ചില ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനായാണ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവിട്ടത്. എന്നാല്‍ പൊലീസുകാരനാണ് ആദ്യം വിഷ്ണുവിനെ അടിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണെന്നും കേണല്‍ ഡിന്നി.
തിരുവനന്തപുരം: ഭീകരവാദികള്‍ പോലും ചെയ്യാത്ത തരത്തിലുള്ള മര്‍ദ്ദനമാണ് കിളികൊല്ലൂരില്‍ സൈനികനായ വിഷ്ണുവിന് നേരെ പൊലീസില്‍ നിന്നുണ്ടായതെന്ന് കരസേന റിട്ടയേര്‍ഡ് കേണല്‍ എസ് ഡിന്നി. വെറും ഈഗോയുടെ പേരില്‍ മൃഗീയമായി ആക്രമിക്കേണ്ട കാര്യമുണ്ടായിരുന്നില്ലെന്നും കേണല്‍ ഡിന്നി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചില ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്താനായാണ് പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ഇന്നലെ പുറത്തുവിട്ടത്. എന്നാല്‍ പൊലീസുകാരനാണ് ആദ്യം വിഷ്ണുവിനെ അടിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഒരു കുറ്റവും ചെയ്യാത്തയാളെ, ഷര്‍ട്ടില്‍ പിടിച്ച് വലിച്ചുകൊണ്ടാണ് അകത്തേക്ക് കൊണ്ടുവരുന്നത്. ഇങ്ങനെ ചെയ്താല്‍ ആരായാലും പ്രതികരിച്ച് പോകുമെന്നും കേണല്‍ ഡിന്നി പറഞ്ഞു.
സൈനികനെ അറസ്റ്റ് ചെയ്യുകയോ എഫ്ഐആര്‍ ചുമത്തുകയോ ചെയ്താല്‍ 24 മണിക്കൂറിനുള്ളില്‍ അടുത്ത മിലിട്ടറി സ്റ്റേഷനില്‍ അറിയിക്കണം. എന്നാല്‍ പൊലീസ് അത് ചെയ്തില്ല. പിന്നീടാണ് പാങ്ങോട് മിലിട്ടറി സ്റ്റേഷനില്‍ അറിയിക്കുന്നത്. തുടക്കത്തിലെ പാളിയതുകൊണ്ടാണ് വ്യാജ എംഡിഎംഎ കേസാക്കാന്‍ പൊലീസ് ശ്രമിച്ചതെന്നും കേണല്‍ ഡിന്നി കുറ്റപ്പെടുത്തി. ഒരു സൈനികനെ അറസ്റ്റ് ചെയ്യണമെങ്കില്‍ ആര്‍മി ഉദ്യോഗസ്ഥരുടെ അനുമതി വേണമെന്നും കേണല്‍ പറഞ്ഞു. വിഷ്ണുവിന്‍റെ സഹോദരന്‍ വിഘ്‍നേഷ് ഡിവൈഎഫ്ഐ പ്രവര്‍ത്തകനാണ്. അതുകൊണ്ട് മാത്രമാണ് വിഷയം ഇത്രയെങ്കിലും ജനങ്ങളിലേക്ക് എത്തിയതെന്നും കേണല്‍ പറഞ്ഞു.
വിഷ്ണുവിന്‍റെ വീട്ടിൽ പാങ്ങോട് സൈനിക ക്യാമ്പിലെ ഉദ്യോഗസ്ഥരെത്തി വിവരങ്ങൾ ശേഖരിച്ചു. പൊലീസിൽ നിന്നുണ്ടായ അക്രമ വിവരങ്ങളും വ്യാജ കേസിന്‍റെ വിശദാംശങ്ങളുമാണ് ഉദ്യോഗസ്ഥർ പ്രധാനമായും ചോദിച്ചറിഞ്ഞത്. ആഗസ്റ്റ് 25ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്തെങ്കിലും സൈനിക ക്യാമ്പിൽ പൊലീസ് അറിയിച്ചത് വൈകിയാണെന്നാണ് ലഭിക്കുന്ന വിവരം. സൈനികനെ അറസ്റ്റ് ചെയ്താൽ 24 മണിക്കൂറിനകം വിവരം സൈന്യത്തെ അറിയിക്കണമെന്നുള്ളപ്പോഴാണ് പൊലീസിന്‍റെ ഭാഗത്ത് നിന്നും വീഴ്ച്ചയുണ്ടായത്. ഒരു സൈനികന്‍ അവധിയിലാണെങ്കിലും അയാള്‍ ഡ്യൂട്ടിയിലാണെന്നാണ് സൈന്യം കണക്കാക്കുക. ഏതെങ്കിലും കേസില്‍ സൈനികന്‍ പ്രതിയായാല്‍ സമീപത്തെ റെജിമെന്‍റിനെ അറിയിക്കുകയെന്നതാണ് നിയമം. അങ്ങനെ വരുമ്പോള്‍ തിരുവനന്തപുരം പാങ്ങോട് റെജിമെന്റിലാണ് അറിയിക്കേണ്ടത്. തുടര്‍ന്ന് മിലിട്ടറി പൊലീസ് കേസ് ഏറ്റെടുക്കുക എന്നതാണ് രീതി.
ഇക്കാര്യം സൈന്യത്തെ അറിയിക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റി. കേസില്‍ മര്‍ദനം ഉള്‍പ്പെടെയുണ്ടായ ശേഷമാണ് പാങ്ങോട് ഇക്കാര്യം അറിയിച്ചത്. ഇക്കാര്യങ്ങളെല്ലാം സൈന്യം പരിശോധിക്കും. അതേസമയം സൈനികനെ മര്‍ദ്ദിച്ചതിൽ പ്രതിരോധ മന്ത്രിക്ക് എൻ കെ പ്രേമചന്ദ്രൻ എംപി വഴി പരാതി നൽകാനാണ് കുടുംബത്തിന്‍റെ തീരുമാനം.