രണ്ട് തവണ പ്രധാനമന്ത്രിയാകാൻ ആവസരം കിട്ടിയിട്ടും വേണ്ടെന്നുവച്ച നേതാവാണ് സോണിയാ ഗാന്ധി എന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: പ്രധാനമന്ത്രിയാകാൻ അവസരം നൽകിയിട്ടും അത് വേണ്ടെന്നു വച്ച മഹതിയായ സോണിയ ഗാന്ധിയെയാണ് കേന്ദ്രസർക്കാർ ആക്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡീ.സതീശൻ. സോണിയാ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. കോൺഗ്രസ് കീഴടങ്ങില്ലെന്നും രാജ്യം ഭരിക്കുന്നവർക്ക് ഭയം ആണെന്നും സതീശൻ കുറ്റപ്പെടുത്തി.ഹിറ്റ്‍ലർക്കും മുസ്സോളിനിക്കും ഉണ്ടായിരുന്നു ഈ ഭയം. അതേ ഭയമാണ് നരേന്ദ്ര മോദിക്കും. ചുറ്റിനുമുള്ള എല്ലാത്തിനോടും ഉള്ള ഈ ഭയമാണ് ഇത്തരം കേസുകൾക്ക് പിന്നിലെന്നും വി.ഡി.സതീശൻ ആരോപിച്ചു.
രണ്ട് തവണ പ്രധാനമന്ത്രി പദം കിട്ടിയിട്ടും സ്വീകരിക്കാതെ മാറി നിന്ന നേതാവാണ് സോണിയ. സ്വാർത്ഥരഹിതയായ നേതാവാണ്. നാഷണൽ ഹെറാൾഡ് കേസിൽ എന്താണ് സംഭവിക്കുന്നതെന്ന് എന്ന് എല്ലാവർക്കും അറിയാം. സോണിയക്കോ രാഹുലിനോ ഇക്കാര്യത്തിൽ വീഴ്ചകൾ ഉണ്ടായിട്ടില്ല. പുകമറയുണ്ടാക്കി അപമാനിക്കാനാണ് ഇഡിയുടെ നീക്കം. അപകീർത്തിപ്പെടുത്താം. ബുദ്ധിമുട്ടിക്കാം. അതിലപ്പുറം ഈ നീക്കത്തിൽ ഒന്നുമില്ല. രാജ്യത്ത് നിരവധി കേസുകൾ ഇനി എടുക്കുന്നുണ്ട്. അതിൽ വിരലിലെണ്ണാവുന്ന കേസുകൾ മാത്രമാണ് കോടതിയിൽ എത്തുന്നത്.
അതേസമയം കേരളത്തിലെ സ്ഥിതി വ്യത്യസ്തമാണ്. നയതന്ത്ര സ്വർണക്കടത്ത് കേസ് ഇഡിക്ക് മാത്രമായി അന്വേഷിക്കാൻ ആകില്ലെന്ന് സതീശൻ പറഞ്ഞു. സിബിഐ അന്വേഷത്തെയും വിശ്വാസമില്ല. അതുകൊണ്ടാണ് ഇവിടെ ജുഡീഷ്യൽ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതെന്നും സതീശൻ പറഞ്ഞു. സോണിയയെ ചോദ്യം ചെയ്യുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.ഡി.സതീശൻ. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എം.എം.ഹസൻ എന്നിവരും മാർച്ചിൽ പങ്കെടുത്തു.
നേരത്തെ നിയമസഭയ്ക്കകത്ത് ഇഡി വിഷയത്തിൽ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും കൊമ്പുകോർത്തു. സ്വർണക്കടത്തില്‍ ഹൈക്കോടതി മേൽനോട്ടത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. ഇഡിയെ വിമര്‍ശിച്ചും സർക്കാരിനെ കുത്തിയുമായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ സബ് മിഷൻ. കേസ് കേരളത്തിൽ നിന്നും മാറ്റിയാൽ സംസ്ഥാനം ആഗ്രഹിക്കുന്ന സത്യസന്ധമായ അന്വേഷണം നടക്കില്ലെന്ന് പറഞ്ഞാണ് കോടതി മേൽനോട്ടത്തിലെ സിബിഐ അന്വേഷണം സതീശൻ ആവശ്യപ്പെട്ടത്. ഇഡിയെ വിശ്വസിക്കാന്‍ പറ്റില്ല. ഹൈക്കോടതി മേല്‍നോട്ടത്തില്‍ സിബിഐ കേസ് അന്വേഷിക്കണം. സര്‍ക്കാര്‍ ഇത് ആവശ്യപ്പെടണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. എന്നാല്‍ ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് നന്ദിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ മറുപടി.