ലോകബാങ്ക് ഉദ്യോഗസ്ഥരുമായുള്ള മുഖ്യമന്ത്രിയുടെ ചർച്ച; ഉന്നതതല സംഘത്തോടൊപ്പം പിഎയുടെ പേരും, വിവാദം

By Web Team  |  First Published May 6, 2023, 6:54 AM IST

ചർച്ചയിൽ പിഎയും പങ്കെടുക്കുമോയെന്ന ചോദ്യം ചില പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ചു, തുടർന്നാണ് ഉദ്യോഗസ്ഥർക്കിടയിലും ചർച്ചയായത്. ഗൗരവമേറിയ കാര്യമല്ലെന്നും ചെറിയൊരു നോട്ടപ്പിഴവ് മാത്രമാണെന്നും പൊതുഭരണവകുപ്പ് വിശദീകരിക്കുന്നു.


തിരുവനന്തപുരം: അമേരിക്കൻ സന്ദർശനത്തിനിടെ ലോകബാങ്ക് ഉദ്യോഗസ്ഥരുമായുള്ള ചർച്ച സംഘത്തിൽ മുഖ്യമന്ത്രിയുടെ പിഎ സുനീഷിന്‍റെ പേര് കടന്നു കൂടിയത് വിവാദമാകുന്നു. പൊതുഭരണവകുപ്പ് ഇറക്കിയ ഉത്തരവിലാണ് ഉന്നതതല സംഘത്തോടൊപ്പം പിഎയുടെ പേരും ഉള്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയെ അനുഗമിക്കുന്നതുകൊണ്ടാണ് സംഘത്തിൽ പേര് ഉള്‍പ്പെടുത്തിയതെന്നാണ് പൊതുഭരണവകുപ്പിന്‍റെ വിശദീകരണം

അടുത്ത മാസം എട്ട് മുതൽ 18 വരെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അമേരിക്ക - ക്യൂബ സന്ദർശനം. രണ്ട് രാജ്യങ്ങളിലും മുഖ്യമന്ത്രിക്കൊപ്പം പിഎ സുനീഷും യാത്ര ചെയ്യുന്നുണ്ട്. അമേരിക്കയിൽ ലോക കേരള സഭയുടെ റീജണൽ സമ്മേളനം കഴിഞ്ഞാൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പ്രധാന ചർച്ച ലോക ബാങ്ക് പ്രതിനിധികളുമായാണ്. 12 ന് നടക്കുന്ന ചർച്ചയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നത തല സംഘമാണ് പങ്കെടുക്കുന്നത്. മുഖ്യമന്ത്രി, ധനമന്ത്രി, ആസൂത്രണ ബോർഡ് ചെയർമാൻ, ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി, ധനകാര്യ റിസോഴ്സ് സെക്രട്ടറി, ചീഫ് സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ എന്നിവരുടെ പട്ടികയിലാണ് പിഎയുടെ പേരും പൊതുഭരണവകുപ്പിന്‍റെ ഉത്തരവിൽ ഉള്‍പ്പെടുത്തിയത്. 

Latest Videos

ചർച്ചയിൽ പിഎയും പങ്കെടുക്കുമോയെന്ന ചോദ്യം ചില പ്രതിപക്ഷ നേതാക്കള്‍ ഉന്നയിച്ചു, തുടർന്നാണ് ഉദ്യോഗസ്ഥർക്കിടയിലും ചർച്ചയായത്. ഗൗരവമേറിയ കാര്യമല്ലെന്നും ചെറിയൊരു നോട്ടപ്പിഴവ് മാത്രമാണെന്നും പൊതുഭരണവകുപ്പ് വിശദീകരിക്കുന്നു. ഉത്തരവ് കണ്ട പലരും പൊതുഭരണവകുപ്പിലെ ഉദ്യോഗസ്ഥരെ തന്നെ വിളിച്ചന്വേഷിക്കുകയും ചെയ്തു. ഉന്നതല സംഘമാണ് ചർച്ച നടത്തുകയെന്നും പിഎ മുഖ്യമന്ത്രിയെ അനുഗമിക്കുമെന്നും എഴുതി ചേർക്കേണ്ടതായിരുന്നു. പിഎയെയും ചർച്ച സംഘത്തിൽ ഉള്‍പ്പെടുത്തിതാണ് ആശയക്കുഴപ്പമുണ്ടായത്. ചർച്ചയിൽ ഉന്നത ഉദ്യോഗസ്ഥർ മാത്രമേ പങ്കെടുക്കുന്നുള്ളൂവെന്നും ഉത്തരവിന്മേലിലുളള മറ്റ് ചർകള്‍ക്ക് അടിസ്ഥാനമില്ലെന്നുമാണ് പൊതുഭരണവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പറയുന്നത്.

click me!