'5 ദിവസത്തെ പിപിഇ കിറ്റിന് 37, 352 രൂപ'; സ്വകാര്യ ആശുപത്രികളുടെ കഴുത്തറപ്പൻ ഫീസിനെതിരെ രോഗികൾ രംഗത്ത്

By Web Team  |  First Published May 9, 2021, 10:53 AM IST

തൃശ്ശൂർ സ്വദേശിയായ രോഗിയിൽ നിന്ന് പിപിഇ കിറ്റിന് അഞ്ച് ദിവസത്തേക്ക് 37, 352 രൂപയാണ് ആശുപത്രി ഈടാക്കിയത്. പത്ത് ദിവസം കിടന്ന ആൻസൻ എന്ന രോഗിയ്ക്ക് നൽകേണ്ടിവന്നത്  44,000 രൂപ. 


കൊച്ചി: കൊവിഡ് രണ്ടാം തരംഗത്തിൽ ജനം വലയുമ്പോൾ ചികിത്സ ഫീസിന്‍റെ പേരിൽ സ്വകാര്യ ആശുപത്രികളുടെ കൊള്ള തുടരുന്നു. പിപിഇ കിറ്റിനായി രോഗികളിൽ നിന്ന് ഈടാക്കുന്നത് പതിനായിരങ്ങളാണ്. ആലുവ അൻവർ മെമ്മോറിൽ ആശുപത്രി ഒരു രോഗിയിൽ നിന്ന് അഞ്ച് ദിവസത്തെ  പിപിഇ കിറ്റ് ഫീസായി വാങ്ങിയത്  37,350 രൂപയാണ്. വിഷയം ഹൈക്കോടതി നാളെ പരിഗണിക്കാനിരിക്കെയാണ് കഴുത്തറപ്പൻ ഫീസിന്‍റെ കൂടുതൽ തെളിവുകൾ പുറത്ത് വരുന്നത്.

കൊവിഡ് അതിജീവിച്ച് ആശുപത്രി വിടാനിരുന്ന ആൻസന് ഇടിത്തീ പോലെയായിരുന്നു ആശുപത്രിയില്‍ നിന്ന് നിൽകിയ ബില്ല്. പത്ത് ദിവസം ചികിത്സിച്ചതിന് നൽകിയത് 1 ലക്ഷത്തി അറുപത്തി ഏഴായിരം രൂപയുടെ ബില്ലാണ്. വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ആശുപത്രി ആയതിനാൽ ബില്ല് കുറവാകുമെന്ന് കരുതിയാണ് ഇവിടെയെത്തിയത്. എന്നാല്‍, പിപിഇ കിറ്റിലായിരുന്നു ആശുപത്രി അധികൃതരുടെ വലിയ കൊള്ള നടന്നത്. 44,000 രൂപയാണ് പിപിഇ കിറ്റിന് മാത്രം ഈടാക്കിയത്.

Latest Videos

undefined

തൃശ്ശൂർ സ്വദേശി ബീപാത്തു കൊവിഡ് ബാധിച്ച് അഞ്ച് ദിവസം മാത്രമാണ് ഇതേ ആശുപത്രിയിൽ കിടന്നത്. അഞ്ചാം ദിവസം മരണപ്പെട്ടു. എന്നാല്‍, ബില്ലിൽ ഒരു മയവുമില്ലായിരുന്നു. 67,880 യുടെ ബില്ലില്‍ പിപിഇ കിറ്റിന് 5 ദിവസത്തേക്ക് ഈടാക്കിയത് 37,352 യാണ്. ഇനിയുമുണ്ട് സ്വകാര്യ ആശുപത്രികളുടെ കൊള്ള ഫീസിന്‍റെ ബില്ലുകൾ. ഇബ്രാഹിം എന്നയാൾക്ക് ഒറ്റ ദിവസം സ്വകാര്യ ആശുപത്രി നൽകിയ പിപിഇ കിറ്റ് ഫീസ് 12, 880  യാണ്.

മരുന്ന്, ലാബ് പരിശോധന ഫീസ് അടക്കമുള്ളവയ്ക്ക് കൃത്യമായ ഫീസ് കാണിക്കണ്ടിവരും. എന്നാൽ പിപിഇ കിറ്റ് എത്ര തവണ മാറ്റുന്നു എന്നത് ഒരു ആശുപത്രിയും രോഗികളെ അറിയിക്കുന്നില്ല. ഇതിന്‍റെ മറവിലാണ് ഈ കൊള്ള. 250 രൂപമുതൽ 300 രൂപവരെയാണ് പിപിഇ കിറ്റിന് ഇപ്പോഴുള്ള പരമാവധി വില. അതേസമയം, കൊള്ള ഫീസ് ഈടാക്കുന്നതിനെ ന്യായീകരിക്കില്ലെന്ന് സ്വകാര്യ  ഹോസ്പിറ്റൽ മാനേജ്മെന്‍റ് അസോസിയേഷൻ വ്യക്തമാക്കി. കൊള്ള ബില്ലിനെതിരെ രോഗികൾക്ക് പരാതിപ്പെടാൻ ജില്ലാ തലത്തിൽ സമിതിയുണ്ട്. പൊലീസ്, ഡിഎംഒ അടക്കമുള്ളവർക്ക് പരാതികൾ നൽകിയിട്ടുണ്ടെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. ഇനി കോടതിയും സർക്കാരും എന്ത് ചെയ്യുമെന്നതിലാണ് പൊതുജനത്തിന്‍റെ പ്രതീക്ഷ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!