മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ഗുരുവിന്റെ സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവനന്തപുരം: മനുഷ്യന്റെ ജാതി മനുഷ്യത്വമെന്നതാണ് ഗുരുവിന്റെ സന്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേത്രങ്ങളിൽ ഉടുപ്പ് ഊരിക്കൊണ്ടുള്ള ദർശനത്തിൽ സാമൂഹിക ഇടപെടൽ ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി കാലാന്തരത്തിൽ ഇതിന് മാറ്റമുണ്ടാകുമെന്നും അഭിപ്രായപ്പെട്ടു. സനാതന ധർമ്മത്തിന്റെ വക്താവായി ഗുരുവിനെ സ്ഥാപിക്കാൻ ശ്രമം നടത്തുകയാണ്. എന്നാൽ സനാതന ധർമത്തെ ഉടച്ചുവാർത്തയാളാണ് ഗുരുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
മനുഷ്യത്വത്തിന്റെ വിശ്വദർശനമാണ് ഗുരു ഉയർത്തിപ്പിടിച്ചത്. സാമൂഹിക പരിഷ്കർത്താവായ ഗുരുവിനെ മതനേതാവാക്കാൻ നടത്തുന്ന ശ്രമങ്ങളെ തിരിച്ചറിയണം. സനാതന ധർമത്തിലൂടെ സ്ഥാപിക്കാൻ ശ്രമിക്കുന്നത് ബ്രാഹ്മണാധിപത്യത്തിന്റെ രാജവാഴ്ചയാണ്. ജനാധിപത്യം അലർജിയാണെന്നതിന് മറ്റെന്ത് തെളിവാണ് വേണ്ടെന്നും മുഖ്യമന്ത്രി ചോദിച്ചു. ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ് പൂര്‍ണരൂപം
ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായുള്ള മഹാസമ്മേളനമാണ് ഇന്നിവിടെ ഉദ്ഘാടനം ചെയ്യപ്പെടുന്നത്. ശ്രീനാരായണ ഗുരുവിന്റെ സ്മരണയ്ക്കു മുമ്പിൽ പ്രണമിക്കുന്നു. ഇന്നത്തെ ഈ പരിപാടിയിൽ വളരെ പ്രധാനപ്പെട്ട സാമൂഹിക ഇടപെടലിൻ്റെ ഭാഗമായുള്ള ഒരു സന്ദേശം ആദരണീയനായ സച്ചിദാനന്ദ സ്വാമിയിൽ നിന്നും ഉണ്ടായിട്ടുണ്ട്. ആരാധനാലയങ്ങളിൽ ഉടുപ്പൂരിയെ കടക്കാൻ പാടുള്ളൂ എന്ന ഒരു നിബന്ധനക്ക് കാലാനുസൃതമായ മാറ്റം ശ്രീനാരായണഗുരുവിൻ്റെ സദ് പാരമ്പര്യം ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ ഇവിടെ സമൂഹത്തിന് മുന്നിൽ നിർദേശമായി ബഹുമാനപ്പെട്ട സച്ചിദാനന്ദ സ്വാമി വച്ചിട്ടുണ്ട്.
ഇത് വളരെ പ്രധാനപ്പെട്ട ഒരു സാമൂഹിക ഇടപെടലായി മാറാൻ സാധ്യതയുണ്ട്. ഈ വഴിക്ക് നമ്മുടെ പല ആരാധനാലയങ്ങളും നാളെ വരുമെന്ന കാര്യം ഉറപ്പാണ്. ആരെയും നിർബന്ധിക്കേണ്ടതില്ല. പക്ഷേ നമ്മുടെ നാട്ടിൽ നിലനിന്ന പല ആചാരങ്ങളും കാലാനുസൃതമായി മാറിയിട്ടുണ്ട് എന്നത് വസ്തുതയാണ്. അതിന് ഫലപ്രദമായി നേതൃത്വം കൊടുക്കുന്ന നിലയാണ് ശിവഗിരി മഠത്തിന്റെ ഭാഗമയിട്ട് ഉണ്ടായിട്ടുള്ളത്. ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങൾ എല്ലാം ഈ നിലയാണ് സ്വീകരിച്ചു പോവുക എന്നാണ് അദ്ദേഹം പറഞ്ഞത്. അത് ശ്രീനാരായണ ബന്ധമുള്ള ആരാധനാലയങ്ങൾ മാത്രമായിരിക്കില്ല, മറ്റ് ആരാധനാലയങ്ങൾ കൂടി ആ മാതൃക പിന്തുടരാൻ ഇടയാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
വൈക്കം സത്യഗ്രഹം, ആലുവ സർവ്വമത സമ്മേളനം എന്നിങ്ങനെ കേരളത്തിന്റെ നവോത്ഥാന ചരിത്രത്തെ സമ്പുഷ്ടമാക്കിയ സുപ്രധാന സംഭവങ്ങളുടെ ശതാബ്ദി ഘട്ടമാണിത്. ആ ചരിത്രസംഭവങ്ങൾ മുന്നോട്ടുവെച്ച ആശയങ്ങളും അവയുടെ പശ്ചാത്തലത്തിൽ ഒരു നൂറ്റാണ്ടുമുമ്പ് മഹാനായ ഗുരു ഉദ്‌ബോധിപ്പിച്ച കാര്യങ്ങളും എല്ലാംതന്നെ ഏറെ പ്രസക്തമായി തുടരുന്ന കാലത്താണ് ഇത്തവണത്തെ ശിവഗിരി തീർത്ഥാടനം നടക്കുന്നത്.
