ആർഎസ്എസ് ബന്ധം സിപിഎമ്മിനല്ല, കോൺഗ്രസിന്; ആരോപണങ്ങൾ അവജ്ഞയോടെ തള്ളുന്നെന്ന് മുഖ്യമന്ത്രി; പഴി മാധ്യമങ്ങൾക്ക്

By Web TeamFirst Published Sep 10, 2024, 6:54 PM IST
Highlights

എഡിജിപിയും ആ‍ർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്‌ചയെ കുറിച്ച് പ്രതികരിക്കാതിരുന്ന മുഖ്യമന്ത്രി, ആർഎസ്എസ് ബന്ധത്തിൽ കോൺഗ്രസിനെ കുറ്റപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ആർഎസ്എസുമായി ബന്ധം സിപിഎമ്മിനല്ല കോൺഗ്രസിനെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി. സിപിഎമ്മിന് ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എഡിജിപിയും ആർഎസ്എസ് നേതാക്കളുമായി നടത്തിയ ചർച്ചകളുമായി ബന്ധപ്പെട്ട വിവാദത്തിൽ മാധ്യമങ്ങളെ അതിരൂക്ഷമായി കുറ്റപ്പെടുത്തിയാണ് മുഖ്യമന്ത്രി സംസാരിച്ചത്. ബാബ്റി മസ്ജിദ്, തലശേരി കലാപം, കെപിസിസി പ്രസിഡൻ്റ് ആ‍ർഎസ്എസ് ശാഖയ്ക്ക് സംരക്ഷണം നൽകിയെന്ന് പറ‌ഞ്ഞതുമടക്കം ഓർമ്മിപ്പിച്ചാണ് അദ്ദേഹം സംസാരിച്ചത്. സിപിഎം കോവളം ഏരിയാ കമ്മിറ്റി ഓഫിസ് ഉദ്ഘാടനവും സിപിഎം നിർമ്മിച്ച 11 വീടുകളുടെ താക്കോൽ ദാനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിപിഎമ്മിന് കെട്ട ചരിത്രമില്ലെന്നും ആർഎസ്എസിനോട് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടിൽ ഇനിയും വെള്ളം ചേർക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ടാം പിണറായി സർക്കാർ വന്നത് മുതൽ സർക്കാർ വിരുദ്ധ വാർത്തകൾ നൽകുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സർക്കാരിന്റെ തുടക്കം മുതൽ എല്ലാ ഭാഗത്ത് നിന്നും എതിർപ്പായിരുന്നു. ഇപ്പോൾ കേരളത്തിൽ വലിയ പ്രചാരണം നടത്തുന്നത് സിപിഎം - ആർഎസ്എസ് ബന്ധമാരോപിച്ചാണ്. എന്തോ വലിയ കാര്യം നടന്നുവെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു. ആർഎസ്എസിനെ പ്രീണിപ്പിക്കേണ്ട ഘട്ടം സിപിഎമ്മിന് ഉണ്ടായിട്ടില്ല. ആർഎസ്എസിനെ നേരിട്ട് ജീവൻ നഷ്‌ടമായ പാർട്ടിയാണ് സിപിഎം. ആ പാർട്ടിയെ നോക്കിയാണ് ആർഎസ്എസ് ബന്ധം ആരോപിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Videos

ആർഎസ്എസ് ശാഖയ്ക്ക് കാവൽ നിന്നു എന്ന് വലിയ അഭിമാനത്തോടെ വിളിച്ചുപറഞ്ഞ നേതാവാരാണ്? ആർഎസ്എസുകാരൻ കാവൽ നിൽക്കുന്നത് മനസിലാക്കാം, എന്നാലിത് കോൺഗ്രസ് നേതാവാണെന്നത് എന്താ സൗകര്യപൂർവം മറക്കുന്നത് എന്ന് മലയാള മനോരമ ദിനപ്പത്രത്തിൻ്റെ പേരെടുത്ത് പറഞ്ഞ് മുഖ്യമന്ത്രി വിമർശിച്ചു. കെപിസിസി പ്രസിഡൻ്റാണ് പറഞ്ഞത്, ഞങ്ങളാരും കെട്ടിച്ചമച്ച് പറഞ്ഞതല്ല. എടക്കാട്, തോട്ടട മേഖലകളിൽ ആർഎസ്എസ് ശാഖ തകർക്കാൻ സിപിഎം ശ്രമിച്ചപ്പോൾ കോൺഗ്രസുകാർ കാവൽ നിന്നുവെന്നല്ലേ കെപിസിസി പ്രസിഡൻ്റ് പരസ്യമായി പറഞ്ഞത്. ആർക്കാണ് അപ്പോൾ ആർഎസ്എസ് ബന്ധമെന്നും അദ്ദേഹം ചോദിച്ചു.

തലശേരി കലാപ കാലത്ത് പള്ളിക്ക് സംരക്ഷണം നൽകിയത് സിപിഎമ്മാണ്. അന്ന് ജീവൻ നഷ്ടമായ പാർട്ടിയാണ് സിപിഎം. ഗോൾവാക്കറുടെ ഫോട്ടോയ്ക്ക് മുന്നിൽ വണങ്ങി നിന്നത് ആരാണ് എന്ന് ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധിയെ ആർഎസ്എസ് നേതാവ് രണ്ടാം കർസേവകൻ എന്ന് വിളിച്ചിരുന്നുവെന്നും ബാബ്റി മസ്ജിദ് കാലത്ത് അധികാരത്തിലിരുന്ന സർക്കാർ ആരായിരുന്നുവെന്നും അടക്കം അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചു. 

click me!