'പ്രിയങ്കാഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ടുകൊണ്ടാണെന്ന് പറയാൻ വിജയരാഘവനേ കഴിയൂ'; പ്രതികരിച്ച് വിഡി സതീശൻ

By Web Team  |  First Published Dec 22, 2024, 11:02 AM IST

പ്രിയങ്കാഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ടുകൊണ്ടാണെന്ന് പറയാൻ വിജയരാഘവനേ കഴിയൂ. സംഘപരിവാർ അജണ്ട സിപിഎം കേരളത്തിൽ നടപ്പിലാക്കുകയാണെന്നും സതീശൻ പറഞ്ഞു. 


കൊച്ചി: എഡിജിപി എംആർ അജിത് കുമാറിനെതിരെയുള്ള അന്വേഷണം പ്രഹസനമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എ ഡിവിഷനിൽ നിന്ന് ബി യിലേക്ക് മാറ്റി. ആർഎസ്എസ് നേതാക്കളെ അജിത്കുമാർ കണ്ടത് മുഖ്യമന്ത്രിക്ക് വേണ്ടിയാണെന്നും വിഡി സതീശൻ പറഞ്ഞു. മുണ്ടക്കൈ- ചൂരൽമലയിലെ പുനരധിവാസം അടിയന്തിരമായി നടപ്പിലാക്കണമെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

പ്രിയങ്കാഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ടുകൊണ്ടാണെന്ന് പറയാൻ വിജയരാഘവനേ കഴിയൂ. സംഘപരിവാർ അജണ്ട സിപിഎം കേരളത്തിൽ നടപ്പിലാക്കുകയാണെന്നും സതീശൻ പറഞ്ഞു. താൻ വിമർശനത്തിന് അതീതനല്ലെന്നായിരുന്നു എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വിമർശനങ്ങളോടുള്ള സതീശന്റെ പ്രതികരണം. സമുദായ നേതാക്കൾക്ക് വിമർശിക്കാൻ സ്വാതന്ത്ര്യമുണ്ട്. വിമർശനത്തിൽ കാര്യമുണ്ടോ എന്നു പരിശോധിക്കും. എല്ലാ ജാതി മത വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ് കോൺഗ്രസ്. അകന്നുപോയ പല വിഭാഗങ്ങളെയും തിരിച്ചുകൊണ്ടുവന്നു. എൻഎസ്എസ് നിലപാടിനെ 2021 ലും 22ലും പ്രശംസിച്ചിട്ടുണ്ട്. അത് പുതിയ നിലപാടല്ല. സംഘപരിവാറിനെതിരെ നിലപാടെടുത്തതിന് നേരത്തെയും എൻഎസ്എസിനെ പ്രശംസിച്ചിരുന്നുവെന്നും സതീശൻ പറഞ്ഞു.

Latest Videos

undefined

അതേസമയം, രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വയനാട്ടിലെ ചരിത്ര വിജയത്തില്‍ വര്‍ഗീയത കണ്ടെത്തിയ സിപിഎം പിബി അംഗം എ വിജയരാഘവന്റെ പരാമര്‍ശത്തിലൂടെ പുറത്തുവന്നത് ന്യൂനപക്ഷ വിരുദ്ധത മുഖമുദ്രയാക്കിയ സംഘപരിവാര്‍ അജണ്ടയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയും പ്രതികരിച്ചു. കടുത്ത ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിച്ച് സിപിഎം തീവ്ര ഹിന്ദുത്വത്തിലേക്ക് അതിവേഗം വ്യതിചലിക്കുകയാണ്. ആര്‍എസ്എസ് വത്കരണമാണ് സിപിഎമ്മില്‍ നടക്കുന്നത്. അതിന് തെളിവാണ് വിജയരാഘവന്റെ വാക്കുകള്‍. സിപിഎം നേരിടുന്ന ആശയ ദാരിദ്ര്യവും ജീര്‍ണതയുമാണ് പ്രകടമായത്. രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വയനാട്ടിലെ വിജയം ബഹുഭൂരിപക്ഷം മതേതര ജനാധിപത്യ ചേരിയിലുള്ള ജനവിഭാഗത്തിന്റെ പിന്തുണയോടെയാണ്. അതിനെ വര്‍ഗീയമായി ചാപ്പകുത്തുന്നത് വയനാട്ടിലെ ജനങ്ങളെ അപമാനിക്കുന്നതാണെന്നും കെ. സുധാകരന്‍ പറഞ്ഞു.

രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും ഐക്യവും സംരക്ഷിക്കാനും നിലനിര്‍ത്താനും വര്‍ഗീയ ഫാസിസ്റ്റ് ശക്തികളോട് സന്ധിയില്ലാതെ പോരാട്ടം നടത്തുന്നവരാണ് രാഹുലും പ്രിയങ്കയും. വിജയരാഘവന്‍ പിന്തുടരുന്ന പ്രത്യയശാസ്ത്രത്തിലെ മൂല്യച്യുതിയും രാഷ്ട്രീയ തിമിരവും അദ്ദേഹത്തെ ബാധിച്ചതിനാലാണ് എല്ലാത്തിലും വര്‍ഗീയത കാണുന്നത്. ദേശീയതലത്തില്‍ രാഹുലും പ്രിയങ്കയും നേതൃത്വം നല്‍കുന്ന ഇന്ത്യാ മുന്നണിയുടെ ഭാഗമാണ് സിപിഎമ്മെന്ന കാര്യം വിജയരാഘവന്‍ വിസ്മരിക്കരുതെന്നും കെ സുധാകരന്‍ പറഞ്ഞു.

പഞ്ചാബിൽ 6 നില കെട്ടിടം തകർന്നുണ്ടായ അപകടം; ഒരു മരണം, നിരവധിപേർക്ക് പരിക്ക്, രക്ഷാപ്രവർത്തനം തുടരുന്നു

https://www.youtube.com/watch?v=Ko18SgceYX8


 

click me!