ലോകത്തിന്റെ പല ഭാഗങ്ങളിലും മതത്തിന്റെ പേരിലുള്ള ചിന്തകൾ തീവ്രവാദത്തിലേക്കും അതിനപ്പുറം ഭീകരവാദത്തിലേക്കും നീങ്ങുന്നതിന്റെ റിപ്പോർട്ടുകൾ നിത്യേന പുറത്തു വരുന്നുണ്ട്. വംശീയ വേർതിരിവുകളാലും അതിന്റെ അടിസ്ഥാനത്തിലുള്ള സംഘർങ്ങളാലും ലോകത്തിന്റെ പല ഭാഗങ്ങളിലും വലിയ ചോരപ്പുഴകൾ ഒഴുകുന്നുണ്ട്. മനുഷ്യർക്ക് വംശീയമായ വിദ്വേഷത്തിന്റെ തീജ്വാലകളിൽനിന്നു രക്ഷപ്പെടാൻ കൂട്ടപലായനം ചെയ്യേണ്ടിവരുന്നുണ്ട്. എല്ലായിടത്തും ചോർന്നുപോകുന്നതു മനുഷ്യത്വമാണ്. അത് പലസ്തീനിലായാലും, അഫ്ഗാനിസ്ഥാനിലായാലും മണിപ്പൂരിലായാലും മറ്റെവിടെയായാലും ശരി ഓരോ വംശീയ സംഘർഷവും മുറിവേൽപ്പിക്കുന്നത് മനുഷ്യത്വത്തെയാണ്.
ചോർന്നുപോകുന്ന മനുഷ്യത്വം മനുഷ്യരിൽ ഉൾചേർക്കുവാൻ എന്താണു വഴി എന്നാലോചിക്കുമ്പോഴാണ് ഗുരുസന്ദേശങ്ങൾക്കുള്ള പ്രസക്തി കൂടുതൽ വ്യക്തമാവുക. ജാതിയുടെയും മതത്തിന്റെയും വംശത്തിന്റെയും പേരിൽ അക്രമം നടത്തുന്നവരിലേക്ക് 'പലമതസാരവുമേകം' എന്ന ഗുരുസന്ദേശം എത്തിക്കാൻ കഴിഞ്ഞാൽ അത് വലിയതോതിൽ മാറ്റങ്ങൾ സൃഷ്ടിക്കും. 'കൊല്ലുന്നതുമെങ്ങനെ ജീവികളെ' എന്ന ഗുരുവിന്റെ കാവ്യശകലം എത്തിക്കാൻ കഴിഞ്ഞാൽ? 'മതമേതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന ഗുരുവചനത്തിന്റെ വെളിച്ചം എത്തിക്കാൻ കഴിഞ്ഞാൽ ? 'മനുഷ്യാണാം മനുഷ്യത്വം ജാതി' എന്ന, മനുഷ്യന്റെ ജാതി മനുഷ്യത്വമാണ് എന്ന, ഗുരുദർശനം എത്തിക്കാൻ കഴിഞ്ഞാൽ? അതായിരിക്കും നിഷ്ഠുരതയെ മനുഷ്യത്വം കൊണ്ടു പകരംവെക്കാനും അങ്ങനെ വർഗീയ വംശീയ വിദ്വേഷങ്ങളെയും അവയുടെ അടിസ്ഥാനത്തിലുള്ള നരമേധങ്ങളെയും ഒഴിവാക്കാനുമുള്ള വഴി.
അതുകൊണ്ടാണ് ഗുരുസന്ദേശങ്ങൾക്ക് സാർവദേശീയവും സർവകാലികവുമായ പ്രസക്തിയുണ്ട് എന്നു പറയുന്നത്. ഗുരു ജീവിച്ചു മനുഷ്യത്വം പടർത്തിയ മണ്ണാണിവിടെയുള്ളത് എന്നതുകൊണ്ടാണ് കേരളത്തിൽ വംശീയ വിദ്വേഷം ഇത്ര ഭീകരമായ തോതിൽ ആളിപ്പടരാതിരിക്കുന്നത്. അതുകൊണ്ട് ആമുഖമായി തന്നെ പറയാനുള്ളത് ഗുരു സന്ദേശങ്ങൾ ലോകമെമ്പാടും പടർത്താനുള്ള ശ്രമങ്ങൾ നടത്തണം എന്നതാണ്. ഈ അടുത്ത കാലത്ത് ആലുവ സർവ്വമത സമ്മേളനത്തിന്റെ ശതാബ്ദി റോമിൽ ആഘോഷിക്കുകയും മാർപാപ്പ ഉൾപ്പെടെ അതിന്റെ ഭാഗമാവുകയും ചെയ്തത് ഏറെ ശ്ലാഘനീയമാണ്. അത്തരം മുൻകൈകൾ ശക്തിപ്പെടുത്താനുതകണം ഈ ശിവഗിരി തീർത്ഥാടനം.
