സംസ്ഥാനത്ത് ഒരാൾക്ക് കൂടി കൊവിഡ് മുക്തി; രണ്ട് പേർക്ക് കൂടി രോഗം, രണ്ട് പേരും വിദേശത്ത് നിന്നെത്തിയവര്‍

By Web Team  |  First Published May 9, 2020, 5:03 PM IST

സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ പെട്ടെന്ന് കുറഞ്ഞു വരികയാണെങ്കിലും പ്രവാസികളുടേയും മറുനാടൻ മലയാളികളുടേയും മടങ്ങി വരവ് മൂന്നാം ഘട്ട വ്യാപനത്തിന് വഴി തെളിയിക്കുമോ എന്ന ആശങ്ക ശക്തം. 


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. രോഗം സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്നും വന്നവരാണ്. ഒരാൾ കോഴിക്കോടും അടുത്തയാൾ കൊച്ചിയിലും ചികിത്സയിലാണ്. ഏഴാം തീയതി ദുബായിൽ നിന്നും കോഴിക്കോടേക്ക് വന്ന വിമാനത്തിലും അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ വിമാനത്തിലും ഉണ്ടായിരുന്നവർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ഇടുക്കിയിൽ ചികിത്സയിലായിരുന്ന ഒരാൾ ഇന്ന് നെഗറ്റീവായി. 

മുഖ്യമന്ത്രിയുടെ വാക്കുകൾ - 

Latest Videos

undefined

ഇതുവരെ 505 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 17 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 23930 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 23,596 പേർ വീടുകളിലും 334 പേർ ആശുപത്രികളിലുമാണ്. ഇന്ന് 123 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 36648 സാമ്പിളുകൾ പരിശോധനക്ക് അയച്ചു. 36002 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. മുൻഗണനാ വിഭാഗത്തിലെ 3475 സാമ്പിളുകൾ ശേഖരിച്ചതിൽ 3231 എണ്ണം നെഗറ്റീവായി.

ഇതെല്ലാം സൂചിപ്പിക്കുന്നത് നമ്മുടെ ഇടപെടലും പ്രതിരോധവും കൂടുതൽ ശക്തിപ്പെടുത്തണമെന്നാണ്. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനത്ത് നിന്ന് വരുന്നവരും അവർക്ക് വേണ്ടിയുള്ള സുരക്ഷാ സംവിധാനങ്ങളും പൂർണ്ണ ജാഗ്രതയോടെ തുടരണം. ലോകത്ത് എവിടെ കുടുങ്ങിയ കേരളീയരെയും നാട്ടിലെത്തിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധം. പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള തയ്യാറെടുപ്പാണ് സർക്കാർ നടത്തുന്നത്. കേന്ദ്ര സർക്കാരുമായി നിരന്തരണം ആശയവിനിമയം നടത്തിയാണ് നാം മുന്നോട്ട് പോകുന്നത്. 

വിദേശത്ത് നിന്ന് വരുന്നവരുടെ മുൻഗണനാ ക്രമം തയ്യാറാക്കുന്നതും മറ്റ് കാര്യങ്ങൾ തീരുമാനിക്കുന്നതും യാത്രാ സൗകര്യം ഏ‍ർപ്പെടുത്തുന്നതും ചിലവിടാക്കുന്നതും കേന്ദ്രസർക്കാരാണ്. നാട്ടിലെ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് സംസ്ഥാനമാണ്. കേരളത്തിൽ തിരിച്ചെത്തുന്ന പ്രവാസികൾക്കായി സൗകര്യം ഒരുക്കാൻ ജില്ലകളിൽ നോഡൽ ഓഫീസർമാരെ നിയോഗിച്ചിട്ടുണ്ട്.

