുള്ള മറ്റ് നേതാക്കളെയോ പരിചയമില്ലെന്ന് ഷാജ് കിരൺ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സുഹൃത്ത് എന്ന നിലയിലാണ് സ്വപ്നയുമായി സംസാരിച്ചതെന്നും സ്വപ്ന വിളിച്ചതനുസരിച്ചാണ് കഴിഞ്ഞ ദിവസം പാലക്കാട് പോയി അവരെ കണ്ടതെന്നുമാണ് ഷാജ് കിരണിന്റെ വാദം. 

Latest Videos

'സ്വപ്നയോട് സംസാരിച്ചിട്ടില്ല, കേസുമായിബന്ധമില്ല', ഷാജ് കിരണിനെ അറിയില്ലെന്നും വിജയ് സാഖറെ 

കൊച്ചി: സ്വപ്നയെ ബന്ധപ്പെടാൻ ശ്രമിച്ചിട്ടില്ലെന്ന് എഡിജിപി വിജയ് സാഖറെ. ഷാജ് കിരണിനെ അറിയില്ലെന്നും കേസുമായി ഒരു ബന്ധമില്ലെന്നും വിജയ് സാഖറെ പറഞ്ഞു. സ്വപ്നയ്ക്ക് എന്തുവേണമെങ്കിലും പറയാം. എന്തുകൊണ്ട് ഇങ്ങനെ പറഞ്ഞു എന്ന് സ്വപ്നയോട് തന്നെ ചോദിക്കണമെന്നും വിജയ് സാഖറെ പറഞ്ഞു. ഷാജ് കിരണിൻറെ ഫോണിൽ എഡിജിപി നിരന്തരം വിളിച്ചിരുന്നു എന്നാണ് ഇന്ന് സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. 

അതേസമയം സ്വപ്ന സുരേഷിൻറെ വെളിപ്പെടുത്തലിന് പിന്നിലെ ഗൂഡാലോചന ക്രൈം ബ്രാഞ്ച് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. ഒരു എസ് പിയും 10 ഡിവൈഎസ്‍പിമാരും അടങ്ങുന്ന വലിയ സംഘത്തിനാണ് ചുമതല. സ്വപ്നയും പി സി ജോർജ്ജും ചേർന്നുള്ള ഗൂഡാലോചനയാണ് വെളിപ്പെടുത്തലിന് പിന്നിലെന്ന കെ ടി ജലീലിൻറെ പരാതി അന്വേഷിക്കാനാണ് വൻ സംഘം. കൻറോൺമെൻറ് പൊലീസ് രജിസ്റ്റർ ചെയ്ത കേസാണ് അതിവേഗം പ്രത്യേക സംഘം ഏറ്റെടുത്തത്. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ക്ക് ദർവേസ് സാഹിബിൻെറ നേതൃത്വത്തിലുള്ള സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി മധുസുധനനാണ്. പി സി ജോർജ്ജിനെയും സ്വപ്നയെയും സരിത എസ് നായരെയും സംഘം വൈകാതെ ചോദ്യം ചെയ്യും. 

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്

പുതിയ വിവാദങ്ങൾക്കിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരുന്നുണ്ട്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായി അടക്കം ഉന്നയിച്ച ആരോപണങ്ങളും തുടർന്നുണ്ടായ രാഷ്ട്രീയ വിവാദങ്ങളും സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയാകും. മുഖ്യമന്ത്രിയെ ലക്ഷ്യം വച്ച് സ്വപ്ന നടത്തിയ വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വിവാദം ആളിക്കത്തിക്കുമ്പോൾ എങ്ങനെ പ്രതിരോധിക്കണം എന്നുള്ളതും  ചർച്ചയാകും. 

അന്വേഷണ സംഘം ഉടൻ യോഗം ചേരും

അതേസമയം സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലിലെ ഗൂഢാലോചന അന്വേഷിക്കുന്ന പ്രത്യേക പൊലീസ് സംഘം ഉടൻ യോഗം ചേരും.  ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്വേഷണ സംഘാംഗങ്ങളുടെ യോഗത്തിന് ശേഷമായിരിക്കും തുടർ നടപടി. പി.സി.ജോർജിനെയും സ്വപ്‍നയെയുമാണ് പ്രതി ചേർത്തിട്ടുള്ളത്. ഇരുവരെയും ചോദ്യം ചെയ്യുകയായിരിക്കും ആദ്യ നടപടി. പ്രത്യേക സംഘത്തെ നിയോഗിച്ച് ഉത്തരവിറക്കിയെങ്കിലും കന്റോൺമെന്റ് സ്റ്റേഷനിലുള്ള ഫയലുകൾ കൈമാറിയിട്ടില്ല. അന്വേഷണ സംഘം സോളാർ കേസിലെ പ്രതി സരിതയെയും ചോദ്യം ചെയ്യും. സരിതയും പി.സി.ജോർജുമായുള്ള ശബ്ദരേഖ പുറത്തുവന്നിരുന്നു. സൈബർ തെളിവുകളും അന്വേഷണ സംഘം പരിശോധിക്കും. സ്വപ്നയെ അറസ്റ്റ് ചെയ്യില്ലെന്ന് പൊലീസ്  കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

click me!