സനാതന ധർമ്മത്തിന്റെ വക്താവും പ്രയോക്താവുമായി ശ്രീനാരായണ ഗുരുവിനെ സ്ഥാപിക്കാനുള്ള സംഘടിതമായ ശ്രമം ഇപ്പോൾ നടക്കുന്നുണ്ട്. ഈ ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽത്തന്നെ ഒരു പ്രസംഗകന്റെ ഭാഗത്തു നിന്ന് ഇങ്ങനെയൊരു വാദം ഉയർന്നു കേട്ടു. ഗുരു ശിവഗിരി തീർത്ഥാടനത്തെക്കുറിച്ചു സങ്കൽപ്പിച്ചതുതന്നെ സംവാദങ്ങളുടെ വേദിയായിക്കൂടിയാണ് എന്നതുകൊണ്ട് ആ മിഥ്യാധാരണ തിരുത്തേണ്ടത് ഇവിടെ വെച്ചുതന്നെയാണ് എന്നു കരുതട്ടെ.
ശ്രീനാരായണ ഗുരു സനാതന ധർമ്മത്തിന്റെ വക്താവോ പ്രയോക്താവോ ആയിരുന്നില്ല, മറിച്ച്, ആ ധർമ്മത്തെ ഉടച്ചുവാർത്ത് പുതിയ കാലത്തിനായുള്ള ഒരു നവയുഗ ധർമ്മത്തെ വിളംബരം ചെയ്ത സന്യാസിവര്യനായിരുന്നു. സനാതന ധർമ്മം എന്നതുകൊണ്ടു വിവക്ഷിക്കുന്നതെന്താണ്? അത് വർണാശ്രമ ധർമ്മമല്ലാതെ മറ്റൊന്നുമല്ല. ആ വർണാശ്രമ ധർമ്മത്തെ വെല്ലുവിളിച്ചുകൊണ്ടും മറികടന്നുകൊണ്ടും കാലത്തിനൊത്തു നിലനിൽക്കുന്നതാണ് ഗുരുവിന്റെ നവയുഗ മാനവിക ധർമ്മം.
മതങ്ങൾ നിർവചിച്ചുവെച്ചതേയല്ല ഗുരുവിന്റെ ഈ നവയുഗ ധർമ്മം. മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന് അതുവരെ ഏതെങ്കിലും മതം പറഞ്ഞിരുന്നോ? ഇല്ല. സർവമതങ്ങളുടെയും സാരം ഏകമാണ് എന്ന് അതുവരെ ഏതെങ്കിലും മതം പറഞ്ഞിരുന്നോ? ഇല്ല. അപ്പോൾ വ്യക്തമാവുന്നതെന്താണ്? മതാതീതമായ മാനുഷ്യകത്തിന്റെ സത്തയെ ഉൾക്കൊള്ളുന്ന മനുഷ്യത്വപരമായ വിശ്വദർശനമാണ് ഗുരു ഉയർത്തിപ്പിടിച്ചത് എന്നതാണ്. അതിനെ സനാതന തത്വത്തിന്റെ ചട്ടക്കൂടിനുള്ളിലാക്കാൻ നിന്നാൽ അതു ഗുരുവിനോടു ചെയ്യുന്ന വലിയ നിന്ദയാവും.
സനാതന ധർമ്മത്തിന്റെ പര്യായമോ അവിഭാജ്യ ഘടകമോ ആണു വർണാശ്രമ ധർമ്മം. ചാതുർവർണ്യ പ്രകാരമുള്ള വർണാശ്രമ ധർമ്മം. അത് ഉയർത്തിപ്പിടിച്ചതെന്താണ്? കുലത്തൊഴിലിനെയാണ്. ശ്രീനാരായണ ഗുരു ചെയ്തതോ കുലത്തൊഴിലിനെ ധിക്കരിക്കാൻ ആഹ്വാനം ചെയ്യലാണ്. അപ്പോൾ പിന്നെ ഗുരു എങ്ങനെ സനാതന ധർമ്മത്തിന്റെ വക്താവാകും? ചാതുർവർണ്യ വ്യവസ്ഥ ഉടനീളം ചോദ്യം ചെയ്യുന്നതും ധിക്കരിക്കുന്നതുമായിരുന്നു ഗുരുവിന്റെ സന്യാസ ജീവിതം. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്നുദ്‌ഘോഷിച്ച ഗുരു എങ്ങനെ ഒരു മതത്തിന്റെ പരിമിതിക്കുള്ളിൽ രൂപപ്പെട്ടുവന്ന സനാതന ധർമ്മത്തിന്റെ വക്താവാകും? വർണവ്യവസ്ഥയ്ക്ക് എതിരായ ധർമ്മമാണ് ഗുരു ഉയർത്തിപ്പിടിച്ചത്.
സനാതന ധർമ്മത്തെ അനുസരിക്കുന്നതും സംശയത്തോടെ കാണുന്നതും വെല്ലുവിളിച്ചു ധിക്കരിക്കുന്നതുമായ മൂന്നു ധാരകൾ ഇന്ത്യയിൽ ഉണ്ടായിരുന്നിട്ടുണ്ട്. ഇതിലെ മൂന്നാമത്തെ ധാരയുടെ പ്രതിനിധിയാണു ഗുരു. ഗോത്ര വ്യവസ്ഥ പിൻവാങ്ങി വർണവ്യവസ്ഥ വരുന്ന കാലമാറ്റത്തിന്റെ ഘട്ടത്തിലുണ്ടായ സാംസ്‌കാരിക ഉല്പന്നമാണു മഹാഭാരതം. അതുപോലും ഏതാണു ധർമ്മമെന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം പറയാതെ സംശയത്തിന്റെ ചോദ്യചിഹ്നമുയർത്തി പിൻവാങ്ങുന്നതേയുള്ളൂ.
