മദ്യപിച്ച് ബൈക്കിൽ തെന്നിവീണ സിപിഐ ചിറയിൻകീഴ് എനീസ് ബ്ലോക്ക് ബ്രാഞ്ച് സെക്രട്ടറി ജെഹാംഗീറും സുഹൃത്ത് നസീറും ചേർന്നാണ് പ്രവാസിയായ ഷെബീർ ഖാനെയും ഭാര്യയെയും വീട് കയറി ആക്രമിച്ചത്.
തിരുവനന്തപുരം: അപകടത്തിൽ പരിക്കേറ്റ സിപിഐ ബ്രാഞ്ച് സെക്രട്ടറിയെയും കുടുംബത്തെയും സഹായിച്ച പ്രവാസിയ്ക്കും കുടുംബത്തിനും ക്രൂരമർദ്ദനം. മദ്യപിച്ച് ബൈക്കിൽ തെന്നിവീണ സിപിഐ ചിറയിൻകീഴ് എനീസ് ബ്ലോക്ക് ബ്രാഞ്ച് സെക്രട്ടറി ജെഹാംഗീറും സുഹൃത്ത് നസീറും ചേർന്നാണ് പ്രവാസിയായ ഷെബീർ ഖാനെയും ഭാര്യയെയും വീട് കയറി ആക്രമിച്ചത്. ക്രൂരമായ മർദ്ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം മംഗലപുരം പൊലീസിന് കൈമാറിയെങ്കിലും പൊലീസ് പ്രതികള്‍ക്ക് ജാമ്യം നൽകി വിട്ടയച്ചു.
തിങ്കളാഴ്ച രാത്രി പതിനൊന്നര മണിക്ക് തോന്നയ്ക്കലിലെ വീട്ടിന് മുന്നിൽ കുട്ടിയുടെ കരച്ചിൽ കേട്ടാണ് പ്രവാസിയായ ഷെബീറും ഭാര്യയും ഉണരുന്നത്. റോഡിൽ സ്കൂട്ടറിൽ നിന്നും വീണ് കിടക്കുന്ന ജെഹാംഗീറിനെയും ഭാര്യയെയും മകളെയുമാണ് ഇവർ കാണുന്നത്. വഴിയാത്രക്കാരായ ചിലരും രക്ഷിക്കാനെത്തി. എല്ലാവരും ചേർന്ന് ജെഹാംഗീറീനെയും കുടുംബത്തെയെയും ഷെബീറിന്‍റെ വീട്ടിലേക്ക് കൂട്ടികൊണ്ടുവന്നു, വെള്ളം കൊടുത്തു. മദ്യ ലഹരിയിലായിരുന്നു ജെഹാഗീറെന്ന് ഷെബീർ പറയുന്നു. ഇതിനിടെ നസീറെന്ന സുഹൃത്തിനെ വിളിച്ചിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി വഴിയാത്രക്കാരായ ചെറുപ്പക്കാർ വാഹനമെടുക്കുന്നതിനിടെ നസീർ അവിടെയെത്തി. മദ്യലഹരിയിലായിരുന്ന നസീർ പ്രകോപനമൊന്നും കൂടാതെ രക്ഷിക്കാനെത്തിവർക്കുമേൽ തട്ടികയറി കൈയ്യറ്റം ചെയ്യുകയായുമായിരുന്നു, ജെഹാഗീറും മർദ്ദിച്ചു. ജെഹാംഗീറിൻ്റെ ഭാര്യയുടെ സ്വർണ്ണമാല പിടിച്ചെടുത്തെന്നും പരാതിയുണ്ട്.
മർദ്ദനമേറ്റ ഷബീറും ഭാര്യും ആശുപത്രിയിൽ പോകുന്നതിന് മുമ്പ് പൊലീസിനെ വിവരം അറിയിച്ചു. സിസിടിവി ദൃശ്യങ്ങളും കൈമാറി. മംഗപുരം പൊലീസ് പ്രതികളെയും വാദിയെയും വിളിച്ചു വരുത്തി. പക്ഷെ വീടുകയറി സ്ത്രീയെ ഉള്‍പ്പെടെ ആക്രമിച്ച് സ്വർണം തട്ടിയെടുത്തകൊടുത്ത പ്രതികള്‍ക്ക് പൊലീസ് സഹായം നൽകി. മംഗലപുരം പൊലീസിൻ്റെ നടപടിക്കെതിരെ ഷെബീർ ഖാൻ റൂറൽ എസ്പിക്കും, ഡിജിപിക്കും പരാതി നൽകി. ഇപ്പോഴും പ്രതികള്‍ നിന്നുള്ള ആക്രമണ ഭീതിയിലാണ് ഈ കുടുംബം.