പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപിയുടെ യുവം പരിപാടിക്ക് ബദല്‍ പ്രഖ്യാപിച്ച് വെട്ടിലായി കെപിസിസി

By Web Team  |  First Published Apr 22, 2023, 7:14 AM IST

രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ച് കൊച്ചിയില്‍ യുവാക്കളുമായുള്ള സംവാദപരിപാടി സംഘടിപ്പിക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍റെ പ്രഖ്യാപനം.


തിരുവനന്തപുരം : പ്രധാനമന്ത്രി പങ്കെടുക്കുന്ന ബിജെപിയുടെ യുവം പരിപാടിക്ക് ബദല്‍ പ്രഖ്യാപിച്ച് കെപിസിസി വെട്ടിലായി. യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തിന് തൃശ്ശൂരില്‍ എത്തുന്ന രാഹുല്‍ ഗാന്ധിയെ ബദല്‍ പരിപാടിക്ക് നല്‍കാനാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നിലപാടെടുത്തു. രാഹുല്‍ ഗാന്ധിയെ പങ്കെടുപ്പിച്ച് കൊച്ചിയില്‍ യുവാക്കളുമായുള്ള സംവാദപരിപാടി സംഘടിപ്പിക്കുമെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍റെ പ്രഖ്യാപനം.

രാഹുല്‍ കേരളത്തിലെ പരിപാടിയിൽ പങ്കെടുക്കും. അത് കെപിസിസി പരിപാടിയിലാണോ യൂത്ത് കോണ്‍ഗ്രസിന്‍റെ സംസ്ഥാന സമ്മേളനത്തിലാണോ എന്ന കാര്യത്തിലാണ് തര്‍ക്കം. മെയ് രണ്ടാംവാരത്തിന് ശേഷം തൃശ്ശൂരിലാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. ഇതിനെത്തുന്ന രാഹുല്‍ ഗാന്ധിയെ കൊച്ചിയിലെ പരിപാടിയിലേക്ക് മാറ്റാനുള്ള രാഷ്ടീയകാര്യ സമിതിയുടെ തീരുമാനത്തിനെതിരെയാണ് ഷാഫി പറമ്പില്‍ കെപിസിസിയെ സമീപിച്ചത്. ഇതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന കൊച്ചിയിലെ യുവം പരിപാടിക്ക് ബദല്‍ ഒരുക്കാനുള്ള കോണ്‍ഗ്രസ് നീക്കം പ്രതിസന്ധിയിലായി. എങ്കില്‍ യൂത്ത് കോണ്‍ഗ്രസ് സമ്മേളനം കൊച്ചിയിലേക്ക് മാറ്റണമെന്ന നിര്‍ദേശം കോണ്‍ഗ്രസ് നേതാക്കള്‍ മുന്നോട്ടുവച്ചു. തൃശ്ശൂരില്‍ നിന്ന് മാറ്റാനാകില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് നേതൃത്വവും അറിയിച്ചു. 

Latest Videos

സുഡാൻ രക്ഷാ ദൗത്യം: തയ്യാറാകാൻ വ്യോമ-നാവിക സേനകൾക്ക് നിർദ്ദേശം, കടൽമാർഗം ഒഴിപ്പിക്കലിന് ഊന്നൽ

മാത്രവുമല്ല യൂത്ത് കോണ്‍ഗ്രസ് നേതൃത്വവുമായി കൂടിയാലോചിക്കാതെ കെപിസിസി യുവാക്കളെ അണിനിരത്തിയുള്ള പരിപാടി പ്രഖ്യാപിച്ചതിലും സംസ്ഥാന നേതൃത്വം പ്രതിഷേധത്തിലാണ്. കര്‍ഷകരെയും യുവാക്കളെയും ഉള്‍പ്പെടുത്തിയുള്ള സംവാദപരിപാടിയാണ് കെപിസിസി കൊച്ചിയില്‍ ലക്ഷ്യമിട്ടത്. എന്നാല്‍ മോദിയുടെ പരിപാടിക്ക് ബദല്‍ ഒരുക്കുന്നത് അനാവശ്യമായ പ്രസക്തി നല്‍കലാണെന്ന വിലയിരുത്തലാണ് യൂത്തുകോണ്‍ഗ്രസിന്. ഇതോടെ പ്രഖ്യാപിച്ച പരിപാടി എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് കെപിസിസി നേതൃത്വം. 

 

 

 

 

click me!