ധർമ്മയുദ്ധം നടത്തി എന്നുപറയുന്ന ധർമ്മപുത്രർ ഉടലോടെ സ്വർഗ്ഗത്തിൽ ചെന്നപ്പോൾ അതുവരെ അധർമ്മത്തിന്റെ യുദ്ധം നടത്തി എന്ന് ആരോപിക്കപ്പെട്ട ദുര്യോധനനെ അവിടെ കാണുന്നു. സ്വർഗ്ഗത്തിൽ പോകാനുള്ള നന്മ കൗരവർ ചെയ്തതായി സൂചിപ്പിക്കുന്നിടത്തു ധർമ്മത്തെക്കുറിച്ചു മഹാഭാരതം തന്നെ സന്ദേഹമല്ലേ ഉണർത്തുന്നത്. ആ സന്ദേഹം പിന്നെ ചോദ്യം ചെയ്യലായി വളർന്നു. ആ ചോദ്യം ചെയ്യൽ ഏറ്റവും ശക്തമായി നടത്തിയതു നമ്മുടെ ഗുരുവാണ് എന്നതാണു സത്യം.
സനാതന ധർമ്മത്തിന്റെ രാഷ്ട്രം എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് മാർത്താണ്ഡവർമ പല പരിഷ്‌ക്കാരങ്ങളും തിരുവിതാംകൂറിൽ വരുത്തിയത്. ഇന്നും ഇടയ്ക്കിടയ്ക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ മുഴങ്ങിക്കേൾക്കുന്ന വാക്കാണ് സനാതനഹിന്ദുത്വം. രാജാധിപത്യത്തിനും വർഗ്ഗീയാധിപത്യത്തിനും ഒരുപോലെ പ്രിയപ്പെട്ടതാകുന്നു ഈ വാക്ക് എന്നത് ശ്രദ്ധിക്കണം. സനാതനഹിന്ദുത്വം എന്ന വാക്കിലൂടെ സ്ഥാപിച്ചെടുക്കാൻ ശ്രമിക്കുന്നത് ബ്രാഹ്‌മണാധിപത്യത്തിന്റെ പഴയ രാജവാഴ്ചക്കാലമാണെന്നതിന് ഇതിൽപ്പരം എന്തു തെളിവാണു വേണ്ടത്? ജനാധിപത്യം അലർജിയാണെന്നതിനും മറ്റെന്തു തെളിവാണു വേണ്ടത്?
സനാതനഹിന്ദുത്വം എന്നത് അതിമഹത്തും അഭിമാനകരവുമായ എന്തോ ഒന്നാണ് എന്നും അതിന്റെ പുനഃസ്ഥാപനമാണ് എല്ലാ സാമൂഹിക പ്രശ്‌നങ്ങൾക്കും ഉള്ള ഏക പോംവഴി എന്നും ഉള്ള വാദം ശക്തിപ്പെടുന്ന കാലമാണിത്. ഇതിന്റെ മുഖ്യ അടയാള വാക്യമായി അവർ ഉയർത്തിക്കാട്ടുന്നത് 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന ആശംസാവാക്യമാണ്. ലോകത്തിനാകെ സുഖമുണ്ടാവട്ടെ എന്നതാണ് ഇതിന്റെ അർത്ഥം. ഇത് ഒരു വിധത്തിലും എതിർക്കപ്പെടേണ്ടതല്ലല്ലോ. ഏറ്റവും ഉദാത്തമായ ഒരു സങ്കല്പമാണല്ലോ. ലോകത്ത് ഹിന്ദുത്വം മാത്രമല്ലേ ഇത്ര ശ്രേഷ്ഠമായ ഒരു അടയാളവാക്യം മുമ്പോട്ടുവെച്ചിട്ടുള്ളു. ഇതൊക്കെയാണു വാദം.
ഈ വാദം ആവർത്തിക്കുന്നവർ ഇതിനു തൊട്ടുമുമ്പുള്ള വരി ബോധപൂർവ്വം മറച്ചുവെക്കുന്നുണ്ട്. 'ഗോബ്രാഹ്‌മണേഭ്യോ ശുഭമസ്തു നിത്യം' എന്നതാണ് തൊട്ടുമുമ്പുള്ള ആ വരി. ഗോവിനും, അതായതു പശുവിനും ബ്രാഹ്‌മണനും സുഖമുണ്ടാവട്ടെ എന്നർത്ഥം ചേർത്തുവായിച്ച് അർത്ഥം മനസ്സിലാക്കിയാൽ, പശുവിനും ബ്രാഹ്‌മണനും സുഖമുണ്ടായാൽ ലോകത്തിനാകെ സുഖമായി! എത്രയധികം ചേർന്നുപോകുന്നു, ലോകാസമസ്താ സുഖിനോഭവന്തു എന്ന സനാതനത്വത്തിന്റെ മുദ്രാവാക്യവും ഇന്നത്തെ പശു കേന്ദ്രീകൃത, ബ്രാഹ്‌മണ കേന്ദ്രീകൃത രാഷ്ട്രീയവും എന്നു നോക്കുക.
