വിനോദ സഞ്ചാരികൾ സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിലാണ് കേരളവും ഇടം പിടിച്ചത്. 13-ാംസ്ഥാനത്താണ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാമീണസൗന്ദര്യം ആസ്വദിക്കാൻ ഉത്സവകാലങ്ങളിൽ കേരളം സന്ദർശിക്കാം എന്ന ടാഗ് ലൈനും
തിരുവനന്തപുരം: പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസിന്‍റെ ലോക വിനോദ സഞ്ചാര മേഖലയിലെ പ്രധാന സ്ഥലങ്ങളുടെ പട്ടികയിൽ കേരളം ഇടം നേടിയതിന്‍റെ സന്തോഷം പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. വിനോദ സഞ്ചാരികൾ ഈ വർഷം സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിലാണ് കേരളവും ഇടം പിടിച്ചത്. ന്യൂയോർക്ക് ടൈംസിന്‍റെ പട്ടികയിൽ 13-ാംസ്ഥാനത്താണ് കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഗ്രാമീണസൗന്ദര്യം ആസ്വദിക്കാൻ ഉത്സവകാലങ്ങളിൽ കേരളം സന്ദർശിക്കാം എന്ന ടാഗ് ലൈനോടു കൂടിയാണ് കേരളത്തെ ന്യൂയോർക്ക് ടൈംസ് പരിചയപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങളെയും ന്യൂയോർക്ക് ടൈംസ് ശ്ലാഘിച്ചത് ഏറെ അഭിമാനകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ലോകോത്തരമായ ടൂറിസ്റ്റ് കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കാനുള്ള പരിശ്രമങ്ങൾക്ക് ശക്തി പകരുന്നതാണ് ഇത്തരത്തിലുള്ള അംഗീകാരങ്ങളെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി.
മുഖ്യമന്ത്രിയുടെ വാക്കുകൾ
കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ തേടി വീണ്ടും അന്താരാഷ്ട്ര അംഗീകാരം. വൈവിധ്യങ്ങൾ തേടി ലോക സഞ്ചാരത്തിനിറങ്ങുന്നവർക്കായി പ്രമുഖ അന്താരാഷ്ട്ര മാധ്യമമായ ന്യൂയോർക്ക് ടൈംസ് പ്രസിദ്ധീകരിച്ച പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് കേരളം. വിനോദ സഞ്ചാരികൾ ഈ വർഷം സന്ദർശിക്കേണ്ട 52 സ്ഥലങ്ങളുടെ പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ്കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഗ്രാമീണസൗന്ദര്യം ആസ്വദിക്കാൻ ഉത്സവകാലങ്ങളിൽ കേരളം സന്ദർശിക്കാം എന്ന ടാഗ് ലൈനോടു കൂടിയാണ് കേരളത്തെ ന്യൂയോർക്ക് ടൈംസ് പരിചയപ്പെടുത്തുന്നത്. കുമരകം, മറവൻതുരുത്ത്, വൈക്കം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളെ കുറിച്ച് പ്രത്യേക പരാമർശവും ഇതിലുണ്ട്. കേരളത്തിന്‍റെ ഉത്തരവാദിത്ത ടൂറിസം മിഷൻ പ്രവർത്തനങ്ങളെയും ന്യൂയോർക്ക് ടൈംസ് ശ്ലാഘിച്ചത് ഏറെ അഭിമാനകരമായ കാര്യമാണ്.
കേരളത്തിന്‍റെ വിനോദ സഞ്ചാര മേഖലയെ ലോകോത്തരമാക്കാൻ വിവിധ നടപടികൾ സ്വീകരിച്ചുവരികയാണ് എൽ ഡി എഫ് സർക്കാർ. കൊവിഡ് മഹാമാരി മൂലം ഈ മേഖലക്കുണ്ടായ പ്രതിസന്ധികൾ മറികടക്കാനും സർക്കാർ അടിയന്തിര നടപടികൾ ഏറ്റെടുത്തു നടപ്പിലാക്കുന്നു. ലോകോത്തരമായ ടൂറിസ്റ്റ് കേന്ദ്രമായി കേരളത്തെ മാറ്റിയെടുക്കാൻ നമുക്ക് സാധിക്കണം. വിനോദ സഞ്ചാരമേഖലക്ക് ലഭിക്കുന്ന ഇത്തരത്തിലുള്ള അംഗീകാരങ്ങൾ ഈ പരിശ്രമങ്ങൾക്ക് ശക്തി പകരട്ടെ.