എഡിജിപി വിവാദത്തിൻ്റെ ലക്ഷ്യം താനെന്ന് മുഖ്യമന്ത്രി, അല്ലെന്ന് ബിനോയ് വിശ്വം; മുന്നണി യോഗത്തിന് ശേഷവും അതൃപ്തി

By Web Team  |  First Published Sep 12, 2024, 5:50 AM IST

സംരക്ഷണം അധികം തുടർന്നാൽ കൂടുതൽ പരസ്യ പ്രതികരണങ്ങളിലേക്ക് എഡിഎഫിലെ പാർട്ടികൾ പോകും


തിരുവനന്തപുരം: ഇടതുമുന്നണിയിലെ കക്ഷികളുടെ സമ്മർദ്ദം തള്ളിയും എഡിജിപി എം.ആർ. അജിത്കുമാറിന് മുഖ്യമന്ത്രി സംരക്ഷണം തുടരുന്നതിൽ ഘടക കക്ഷികൾക്ക് കടുത്ത അതൃപ്‌തി. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അജിത്കുമാറിനെ മാറ്റാതിരിക്കുന്നതിൽ വലിയ ധാർമ്മിക പ്രശ്‌നം ഉണ്ടെന്നാണ് സിപിഐ അടക്കമുള്ള പാർട്ടികളുടെ നിലപാട്. ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് മാറ്റാൻ അന്വേഷണ റിപ്പോർട്ട് വരുന്നത് വരെ എന്തിന് കാക്കണമെന്നാണ് ചോദ്യം. ആർഎസ്എസ് കൂടിക്കാഴ്ചയിൽ ഡിജിപി തല അന്വേഷണത്തിന് ഒരു മാസം എടുക്കില്ലെന്നാണ് ഘടക കക്ഷികൾ കരുതുന്നത്. സംരക്ഷണം അധികം തുടർന്നാൽ കൂടുതൽ പരസ്യ പ്രതികരണങ്ങളിലേക്ക് എഡിഎഫിലെ പാർട്ടികൾ പോകും.

എൽഡിഎഫ് യോഗത്തിൽ അസാധാരണ പിന്തുണയാണ് എഡിജിപിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയത്. ഇപ്പോഴത്തെ വിവാദത്തിന്റെ ലക്‌ഷ്യം താനാണെന്ന് വരെ പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു. സഖ്യകക്ഷികളിൽ നിന്ന് ശക്തമായ സമ്മർദ്ദം ഉണ്ടാകുന്നത് മനസിലാക്കിയാണ് മുഖ്യമന്ത്രി കടുത്ത പ്രതിരോധം തീർത്തത്. എഡിജിപിക്കെതിരെ ഉയർന്ന വിവാദം മുഖ്യമന്ത്രിക്കെതിരായ നീക്കമല്ലെന്ന് ബിനോയ് വിശ്വം പ്രതികരിച്ചു. ആർഎസ്എസ് നേതാക്കളെ എഡിജിപി കണ്ടത് എങ്ങിനെ പറഞ്ഞ് നിൽക്കുമെന്നും ചോദിച്ച ബിനോയ് വിശ്വം യോഗത്തിൽ മൂന്ന് വട്ടം എഡിജിപിയെ മാറ്റുന്ന കാര്യം ഉന്നയിച്ചു.

Latest Videos

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

click me!