അക്കാലത്തു നിലനിന്ന സാമൂഹ്യ അനീതികളൊക്കെ ഇന്നു മാഞ്ഞുപോയി എന്നു കരുതാനാവുമോ? അതൊക്കെ പല രൂപങ്ങളിൽ ഇന്നും നിലനിൽക്കുന്നുണ്ട്. അന്ന് രാഷ്ട്രീയാധികാരത്തിന്റെ രക്ഷാകർതൃത്വം അതിനുണ്ടായിരുന്നു. ആ രക്ഷാകർതൃത്വം ഇന്നുമുണ്ട്. അതുകൊണ്ടാണ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ ഇന്നും ദളിതരും പിന്നോക്കക്കാരും ന്യൂനപക്ഷങ്ങളും പീഡിപ്പിക്കപ്പെടുന്നത്. അതുകൊണ്ടാണ് ആ പീഡകരൊക്കെ നിയമവ്യവസ്ഥയ്ക്കു മുമ്പിൽ നിന്നു രക്ഷപ്പെടുന്നതും. അതിനൊക്കെ സംരക്ഷണമേകുന്നവരുടെ വാദമാണു സനാതന ധർമ്മവാദം. അതായിക്കോട്ടെ. എന്നാൽ, ഗുരുവിനെ അതുമായി ചേർത്തുവെക്കേണ്ടതില്ല.
ഒരു ആശയത്തെ നമ്മൾ പിൻതുടരേണ്ടത് അത് ലോകത്തിനാകെ വെളിച്ചം പകരുകയും അത് മനുഷ്യ ജീവിതങ്ങളെ മെച്ചപ്പെടുത്തുകയും ചെയ്യുമ്പോഴാണ്. ആ ആശയം കാരണം മനുഷ്യൻ ദുഖിക്കാനും കഷ്ടപ്പെടാനും തുടങ്ങുന്നുവെങ്കിൽ അതിനെ സ്വാഭാവികമായും അകറ്റി നിർത്തണം. അങ്ങനെ എത്രയെത്ര ആശയങ്ങളാണ് കാലത്തിനൊപ്പം നവീകരിക്കപ്പെടാത്തതുകൊണ്ട് വിസ്മൃതിയിൽ ആണ്ടുപോയത്. എന്നാൽ ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ അദ്ദേഹം ജനിച്ചുജീവിച്ച സഹസ്രാബ്ദത്തെയും കടന്ന് ലോകത്തിനാകെ വെളിച്ചം പകരുകയാണ്. അതിലുണ്ട് ശ്രീനാരായണ ഗുരുവിന്റെ മഹത്വം. ആ യുഗപ്രഭാവന്റെ ആശയങ്ങൾ ഉൾക്കൊണ്ട് നടത്തപ്പെടുന്ന ശിവഗിരി തീർത്ഥാടനവും അങ്ങനെ മഹത്വമാർജ്ജിക്കുന്നു.
എന്തിനുവേണ്ടിയാണ് ശിവഗിരി തീർത്ഥാടനം? ഗുരുവിന് ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടായിരുന്നു. ശ്രീബുദ്ധന്റെ അഷ്ടാംഗമാർഗം പോലെ എട്ടു കാര്യങ്ങൾ ഗുരുവും നിർദ്ദേശിക്കുകയുണ്ടായി. വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനം എന്നിങ്ങനെയുള്ള എട്ടു കാര്യങ്ങളാണ് ഓരോ ശിവഗിരി തീർത്ഥാടകനും ലക്ഷ്യമായി കരുതേണ്ടത് എന്ന് ഗുരു പറയുമ്പോൾ അത് സ്വസമുദായത്തിന്റെ അഭിവൃദ്ധി മാത്രമല്ല സമൂഹത്തിന്റെ മൊത്തത്തിലുള്ള വികസനമാണ് ലക്ഷ്യമാക്കിയത് എന്നു വ്യക്തമാണ്. അറിവു നേടാനും സാമ്പത്തികമായി സ്വാശ്രയത്വത്തിലെത്താനുമാണു ഗുരു ഉപദേശിച്ചത്. സാങ്കേതിക ജ്ഞാനമടക്കം നേടണമെന്ന് അന്നേ ഗുരു പറഞ്ഞു. എത്ര വലിയ ദീർഘദർശിത്വമാണ് അതിലുള്ളത്.
ഈ പാതയിൽ തന്നെയാണ് സംസ്ഥാനം ഇപ്പോൾ നീങ്ങുന്നതെന്ന് അഭിമാനപൂർവ്വം പറയട്ടെ. വിദ്യാഭ്യാസ മേഖലയെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തിയും കാർഷിക സ്വയംപര്യാപ്തതയിലേക്ക് നാടിനെ നയിച്ചും മാലിന്യനിർമ്മാർജ്ജനത്തിനായി പ്രത്യേക ക്യാമ്പയിനുകൾ ആരംഭിച്ചും വിദ്യാഭ്യാസവും വ്യവസായവും തമ്മിലുള്ള ജൈവികമായ ബന്ധം ദൃഢപ്പെടുത്തിയുമെല്ലാം ഗുരു തെളിച്ച പാതയിലൂടെ തന്നെയാണ് സംസ്ഥാന സർക്കാരും നീങ്ങിക്കൊണ്ടിരിക്കുന്നത്.