പ്രവാസികളെ വിമാനത്താവളത്തിലെ വൈദ്യ പരിശോധനയ്ക്ക് ശേഷം കെഎസ്ആർടിസി ബസിൽ പ്രത്യേക കേന്ദ്രത്തിൽ എത്തിക്കുന്നുണ്ട്. ഓരോ കേന്ദ്രത്തിലും ഒരു ഡോക്ടർ വീതം വൈദ്യ സഹായം ഉണ്ട്. ഇവയുടെ നടത്തിപ്പ് ചുമതല തദ്ദേശ സ്ഥാപനങ്ങൾക്കാണ്. മേൽനോട്ടത്തിന് ഹെൽത്ത് ഇൻസ്പെക്ടർമാരെയും നിയമിച്ചിട്ടുണ്ട്. ആംബുലൻസ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് ഏപ്രിൽ ഒന്ന് മുതൽ 13.45 കോടി അനുവദിച്ചു.

വൈദ്യുതി ബോർഡ് വാട്ടർ അതോറിറ്റിയും വെള്ളവും വൈദ്യുതിയും ഉറപ്പാക്കും. രോഗലക്ഷണമുള്ളവരെ ചികിത്സയിക്കാൻ 207 ആശുപത്രികൾ സജ്ജീകരിച്ചു. 125 സ്വകാര്യ ആശുപത്രികളും ആവശ്യമെങ്കിൽ ഉപയോഗിക്കാൻ സജ്ജീകരിച്ചിട്ടുണ്ട്. രോഗികൾ വല്ലാതെ കൂടിയാൽ 27 ആശുപത്രികളെ സമ്പൂർണ്ണ കൊവിഡ് കെയർ സെന്ററാക്കും.+

കൊവിഡ് 19 കേസുകൾ സ്ഥിരീകരിക്കപ്പെട്ട ഒരു രാജ്യവും അതിനെ പൂർണ്ണമായി അതിജീവിച്ചിട്ടില്ല. ഇപ്പോഴും ദിവസേന പുതിയ കേസുകൾ എല്ലാ രാജ്യത്തും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ലോകത്താകെ കൊറോണ ബാധിതരുടെ എണ്ണം 38.20 ലക്ഷമാണ്.2.64 ലക്ഷം പേർ ഇതുവരെ മരിച്ചു. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40,000 ത്തോട് അടുക്കുന്നു. മരണസംഖ്യ 1981 ആയി. അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ രോഗികളുടെ എണ്ണം ആറായിരം കടന്നു. മരണം 40 ആയി. കർണ്ണാടകത്തിൽ രോഗികളുടെ എണ്ണം 753, മരണം 33.

പ്രവാസി മലയാളികൾ കൂടുതലുള്ള മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം ഇരുപതിനായിരത്തോട് അടുക്കുന്നു. മരണ സംഖ്യ 731. ഇത്തരമൊരു സാഹചര്യത്തിലാണ് നാം കൊവിഡിനെ പ്രതിരോധിക്കുന്നത്. അതുകൊണ്ട് മടങ്ങിയെത്തുന്നവരുടെ ആരോഗ്യം സംരക്ഷിക്കുന്നത് പ്രധാന ചുമതലയായി ഏറ്റെടുക്കും. സർക്കാരിന്റെ കെയർ സെന്ററിൽ കഴിയുന്നവരെയും വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നവരെയും ആരോഗ്യ പ്രവർത്തകർ നിരന്തരം ബന്ധപ്പെടും. ബുദ്ധിമുട്ടുണ്ടെങ്കിൽ ബന്ധപ്പെടാൻ നമ്പറും നൽകി. ഈ കെയർ സെന്ററിൽ ആരോഗ്യപ്രവർത്തകർ 24 മണിക്കൂറും പ്രവർത്തിക്കും.

