ഇന്ത്യൻ മാർക്കറ്റിലും വിദേശ മാർക്കറ്റിലും കൂടുതൽ വിപണി കണ്ടെത്തണമെന്നാണ് കയർ സോസൈറ്റികൾ ആവശ്യപ്പെടുന്നത്
ആലപ്പുഴ: കയർ മേഖല പ്രതിസന്ധിയിലായതോടെ മുന്നൂറോളം ചെറുകിട കയർ സംരംഭങ്ങൾ പൂട്ടിപ്പോയെന്നാണ് അനഔദ്യോഗിക കണക്ക്. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന കയർ യൂണിറ്റുകൾ അടക്കം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. കയർ സോസൈറ്റികൾക്ക് കീഴിൽ എത്ര ചെറുകിട കയർ സംരംഭങ്ങൾ ഇതിനോടകം അടച്ചുപൂട്ടി എന്നത് സംബന്ധിച്ച് സർക്കാരിന് പക്കൽ കൃത്യമായ കണക്കുകൾ ഇല്ല.
ആലപ്പുഴ റോഡ് മുക്കിലെ സുധാകരൻ 1963 മുതൽ കയർ ഉത്പന്നമേഖലയിൽ സജീവമായുണ്ടായിരുന്നു. ചകിരിത്തടുക്കയായിരുന്നു ഉൽപ്പാദനം. മൂന്ന് തറികളിൽ തുടങ്ങി 16 തറികൾ വരെയായി സംരംഭം വളർന്നു. 2018 മുതലാണ് ചകിരിത്തടുക്കയ്ക്ക് ഓർഡർ കുറഞ്ഞത്. ഇതോടെ പ്രതിസന്ധി തുടങ്ങി. പലപ്പോഴും വിലകുറച്ച് ഉത്പന്നങ്ങൾ വിൽക്കേണ്ടി വന്നു. ഒരു ചകിരിത്തടുക്കയ്ക്ക് 150 രൂപയാണ് വില. വിദേശ മാർക്കറ്റിൽ ഡിമാൻഡ് കുറഞ്ഞതോടെയാണ് ഓർഡർ കുറഞ്ഞത്. വിപണി സാധ്യതയുള്ള വൈവിധ്യമാർന്ന ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിലേക്ക് മാറാൻ സർക്കാർ ആവശ്യപ്പെട്ടു. എന്നാൽ സാമ്പത്തിക പരിമിതികളും സാഹചര്യവും സുധാകരനെ അതിന് അനുവദിച്ചില്ല. ഡിമാന്റ് കുറഞ്ഞപ്പോൾ പുതിയ ഉത്പന്നങ്ങളിലേക്ക് മാറാതിരുന്നതും പുതിയ സാധ്യതകൾ തേടാതിരുന്നതും തിരിച്ചടിയായെങ്കിലും എല്ലാം മാറുമെന്ന പ്രതീക്ഷയിലാണ് സുധാകരൻ.
സംസ്ഥാനത്ത് 74 കയർ സോസൈറ്റികളാണ് ഉള്ളത്. ഇവയ്ക്ക് കീഴിൽ ഏഴായിരത്തോളം ചെറുകിട ഉത്പാദകർ ഉണ്ട്. ഇന്ത്യൻ മാർക്കറ്റിലും വിദേശ മാർക്കറ്റിലും കൂടുതൽ വിപണി കണ്ടെത്തണമെന്നാണ് കയർ സോസൈറ്റികൾ ആവശ്യപ്പെടുന്നത്. ആഗോള കമ്പനിയായ വാൾമാർട്ടിലൂടെ കയർ ഉത്പന്നങ്ങളുടെ വിപണനം തുടങ്ങിയതാണ് മേഖലയുടെ പ്രതീക്ഷ.