മനുഷ്യത്വത്തിന്റെ മഹത്തായ സന്ദേശം ലോകത്താകെ പടർത്തിയ തീർത്ഥാടനകേന്ദ്രമാണ് ശിവഗിരി. കാലത്തിന്റെയും ലോകത്തിന്റെയും മനുഷ്യമനസ്സുകളുടെയും ഇരുളടഞ്ഞ കോണുകളിലേക്കാണ് മനുഷ്യസ്‌നേഹത്തിന്റെ വെളിച്ചം ശിവഗിരിയിൽനിന്നു പടർന്നുകയറിയത്. ആ വെളിച്ചം കാലത്തെ മാറ്റിയെടുത്തു. ലോകത്തെ മാറ്റിയെടുത്തു. മനുഷ്യമനസ്സുകളെയും മാറ്റിയെടുത്തു. ജാതിക്കും മതത്തിനും എല്ലാവിധ വിഭാഗീയ വേർതിരിവുകൾക്കും അതീതമായ മഹത്വപൂർണമായ ആ സന്ദേശം ഉൾക്കൊള്ളാൻ വർഷംതോറും കൂടുതൽ കൂടുതൽ പേർ ശിവഗിരിയിലേക്കെത്തുന്നു.
സത്യത്തിൽ ശിവഗിരി തീർത്ഥാടനം പൂർണമാവുന്നത് ശിവഗിരിക്കുന്നിലേക്കു പതിനായിരക്കണക്കിനാളുകൾ ഒഴുകിയെത്തുന്നിടത്തല്ല. മറിച്ച് അവിടേക്കെത്തുന്ന പതിനായിരങ്ങൾ ശ്രീനാരായണ ഗുരുവിന്റെ കാരുണ്യപൂർവമായ മഹാസന്ദേശങ്ങൾ ഉൾക്കൊള്ളുന്നിടത്തും, അവ ഉൾക്കൊണ്ടു മടങ്ങിപ്പോയി സ്വന്തം ജീവിതത്തിലും പൊതുജീവിതത്തിലും പകർത്തുന്നിടത്തുമാണ്. ശിവഗിരിയിലേക്കു കൂടുതൽ കൂടുതൽ ആളുകൾ വർഷംതോറും തീർത്ഥാടകരായി എത്തേണ്ടത് നല്ല കാര്യമാണ്. വരുന്ന തീർത്ഥാടകരെല്ലാം ശ്രീനാരായണഗുരുവിന്റെ മാനവികതയുടെ മഹാസന്ദേശം അതിന്റെ പൂർണമായ അർത്ഥത്തിൽ ഉൾക്കൊള്ളുന്നു എന്ന് ഉറപ്പുവരുത്തുന്നതിൽകൂടി ഈ നിഷ്‌കർഷ ഉണ്ടാവണം.
ഗുരുസന്ദേശം ഉൾക്കൊള്ളുന്നതിൽ ശ്രദ്ധവെക്കാതെ നടത്തുന്ന തീർത്ഥാടനങ്ങൾ പൊള്ളയായ ആചാരാനുഷ്ഠാനങ്ങൾ മാത്രമായി തരംതാണു പോകും. അന്ധമായ ആചാരാനുഷ്ഠാനങ്ങൾക്ക് എതിരെയായിരുന്നു ഗുരു എന്നും പ്രവർത്തിച്ചുപോന്നിരുന്നത് എന്നതിന്റെ പശ്ചാത്തലത്തിൽ നോക്കിയാൽ പൊള്ളയായ ആചാരം ഗുരുനിന്ദപോലും ആയിപ്പോവും. അതുണ്ടാവാതിരിക്കാനാണ് ഗുരുവിന്റെ മഹത്വമാർന്ന സന്ദേശങ്ങൾ പൂർണമായും ഉൾക്കൊള്ളാനുള്ളതാവണം ഓരോ തീർത്ഥാടകന്റെയും യാത്ര എന്നുറപ്പുവരുത്തണമെന്നു പറഞ്ഞത്.
ഇവിടെയാണ് എന്തായിരുന്നു യഥാർത്ഥ ഗുരുസന്ദേശം എന്ന ചോദ്യത്തിലേക്കു നാം വരുന്നത്. മനുഷ്യസ്‌നേഹമായിരുന്നു ഗുരുവിന്റെ സന്ദേശം. ആ സ്‌നേഹത്തിൽ ജാതിയുടെയോ മതത്തിന്റെയോ വേർതിരിവില്ല. അത്തരം വേർതിരിവുകൾ കൽപിക്കാൻ ആരെങ്കിലും ശ്രമിച്ചാൽ ഗുരു അതു സഹിക്കുമായിരുന്നില്ല. അങ്ങനെയുള്ള ഗുരുവിനെത്തന്നെ ജാതിയുടെയോ മതത്തിന്റെയോ വേലികെട്ടി അതിനുള്ളിൽ പ്രതിഷ്ഠിക്കാൻ ആരെങ്കിലും ശ്രമിച്ചാലോ? അതിൽകവിഞ്ഞ ഗുരുനിന്ദയുണ്ടാവാനില്ല. അക്കാര്യം ഓർമിക്കണം. ഓർമിച്ചാൽ മാത്രം പോര, അത്തരം ശ്രമങ്ങൾക്കെതിരായി നല്ല ജാഗ്രത പുലർത്തണം.