കൊവിഡ് ആശുപത്രികളുടെ നിയന്ത്രണത്തിലാണ് കെയർ സെന്റർ. ഇ ജാഗ്രത ആപ്പും ജനങ്ങൾക്കായി തയ്യാറാക്കി. രോഗലക്ഷണം ഉണ്ടെങ്കിൽ വീഡിയോ കോൾ വഴി ഡോക്ടർമാർ രോഗികളോട് ബന്ധപ്പെടും. ചെറിയ ലക്ഷണം ഉള്ളവർക്ക് ഇ ജാഗ്രത ആപ്പ് വഴി മരുന്ന് കുറിക്കും. ആരോഗ്യ പ്രവർത്തകർ മരുന്ന് എത്തിച്ച് നൽകും. ആവശ്യമെങ്കിൽ മെഡിക്കൽ ടീം ഇവരെ ആശുപത്രിയിലേക്ക് മാറ്റും. 

ഉടൻ ആംബുലൻസ് അയച്ച് സുരക്ഷ മാനദണ്ഡത്തോടെ കൊവിഡ് ആശുപത്രിയിലെത്തിക്കും. ഇവിടെ വച്ച് സ്രവം എടുത്ത് പിസിആർ പരിശോധനക്ക് അയക്കും. തൊട്ടടുത്ത് ഇരുന്ന് യാത്ര ചെയ്തവരെല്ലാം നിരീക്ഷണത്തിലാണ്. അവരെ ട്രേസ് ചെയ്ത് കൂടുതൽ ശ്രദ്ധിക്കുന്നുണ്ട്..

നമ്മുടെ ശ്രദ്ധ സൂക്ഷ്മ തലത്തിൽ ഉണ്ടാകുന്നുണ്ട്. വിദേശത്ത് നിന്ന് വരുന്വരെയും മറ്റ് സംസ്ഥാനത്ത് നിന്ന് വരുന്നവരോടും ഒരേ സമീപനമാണ്. ഏറ്റവും പ്രാധാന്യം സുരക്ഷയ്ക്ക്. രോഗവ്യാപനം ഇല്ലാതിരിക്കാനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതുകൊണ്ടാണ് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് പാസ് ഏർപ്പെടുത്തുന്നത്. പാസില്ലാതെ പലരും വരാൻ ശ്രമിക്കുന്നു. 

അതിർത്തിയിലെത്തി ഇങ്ങോട്ട് കടക്കാനാവാതെ വിഷമിക്കുന്നുണ്ട്. താത്കാലികമായി ഇത് പരിഹരിച്ചിട്ടുണ്ട്. അത് തുടരാനാവില്ല. ഔദ്യോഗിക സംവിധാനത്തിലൂടെ ലഭിക്കുന്ന പാസുമായി വന്നാലേ അതിർത്തി കടക്കാനാവൂ. അല്ലെങ്കിൽ രോഗം തടയാൻ സമൂഹം ചെയ്യുന്ന ത്യാഗം നിഷ്ഫലമാകും.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർ ചില ക്രമീകരണങ്ങൾക്ക് വിധേയരാകണം. മുൻഗണനാ ക്രമത്തിൽ പെട്ടവരും വാഹനം ഉള്ളവരുമാണ് ഇപ്പോൾ വരുന്നത്. അതേസമയം വിദൂര സ്ഥലങ്ങളിൽ അകപ്പെട്ടവരെ ട്രെയിനിൽ കൊണ്ടുവരാൻ പരിശ്രമം തുടരും. ആദ്യ ട്രെയിൻ ദില്ലിയിൽ നിന്ന് പുറപ്പെടും. തീയതി ഉടൻ അറിയും. വിദ്യാർത്ഥികൾക്ക് മുൻഗണന. മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും പ്രത്യേക ട്രെയിനുകൾ ആലോചിക്കുന്നു. മറ്റ് മാർഗമില്ലാതെ പെട്ടുപോകുന്നവരെ ഇങ്ങോട്ടെത്തിക്കൽ എങ്ങിനെയെന്ന് ആലോചിച്ച് നടപടി പിന്നീട് സ്വീകരിക്കും.അത് എല്ലാവരെയും ഇങ്ങോട്ടെത്തിക്കാനുള്ള സമീപനത്തിന്റെ ഭാഗമാണ്. 

