സിപിഎം സമ്മേളനവുമായി ബന്ധപ്പെട്ട് റോഡ് അടച്ച് സ്റ്റേജ് കെട്ടിയപ്പോൾ അന്ന് കേസെടുക്കാൻ മടിച്ച പൊലീസിന് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെ കണ്ടാലറിയാവുന്നവരുടെ കൂട്ടത്തിലായിരുന്നു.
തിരുവനന്തപുരം : പി.വി അൻവർ എംഎൽഎയുടെ അറസ്റ്റിലെ സർക്കാരിൻറെ ഉദ്ദേശശുദ്ധി ശരിയല്ലെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ എംപി. പൊതുമുതൽ നശിപ്പിച്ച കേസിന്റെ പേരിൽ പി വി അൻവറെ വീട് വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അറസ്റ്റ് ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം എന്താണെന്ന് സുധാകരൻ ചോദിച്ചു.
'പൊതുപ്രവർത്തകനും എംഎൽഎയുമാണ് അദ്ദേഹം. പിടികിട്ടാപ്പുള്ളിയല്ല. അറസ്റ്റിന് പൊലീസ് അമിത വ്യഗ്രത കാണിച്ചു. സിപിഎം സമ്മേളനവുമായി ബന്ധപ്പെട്ട് റോഡ് അടച്ച് സ്റ്റേജ് കെട്ടിയപ്പോൾ അന്ന് കേസെടുക്കാൻ മടിച്ച പൊലീസിന് പാർട്ടി സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെ കണ്ടാലറിയാവുന്നവരുടെ കൂട്ടത്തിലായിരുന്നു. അന്ന് പൊലീസ് കാണിക്കാത്ത ആത്മാർത്ഥത അൻവറിനെ അറസ്റ്റ് ചെയ്യാൻ കാണിച്ചിട്ടുണ്ടെങ്കിൽ അതിന് പിന്നിലെ ഉന്നത രാഷ്ട്രീയ ഗൂഢാലോചന വ്യക്തമാണെന്നും കെ. സുധാകരൻ പറഞ്ഞു.
നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് തകർത്ത കേസിൽ പിവി അൻവർ ഒന്നാം പ്രതിയാണ്. ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചുമത്തിയ കേസിൽ അൻവർ അടക്കം 11 പ്രതികളാണുളളത്. കൃത്യനിർവഹണം തടയൽ, പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകളാണ് ചുമത്തിയത്. യുവാവിനെ ആന ചവിട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് നടത്തിയ മാർച്ചാണ് വനംവകുപ്പ് ഓഫീസ് ആക്രമണത്തിലേക്കെത്തിയത്. എഫ്ഐആറിൽ അൻവറിന്റെ മാത്രമാണ് പേരുളളത്. മറ്റുപ്രതികളുടെ പേര് വിവങ്ങളില്ല.