ആ ജാഗ്രതയുണ്ടായില്ലെങ്കിൽ ഗുരു എന്തിനൊക്കെവേണ്ടി നിലകൊണ്ടോ അതിനൊക്കെ എതിരായ പക്ഷത്തേക്കു ഗുരുവിനെ തട്ടിയെടുത്തു കൊണ്ടുപോയി പുനഃപ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവും. ഗുരു എന്തിനൊക്കെയെതിരെ പൊരുതിയോ അതിന്റെയൊക്കെ വക്താവായി ഗുരുവിനെ അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാവും. അതുണ്ടായിക്കൂട. അത്തരം ദുർവ്യാഖ്യാനങ്ങൾ അനുവദിക്കില്ല എന്ന് ഉറച്ചുപ്രഖ്യാപിക്കാൻ കഴിയണം.
സാമൂഹിക പരിഷ്‌കർത്താവായിരുന്ന ശ്രീ നാരായണഗുരുവിനെ കേവലം ഒരു മത നേതാവായി അല്ലെങ്കിൽ മത സന്യാസിയായി കുറച്ചു കാണിക്കാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം. ഗുരുവിനു മതമില്ല എന്നു മനസ്സിലാക്കണം. ഗുരുവിനു ജാതിയില്ല എന്നു മനസ്സിലാക്കണം. ലോകത്ത് മനുഷ്യരായിപ്പിറന്ന മുഴുവനാളുകൾക്കും എല്ലാ കാലവും ഗുരുവായിരിക്കേണ്ട ഒരു മഹാവ്യക്തിത്വത്തെ നമ്മുടെ പരിമിതമായ കാഴ്ചവട്ടത്തിനുള്ളിലെ ഒരു ജാതിയിലോ മതത്തിലോ ആയി തളച്ചിടുന്നതു ശരിയാണോ എന്ന് ചിന്തിക്കണം.
ഗുരുവിന്റെ ജാതി എന്താണ് എന്ന് ഒരാൾ ഒരിക്കൽ ഗുരുവിനോടുതന്നെ ചോദിച്ചതും ഗുരു അതിനു കൃത്യമായി മറുപടി പറഞ്ഞതും ചരിത്രം കൃത്യമായിത്തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. 'നാം ജാതിഭേദം വിട്ടിട്ട് ഇപ്പോൾ ഏതാനും വത്സരങ്ങൾ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും ചില പ്രത്യേക വിഭാഗക്കാർ നമ്മെ അവരുടെ വിഭാഗത്തിൽപ്പെട്ടവനായി വിചാരിക്കുന്നു. അക്കാരണത്താൽ പലർക്കും നമ്മുടെ വാസ്തവത്തിനു വിരുദ്ധമായ ധാരണയ്ക്കിടവന്നിട്ടുണ്ടെന്നും അറിയുന്നു. നാം ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ഉൾപ്പെടുന്നില്ല. ഈ വസ്തുത പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധം ചെയ്തിരിക്കുന്നു'.
ഇതാണ് ഗുരുവിന്റെതായി ചരിത്രം അടയാളപ്പെടുത്തിയിട്ടുള്ള വാക്കുകൾ. ഒരു സംശയത്തിനും ആ വാക്കുകൾ പഴുതു നൽകുന്നില്ല. എന്നിട്ടും ഗുരു മതാചാര്യനാണെന്നു പറഞ്ഞാലോ? ഇക്കാര്യങ്ങളിൽ അന്തിമമായി ഗുരുവിന്റെ സ്വന്തം വാക്കുകൾ തന്നെയുള്ളപ്പോൾ വ്യാഖ്യാതാക്കൾ ആയി നടിച്ച് ആരും പുത്തൻ ഭാഷ്യവുമായി ഇറങ്ങേണ്ടതില്ല.
സർവമത സമ്മേളനത്തെക്കുറിച്ച് ഞാൻ സൂചിപ്പിച്ചുവല്ലോ. 'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ഈ സമ്മേളനം' എന്ന് സമ്മേളനപ്പന്തലിൽ എഴുതിവച്ചു അദ്ദേഹം. എന്താണ് അതിനർത്ഥം? മതങ്ങൾ തമ്മിൽ വാദിച്ച് കലഹിക്കരുത് എന്നതുതന്നെ! 'പല മതസാരവുമേകം' എന്ന് പഠിപ്പിച്ച ഗുരു ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. അങ്ങനെയുള്ള ഗുരുവിന്റെ സ്മൃതി തുടിച്ചുനിൽക്കുന്ന പവിത്രമായ സ്ഥലമാണ് ശിവഗിരി. ആ ശിവഗിരി എന്നും എല്ലാവർക്കും അവകാശപ്പെട്ടതായിത്തന്നെ തുടരണം.
'ജാതിഭേദം, മതദ്വേഷം, ഏതുമില്ലാതെ സർവരും സോദരത്വേന വാഴുന്ന മാതൃകാ സ്ഥാനം' എന്നതായിരുന്നല്ലോ ഗുരുവിന്റെ സങ്കൽപം. അരുവിപ്പുറമായാലും ചെമ്പഴന്തിയായാലും ശിവഗിരിയായാലും ഗുരുവുമായി ബന്ധപ്പെട്ട ഏതു സ്ഥാനവും സ്ഥാപനവും എല്ലാവർക്കുമായി എന്നും തുറന്നിരിക്കണം. ആ ആശയത്തിന്റെ അനുരണനങ്ങൾ കേരളത്തിന്റ മുക്കിലും മൂലയിലുമുണ്ടാകണം. ലോകമാകെ ശ്രദ്ധിക്കുന്ന മാതൃകാസ്ഥാനമായി ഈ നാടുതന്നെ മാറിത്തീരണം.
ഒരുവശത്ത് സാമുദായികമായ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെയുള്ള പ്രവർത്തനം. മറുവശത്ത് മദ്യപാനംപോലുള്ള ദുസ്വഭാവങ്ങൾക്കെതിരെയുള്ള പ്രവർത്തനം. ഇനിയുമൊരു വശത്ത് വിദ്യാഭ്യാസത്തിനുവേണ്ടിയും സ്വാശ്രയത്വത്തിനുവേണ്ടിയുമുള്ള പ്രവർത്തനം. ഈ മൂന്ന് പ്രവർത്തനപഥങ്ങളെ സമന്വയിപ്പിച്ചു ശ്രീനാരായണ ഗുരു. ഇത് കാണാതെ ഗുരുവിനെ ആത്മീയതയുടെ അന്വേഷകൻ മാത്രമായി പരിമിതപ്പെടുത്തിക്കാണരുത്. ഏകാന്തമായ ഏതോ ഗുഹയിൽ പോയിരുന്ന് ജീവിതാന്ത്യംവരെ പ്രാർത്ഥിക്കുകയല്ല, മറിച്ച് ഈ സമൂഹത്തെ മാറ്റിമറിക്കാൻ സന്ദേശങ്ങൾകൊണ്ടും പ്രവൃത്തികൾകൊണ്ടും ഇടപെടുകയായിരുന്നു ഗുരു. പ്രാർത്ഥനയല്ല, പ്രവൃത്തിയേ സാമൂഹ്യമാറ്റം വരുത്തൂ എന്ന് പഠിപ്പിക്കുകയായിരുന്നു ഗുരു.
'സംഘടനകൊണ്ട് ശക്തരാകണം' എന്ന മുദ്രാവാക്യം അക്കാലത്ത് എത്രയോ പുരോഗമനപരമായിരുന്നുവെന്നും ഇക്കാലത്തും അത് എത്രയോ പ്രസക്തമാണെന്നും ആലോചിക്കുക. മറ്റൊരു ഗുരുവും ഇങ്ങനെ പറഞ്ഞിട്ടില്ല എന്നും ഓർക്കുക. വടക്ക് തീയമഹാസഭയും തെക്ക് ഈഴവ മഹാസഭയും ഉള്ള ഘട്ടത്തിൽ ശ്രീനാരായണഗുരു രൂപപ്പെടുത്തിയ സംഘടനയ്ക്ക് അദ്ദേഹം ജാതിപ്പേരല്ല നൽകിയത് എന്നും ഓർമിക്കണം. അവകാശങ്ങൾക്കുവേണ്ടി സംഘടിക്കണമെന്നല്ലാതെ മറ്റ് വിഭാഗങ്ങൾക്കെതിരെ സംഘടിക്കണമെന്നല്ല അദ്ദേഹം പറഞ്ഞിട്ടുള്ളത് എന്നും ഓർമിക്കണം. മാനവികതയുടെ മഹാസന്ദേശമാണ് ഗുരു നൽകിയത്. അല്ലാതെ ജാതീയതയുടെ സങ്കുചിത സന്ദേശമല്ല.
അയിത്തത്തിന്റെ രൂക്ഷതയ്‌ക്കെതിരായി ഗാന്ധിജി തന്റെ 'ഹരിജൻ' എന്ന പ്രസിദ്ധീകരണത്തിൽ ലേഖനമെഴുതിയതിനു പിന്നിൽപോലും ശ്രീനാരായണ ചിന്തകളുടെ സ്വാധീനമുണ്ട് എന്നുകാണാം. കാക്കിനാട കോൺഗ്രസ് സമ്മേളനത്തിൽ അയിത്തോച്ചാടനപ്രമേയം വന്നതുപോലും ശ്രീനാരായണഗുരുവിന്റെ സ്വാധീനംകൊണ്ടാണ്. ആ പ്രമേയം അവതരിപ്പിച്ച ടി കെ മാധവന് അതിനുവേണ്ട ഊർജ്ജം ലഭിച്ചത് ശ്രീനാരായണ ഗുരുവിന്റെ ചിന്തകളിൽ നിന്നാണ്.
ജാതിഭേദവും മതദ്വേഷവുമില്ലാത്ത ഒരു കേരളത്തെയാണ് ശ്രീനാരായണഗുരു സ്വപ്‌നം കണ്ടത്. സഹോദരങ്ങളായി എല്ലാവരും പാർക്കുന്ന മാതൃകാസ്ഥാനമായാണ് അദ്ദേഹം നാടിനെ സങ്കൽപ്പിച്ചത്. അത് സാക്ഷാൽക്കരിക്കാനുള്ള ശ്രമങ്ങളെ ദുർബലപ്പെടുത്താനുള്ള നീക്കം ഒരു ഭാഗത്തുനിന്നും ഉണ്ടായിക്കൂടാ. അങ്ങനെയുണ്ടായാൽ അതിനെ ചെറുത്തുതോൽപ്പിക്കുമെന്ന ദൃഢപ്രതിജ്ഞയോടെ വേണം ഇവിടെയെത്തുന്ന ഓരോ തീർത്ഥാടകനും മടങ്ങാൻ. എന്നാൽ മാത്രമേ ശിവഗിരി തീർത്ഥാടനം അർത്ഥപൂർണ്ണമാവുകയുള്ളൂ എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഈ മഹാസമ്മേളനം ഉദ്ഘാടനം ചെയ്തതായി അറിയിക്കുന്നു.