ഇതിനാലാണ് ഇക്കാര്യത്തിൽ കൃത്യമായ ക്രമം നിശ്ചയിച്ചത്. വരുന്ന ഓരോരുത്തർക്കും കൃത്യമായ പരിശോധനയും പരിചരണവും നിരീക്ഷണവും ഉറപ്പാക്കും. അതിലൂടെ മാത്രമേ രോഗം പരിധി വിട്ട് വ്യാപിക്കുന്നത് തടയാനാവൂ. അതിർത്തിയിൽ വല്ലാതെ തിക്കും തിരക്കും ഉണ്ടാവുക ആരോഗ്യ വിവരങ്ങൾ മറച്ചുവെക്കുക, അനധികൃത മാർഗ്ഗത്തിലൂടെ വരുന്നതും ശക്തമായി തടഞ്ഞില്ലെങ്കിൽ ആപത്താവും ഫലം. 

ഒരാൾ അതിർത്തി കടന്ന് വരുമ്പോൾ എവിടെ നിന്ന് വരുന്നു, എങ്ങോട്ട് പോകുന്നു ഇത്തരം കാര്യങ്ങളെ കുറിച്ച് കൃത്യമായ ധാരണ വേണം. എല്ലാ സൗകര്യങ്ങളും ഉറപ്പാക്കണം. ഇതൊന്നുമില്ലാതെ എല്ലാവർക്കും ഒരുമിച്ച് കടന്നുവരണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. ആളുകൾക്ക് പ്രയാസമുണ്ട്. അവ മുതലെടുത്ത് വ്യാജ പ്രചാരണം പാടില്ല.

ഒരാൾ അതിർത്തി കടന്നുവരുമ്പോൾ എത്തേണ്ട സ്ഥലത്ത് കൃത്യമായി എത്തണം. അത് പൊലീസ് ഉറപ്പുവരുത്തണം. ഏത് സമയത്ത് എത്താനാവുമെന്ന് കൃത്യമായി കണക്കാക്കും. അങ്ങിനെ എത്തിയില്ലെങ്കിൽ ചട്ട ലംഘനമായിരിക്കും. പിന്നീട് കർശനമായ ഇടപെടൽ ഇതിലുണ്ടാകും.

പാസ് വിതരണം നിർത്തിയിട്ടില്ല. രജിസ്റ്റർ ചെയ്തവർക്ക് എത്തിച്ചേരേണ്ട സമയം നിശ്ചയിച്ച് അറിയിക്കുകയാണ് ചെയ്യുന്നത്. അതിർത്തിയിലെ നടപടികൾ ലളിതമാക്കാനാണിത്. ഇനിയും അതിർത്തിയിൽ എന്ത് ചെയ്യാനാവുമെന്ന് സർക്കാർ ആലോചിക്കുന്നു. സ‍ർക്കാർ ഒരുക്കിയ ക്രമീകരണങ്ങളുമായി  എല്ലാരും സഹകരിക്കണം. എല്ലാവർക്കും ഒരുമിച്ച് നാട്ടിലെത്താൻ ഇപ്പോഴാവില്ല

പാസിൽ പറഞ്ഞ സമയത്ത് ആളുകൾ അതിർത്തിയിലെത്തണം. പാസില്ലാതെയും പാസിന് അപേക്ഷിക്കാതെയും എത്തുന്ന ചിലരുണ്ട്. അത് ക്രമീകരണങ്ങളുടെ താളം തെറ്റിക്കും. അത് അനുവദിക്കാനാവില്ല. ഇത് എല്ലാവരും മനസിലാക്കണം. ഒരു വ്യവസ്ഥ ഏർപ്പെടുത്തിയാൽ, അത് അംഗീകരിക്കാതെ സ്വന്തമായി തീരുമാനിച്ച് പുറപ്പെട്ട് അതിർത്തിയിലെത്തി, അവിടെ രാവിലെ ആറ് മണിക്ക് വന്നു, ഇപ്പോൾ 11 മണിയായി ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് പറയുമ്പോൾ കേൾക്കുന്നയാൾ തെറ്റിദ്ധരിക്കും. പാസുണ്ടോയെന്ന് ചോദിച്ചാൽ ഇല്ലെന്നാവും ഉത്തരം. ഇത് മനസിലാക്കണം. എല്ലാവർക്കും സൗകര്യമൊരുക്കാനാണ് ശ്രമം. അതിന് കൃത്യമായ ക്രമീകരണമാണ് ഒരുക്കുന്നത്. അത് മനസിലാക്കി എല്ലാവരും സഹകരിക്കണം. പ്രത്യേകിച്ച് വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങളും ഇത് ശ്രദ്ധിക്കണം.

