
കൽപ്പറ്റ: സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രം ജനങ്ങൾക്കായി തുറന്നു നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. ആദിവാസി പുനരധിവാസപദ്ധതിയുടെ ഭാഗമായി മേപ്പാടി ഗ്രാമപഞ്ചായത്തിൽ ഏഴാഞ്ചിറ പരൂർക്കുന്നിൽ നിർമിച്ച 110 കുടുംബങ്ങൾക്കുള്ള താക്കോൽദാനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.
സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി പുനരധിവാസ കേന്ദ്രമാണ് വയനാട് ജില്ലയിൽ മേപ്പാടി പരൂർകുന്നിൽ ഒരുങ്ങിയത്. ആദിവാസി ജനവിഭാഗത്തിൻ്റെ ക്ഷേമത്തിനും പുരോഗതിയ്ക്കുമായി സംസ്ഥാന സർക്കാർ ഉയർത്തിപ്പിടിക്കുന്ന പ്രതിബദ്ധതയ്ക്ക് അടിവരയിടുന്ന സ്വപ്നപദ്ധതിയാണ് പരൂർകുന്നിൽ പൂർത്തീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിലൂടെ കുറിച്ചു.
ഭൂരഹിതരായ 110 കുടുംബങ്ങൾക്കാണ് വീടുകൾ കൈമാറിയത്. സർക്കാരിൻ്റെ നാലാം വാർഷികാഘോഷ വേളയിൽ തന്നെ അതു നിർവ്വഹിക്കാൻ സാധിച്ചത് അഭിമാനകരമായ അനുഭവമായി. രണ്ടു കിടപ്പുമുറികള്‍, വരാന്ത, ഹാള്‍, അടുക്കള, ശുചിമുറി, വര്‍ക്ക് ഏരിയ എന്നിവയുൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഉൾപ്പെടുത്തിയാണ് വീടുകൾ നിർമ്മിച്ചിരിക്കുന്നത്. 6 കോടി 60 ലക്ഷം രൂപയാണ് നിര്‍മ്മാണ ചിലവ്. ഭവനത്തിനു പുറമേ 10 സെൻ്റ് ഭൂമിയും നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അടിസ്ഥാന സൗകര്യങ്ങളായ വൈദ്യുതി, കുടിവെള്ളം, റോഡ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. ഭവനപദ്ധതിയുടെ അടുത്ത ഘട്ടത്തില്‍ അങ്കന്‍വാടി, കുട്ടികള്‍ക്കുള്ള പാര്‍ക്ക്, വായനശാല, ആരോഗ്യ കേന്ദ്രം,കമ്മ്യൂണിറ്റി ഹാള്‍ സ്വയം തൊഴില്‍ സംരംഭം എന്നിവ കൂടി നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam