അദ്ദേഹവും സിപിഎമ്മുമായി സഹകരിക്കുമെന്ന് സൂചന. സിപിഎം ഓഫീസിൽ എത്തി നേതാക്കളെ കാണുമെന്നുമാണ് വിവരം.
പാലക്കാട്: പാലക്കാട് വീണ്ടും കോൺഗ്രസ് പ്രാദേശിക നേതാവ് പാർട്ടി വിടുന്നു. യൂത്ത് കോൺഗ്രസ് പാലക്കാട് ഈസ്റ്റ് മുൻ മണ്ഡലം പ്രസിഡന്റ് ഹക്കീം കൽമണ്ഡപം ആണ് പാർട്ടി വിടുന്നത്. ഇദ്ദേഹം സിപിഎമ്മുമായി സഹകരിക്കുമെന്ന് സൂചന. സിപിഎം ഓഫീസിൽ എത്തി നേതാക്കളെ കാണുമെന്നുമാണ് വിവരം.
കഴിഞ്ഞ ദിവസം ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെഎ സുരേഷ് ആണ് പാർട്ടി വിട്ടിരുന്നു. ഷാഫിയുടെ ഏകാധിപത്യ നിലപാടിൽ പ്രതിക്ഷേധിച്ചാണ് സുരേഷിന്റെ നടപടി. പാലക്കാട്ടെ ഇടതു സ്ഥാനാർത്ഥി പി സരിന് വേണ്ടി പ്രവർത്തിക്കുമെന്ന് സുരേഷ് വ്യക്തമാക്കിയിരുന്നു ഷാഫിക്കൊപ്പം നിൽക്കുന്നവർക്ക് മാത്രമാണ് പാർട്ടിയിൽ പരിഗണനയെന്നും സുരേഷ് ആരോപിച്ചിരുന്നു.
അതേ സമയം, പിരായിരി കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജി ശശിയും ഭാര്യ സിതാരയും പാലക്കാട്ടെ ഇടത് സ്ഥാനാർത്ഥി ഡോ. പി. സരിന് പിന്തുണ പ്രഖ്യാപിച്ച് ഇന്നലെ രംഗത്തെത്തിയിരുന്നു. പി സരിനെ പിന്തുണക്കാൻ ഉള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് സിതാരയും ജി ശശിയും വ്യക്തമാക്കി. ഷാഫി പറമ്പിലിന്റെ നിലപാടിൽ പലർക്കും എതിർപ്പുണ്ട്. അവർ പരസ്യമായി നിലപാട് പറയുന്നില്ലെന്നേ ഉള്ളൂവെന്നുും ഇരുവരും പറഞ്ഞിരുന്നു
പിരായിരി പഞ്ചായത്ത് അംഗമാണ് സിതാര ശശി. ഷാഫി പറമ്പിൽ വാക്ക് പാലിക്കാത്തതുകൊണ്ടാണ് സ്ഥാനാർത്ഥിക്ക് പിന്തുണ പ്രഖ്യാപിക്കുന്നതെന്നായിരുന്നു സിതാരയുടെ പ്രതികരണം. ഷാഫി പറമ്പിൽ വിജയിച്ച ശേഷം തിരിഞ്ഞു നോക്കിയിട്ടില്ലെന്നും നൽകിയ വികസന വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും സിത്താര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.
അതിനിടെ, കോൺഗ്രസ് പ്രവർത്തകരുടെ കൊഴിഞ്ഞുപോക്ക് തുടരുന്ന പാലക്കാട് നിയോജക മണ്ഡലത്തിലെ പിരായിരിയിൽ ഇന്ന് കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എത്തും. വൈകിട്ട് 5 മണിക്ക് കോൺഗ്രസ് പുതുക്കുളങ്ങരയിലെ കുടുംബ സംഗമത്തിൽ അദ്ദേഹം പങ്കെടുക്കും. പിരായിരി പഞ്ചായത്തിലെ കോൺഗ്രസ് മണ്ഡലം സെക്രട്ടറിയും ദളിത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റും ഇടതു സ്ഥാനാർഥിക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് നീക്കം. ബെന്നി ബഹന്നാൻ, ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ തുടങ്ങിയവരും പരിപാടിക്കെത്തും.