തിരുവനന്തപുരത്തെ ഇഞ്ചിവിള, ആര്യങ്കാവ്, വാളയാർ, മുത്തങ്ങ, തലപ്പാടി, ഇത്തരം ചെക്പോസ്റ്റുകളിലൂടെയാണ് മറ്റ് സംസ്ഥാനത്ത് നിന്നുള്ളവർ കേരളത്തിലേക്ക് പ്രവേശിക്കുന്നത്. ചെക്പോസ്റ്റിലൂടെ വരാവുന്നവർക്ക് ഒരു പരിധിയുണ്ട്. അത്തരത്തിൽ സാധ്യമാകുന്ന ആളുകൾക്കാണ് ഒറു ദിവസം പാസ് അനുവദിക്കുന്നത്.

ഇന്ന് ധാരാളം പേർ പാസില്ലാതെ ചെക്പോസ്റ്റിലെത്തി. അവരെ അതിർത്തിയിൽ നിന്ന് മടക്കി അയക്കാനേ കഴിയൂ. പാസിൽ രേഖപ്പെടുത്തിയ തീയതിയിൽ ചില വ്യത്യാസം വരാം. അത് ബോധ്യപ്പെടുത്തിയാൽ ആ വ്യത്യാസവും ഇളവും അനുവദിച്ച് കടത്തിവിടുന്നുണ്ട്. അതിർത്തി കടന്ന് വരുന്നവരുടെ പരിശോധന വേഗം പൂർത്തിയാക്കാനും പ്രവേശന അനുമതി നൽകാനും നിർദ്ദേശം നൽകി. 

ജനമൈത്രി പൊലീസിന്റെ സേവനവും ഉപയോഗിക്കുന്നു. തിരക്ക് നിയന്ത്രിക്കാൻ എല്ലാ ചെക്ക് പോസ്റ്റിലും കൂടുതൽ പൊലീസുകാരെ നിയോഗിക്കുന്നുണ്ട്. പാസില്ലാതെ ആരെയും കടത്തിവിടില്ല. പാസ് കിട്ടിയാലേ ഉള്ള സ്ഥലത്ത് നിന്ന് പുറപ്പെടാവൂ. 21812 പേർ മറ്റ് സംസ്ഥാനത്ത് നിന്ന് കേരളത്തി എത്തി. 52000ത്തിലേറെ പേർക്ക് പാസ് നൽകി. പാസ് തുടർന്നും നൽകും.

രാജ്യത്തെ പ്രവാസി മലയാളികളുടെ സൗകര്യത്തിനായി ചില പ്രധാന നഗരങ്ങളിൽ ഹെൽപ് ഡസ്കുകൾ തുറക്കും. ദില്ലി കേരള ഹൗസ്, മുംബൈ കേരള ഹൗസ്, ബെംഗളൂരു, ചെന്നൈ, നോർക്ക ഓഫീസുകൾ. ഇവിടങ്ങളിൽ കോൾ സെന്ററുകളും ആരംഭിക്കും. മറ്റിടങ്ങളിൽ നിന്ന് ആളുകളെ എത്തിക്കാൻ സഹായിക്കാമെന്ന് അറിയിച്ച് ടൂറിസ്റ്റ് വാഹന ഓപറേറ്റർമാർ മുന്നോട്ട് വന്നു. 493 വാഹനങ്ങൾ ഇങ്ങനെ രജിസ്റ്റൽ ചെയ്തു.

