'ശല്യം ചെയ്യുന്നു, ആത്മവിശ്വാസം നഷ്ടമായി'; അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി മുകേഷിനെതിരായ പരാതിക്കാരി

By Web Team  |  First Published Sep 11, 2024, 8:49 AM IST

ശബ്ദ സന്ദേശം പുറത്തുവന്നതിന് പിന്നാലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥയായ എസ്‌പി പൂങ്കുഴലി തന്നെ നേരിട്ട് വന്ന് കണ്ടെന്നും എല്ലാ സഹായവും വാഗ്ദാനം ചെയ്തെന്നും നടി


കൊച്ചി: അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി നടനും എംഎൽഎയുമായ മുകേഷിനെതിരെ പീഡന പരാതി നൽകിയ നടി. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇടപെടലുകളെ വിമർശിച്ച് വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ കഴിഞ്ഞ ദിവസം നടി പങ്കുവെച്ച ശബ്ദ സന്ദേശം ചർച്ചയാകുന്നുണ്ട്. അന്വേഷണ സംഘം നിരന്തരം ശല്യം ചെയ്യുന്നുവെന്നും തന്റെയും കുടുംബത്തിൻ്റെയും സ്വകാര്യത മാനിക്കാൻ പോലും അന്വേഷണ സംഘം തയ്യാറാകുന്നില്ലെന്നും വാട്സ്ആപ്പ് ഗ്രൂപ്പിൽ നടി പങ്കുവെച്ച ശബ്ദ സന്ദേശത്തിൽ ആരോപിക്കുന്നുണ്ട്. 

അപ്പീലിന് പോകുന്നില്ലെന്ന് അറിഞ്ഞപ്പോൾ തൻ്റെ ആത്മവിശ്വാസം പോയെന്ന് നടി പറ‌ഞ്ഞു. ജാമ്യം നൽകിയ ഉത്തരവിനെതിരെ എന്തുകൊണ്ട് അന്വേഷണ സംഘം ഹൈക്കോടതിയിൽ അപ്പീൽ നൽകിയില്ലെന്നും അന്വേഷണ സംഘത്തിൻ്റെ ഇടപെടലുകൾ  ആശയക്കുഴപ്പമുണ്ടാക്കിയെന്നും അവർ പറയുന്നു. അതിനാലാണ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് ചില കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഇന്നലെ പൂങ്കുഴലി നേരിട്ടെത്തി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് തനിക്ക് ഉറപ്പ് നൽകിയെന്നും അവർ വ്യക്തമാക്കി. മുകേഷിന് മുൻകൂർ ജാമ്യം നൽകിയ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ പോകണമെന്ന് ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നുവെന്ന് എസ്‌പിയോട് പറഞ്ഞു. ഇതേക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞത്. അന്വേഷണ സംഘം അപ്പീൽ നൽകിയില്ലെങ്കിൽ താൻ ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരി പറഞ്ഞു.
 

Latest Videos

click me!