റിയാദിൽ നിന്ന് 152 പ്രവാസികൾ ഇന്നലെ കരിപ്പൂരിലെത്തി. 142 പ്രവാസി മലയാളികളും 8 കർണ്ണാക സ്വദേശികളും രണ്ട് തമിഴ്നാട്ടുകാരും എത്തി. 128 പേർ മുതിർന്നവരും 24 കുട്ടികളുമായിരുന്നു. 78 പേർ ഗർഭിണികളാണ്. ഒരു കാര്യം പ്രത്യേകം സൂചിപ്പിക്കുന്നു. വിദേശത്ത് നിന്നായാലും മറ്റ് സംസ്ഥാനത്ത് നിന്നും വരുന്നവർക്കും പ്രത്യേക പരിഗണന. അവർ വീടുകളിൽ ക്വാറന്റീനിൽ പോകുന്നു. അവർ കർക്കശമായ മാനദണ്ഡം പാലിക്കണം. അവർ ആരോഗ്യവകുപ്പിന്റെ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട് ആരോഗ്യപ്രശ്നങ്ങളിൽ തുടർ നടപടി സ്വീകരിക്കണം.

ആരോഗ്യ പ്രശ്നം ഇല്ലാത്ത ഗർഭിണികളടക്കം 114 പേരെ വീടുകളിൽ നിരീക്ഷണത്തിൽ അയച്ചു. തിരികെ വന്നവരിൽ നാല് പേരെ ആശുപത്രികളിലാക്കി. ബഹ്റിനിൽ നിന്നെത്തിയ വിമാനത്തിൽ 87 പുരുഷന്മാരും 94 സ്ത്രീകളും ഉണ്ടായിരുന്നു. 25 പേർ ഗർഭിണികളായിരുന്നു. എറമാകുളം സ്വദേശികളായ 15 പേരെ നിരീക്ഷണത്തിലാക്കി.

ഇന്ന് നല്ല കാറ്റും ഇടിമിന്നലും ഉണ്ടാകാൻ സാധ്യതയുണ്ട്. വേനൽ മഴ ലഭിക്കുന്നുണ്ട്. സുരക്ഷാ മുൻകരുതൽ എല്ലാവരും സ്വീകരിക്കണം. ജനങ്ങൾ ജാഗ്രത പാലിക്കണം. ഞായറാഴ്ച ലോക്ക് ഡൗൺ പൂർണ്ണമായി പാലിക്കണം. ഇതെങ്ങിനെയെന്ന് സർക്കാർ ഉത്തരവായി. അവശ്യ സാധനങ്ങൾ, പാൽ വിതരണം, മെഡിക്കൽ സ്റ്റോറുകൾ, കൊവിഡുമായി ബന്ധപ്പെട്ട വകുപ്പുകൾ, മാലിന്യ നിർമ്മാർജ്ജന സ്ഥാപനങ്ങൾ എന്നിവയ്ക്ക് അനുമതി. ഹോട്ടലുകളിൽ ടേക് എവേ സൗകര്യം പ്രവർത്തിക്കാം. മെഡിക്കൽ ആവശ്യങ്ങൾക്കും കൊവിഡ് പ്രതിരോധ പ്രവർത്തനത്തിനായി പ്രവർത്തിക്കുന്നവർക്ക് മാത്രം സഞ്ചാര സ്വാതന്ത്രം. മറ്റുള്ളവർക്ക് പൊലീസിന്റെ പാസ് നിർബന്ധം.

ക്വാറന്റീനുമായി ബന്ധപ്പെട്ട് പാലിക്കേണ്ട ക്രമീകരണം സംബന്ധിച്ച് ഡോ ഇക്ബാലിന്റെ നേതൃത്വത്തിലെ കമ്മിറ്റി റിപ്പോർട്ട് നൽകി. ആരോഗ്യവകുപ്പ് ഇത് അംഗീകരിച്ചു. ഇതനുസരിച്ച് സംസ്ഥാനത്തിന്റെ സാഹചര്യത്തിൽ ഇതര സംസ്ഥാനത്ത് നിന്ന് വരുന്നവർക്ക് ആദ്യം മെഡിക്കൽ പരിശോധന നടത്തും. ‌

രോഗലക്ഷണം ഇല്ലാത്തവരെ 14 ദിവസം വീടുകളിൽ ക്വാറന്റീനിൽ അയക്കും. വീടുകളിലാവും ക്വാറന്റീൻ. രോഗലക്ഷണം ഉള്ളവരർക്ക് പിസിആഡ ടെസ്റ്റ് നടത്തും. രോഗലക്ഷണം കാണുന്നവർക്ക് പിസിആർ ടെസ്റ്റും തുടർ ചികിത്സയും നൽകും. രോഗ ലക്ഷണം ഉള്ളവരെ മാത്രമേ ടെസ്റ്റ് ചെയ്യൂ. ആന്റിബോഡി കിറ്റുകൾക്കായി ശ്രമിക്കുന്നുണ്ട്. അതനുസരിച്ച് ഈ ടെസ്റ്റ് നടത്തും.

കേരളത്തിന്റെ സവിശേഷ സാഹചര്യവും സംസ്ഥാനത്ത് എത്താനുള്ള പ്രവാസികളുടെ ബാഹുല്യവും കണക്കിലെടുത്താണ് ഈ ക്രമീകരണം. വീടുകളിലെ നിരീക്ഷണം ഫലപ്രദമെനവ്ന് ഇതിനകം തെളിയിക്കപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും സഹകരണത്തോടെ ഈ സംവിധാനം മെച്ചമാണെന്ന് കമ്മിറ്റി ചൂണ്ടിക്കാണിച്ചു.ഈ നിർദ്ദേശം സർക്കാർ അംഗീകരിക്കുന്നു. വീടുകളിൽ പാലിക്കേണ്ട കാര്യങ്ങൾ പ്രസിദ്ധപ്പെടുത്തും. 

തമിഴ്നാട്ടിൽ നിന്ന് വന്ന അമ്മയ്ക്കും മകൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. അവരുടെ ഫലം നെഗറ്റീവാണ്. ചില കാര്യങ്ങൾ ആദ്യം ഉറപ്പാക്കണം. എന്നിട്ടേ പറയാവൂ. അതിന്റെയൊരു സൂചനയാണിത്. നാളെ മാതൃ ദിനമാണ്. അമ്മമാർക്കായി സമർപ്പിക്കപ്പെട്ട ദിനം. കുഞ്ഞുങ്ങളുടെ മരണനിരക്ക് പത്തായിരുന്നത് ഏഴായി കുറഞ്ഞു. ഇതു മാതൃദിനത്തിൻ്റെ സന്തോഷം ഇരട്ടിപ്പിക്കുന്നു. 

ഐക്യരാഷ്ട്ര സഭ പോലും ശിശുമരണ നിരക്ക് എട്ടിലേക്ക് കുറയ്ക്കാൻ ശ്രമിക്കുമ്പോഴാണ് നാമിവിടെ ഏഴിലെത്തിയത്. ആയിരം കുട്ടികൾ ജനിക്കുമ്പോൾ 993 കുഞ്ഞുങ്ങളും ജീവിക്കുന്നു. എങ്കിലും ഏഴ് കുഞ്ഞുങ്ങൾ മരിക്കുന്നത് സങ്കടം. അത് സീറോയിലേക്ക് എത്തിക്കുക ലക്ഷ്യം.

ചിലയാളുകൾ ക്ഷേത്രങ്ങളുടെ ഫണ്ട് സർക്കാർ എടുത്തുകൊണ്ടുപോകുന്നുവെന്ന് പ്രചാരണം നടത്തുന്നു. ക്ഷേത്രങ്ങളുടെ ഫണ്ട് സർക്കാർ കൊണ്ടുപോകുന്നില്ല. കഴിഞ്ഞ ബജറ്റിൽ തിരുവീതാംകൂർ ദേവസ്വം ബോർഡിന് നൂറ് കൊടിയും മലബാർ, കൊച്ചി ദേവസ്വങ്ങൾക്ക് 36 കോടിയും നീക്കിവച്ചു. ശബരിമലയിലെ ഇടത്താവളങ്ങൾക്കായി കിഫ്ബി വഴി 142 കോടിയുടെ നിർമ്മാണം നടത്തുന്നു. ശബരിമലയ്ക്കുള്ള പ്രത്യേക ഗ്രാന്റ് 30 കോടിയായിരുന്നു.

കൂത്താട്ടുകുളം മഹാദേവ ക്ഷേത്രമടക്കം തകരുന്ന ക്ഷേത്രങ്ങളുടെ പരിരക്ഷയ്ക്കായി അഞ്ച് കോടി നീക്കിവച്ചു. തത്ത്വമസി എന്ന പേരിൽ തീർത്ഥാടന ടൂറിസം റൂട്ട് ആവിഷ്കരിച്ചു. പത്ത് കോടി നീക്കിവച്ചു. ഇതെല്ലാം നാടിന്റെ മുന്നിലുള്ള കണക്കാണ്. ബജറ്റ് പരിശോധിച്ചാൽ കൊണ്ടുപോവുകയാണോ കൊടുക്കുകയാണോ എന്ന് മനസിലാവും. സമൂഹത്തിൽ മതവിദ്വേഷം പരത്താനാണ് ചിലരുടെ ശ്രമം. മഹാമാരിയുടെ ഘട്ടത്തിലും ചോര തന്നെ കൊതുകിന് കൗതുകം എന്ന് പാടില്ല.

കേരളത്തിലെ ക്ഷേത്രങ്ങൾ മാത്രമല്ല രാജ്യമെമ്പാടുമുള്ള വിവിധ ക്ഷേത്രങ്ങൾ കൊവിഡ് പ്രതിസന്ധി കാലത്ത് അതതു സ‍ർക്കാരുകളെ സഹായിച്ചിട്ടുണ്ട്. അവയിൽ ഒരു കോടിക്ക് മേലെ സാമ്പത്തിക സഹായം നൽകിയ ചില ക്ഷേത്രങ്ങളെ പറ്റി പറയാം.  ഗുജറാത്തിൽ സോമനാഥ ക്ഷേത്രം, അംബാജി ക്ഷേത്രം. മഹാരാഷ്ട്രയിലെ മഹാലക്ഷ്മി ക്ഷേത്രം.ബിഹാറിലെ മഹാവീർ ക്ഷേത്രം പാറ്റ്ന... ഇവയൊക്കെ കൊവിഡ് ദുരിതാശ്വാസത്തിന് സഹായം നൽകിയിട്ടുണ്ട്. ഷിർദ്ദി സായിബാബ ട്രെസ്റ്റ് 51 കോടി രൂപയാണ് നൽകിയത്. 

മറുനാടുകളിൽ നിന്നും വിദേശത്ത് നിന്നും കൂടുതൽ പേ‍ർ വരുന്ന സാഹചര്യത്തിൽ കൂടുതൽ കൊവിഡ് കേസുകൾ നാം പ്രതീക്ഷിച്ചതാണ്. എത്തിയ ഉടൻ തന്നെ ഇതു സ്ഥിരീകരിക്കുകയും ചെയ്തു.  ഈ സാഹചര്യത്തിൽ ഇവരുടെ കൂടെ യാത്ര ചെയ്തവരുടെ കാര്യത്തിൽ ഗൗരവത്തോടെ ഇടപെടും.

 

click me!