8867 കോടി മുതൽമുടക്ക്! 'വിഴിഞ്ഞം രാജ്യത്തെ കണ്ടെയ്നർ ബിസിനസിൻ്റെ കേന്ദ്രമാക്കി കേരളത്തെ മാറ്റും', മുഖ്യമന്ത്രി

By Web Team  |  First Published Jul 11, 2024, 1:11 AM IST

5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ട് ലഭ്യമാകുന്നതെന്നും മുഖ്യമന്ത്രി വിവരിച്ചു


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് എത്തിച്ചേരാനിരിക്കെ തുറമുഖത്തിന്‍റെ ചരിത്രവും പ്രതിക്ഷയും പങ്കുവച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. കേരളത്തിന്റെ വികസന ചരിത്രത്തിൽ ഉജ്ജ്വലമായ അധ്യായം തുന്നിച്ചേർത്തുകൊണ്ടാണ് വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് ജൂലൈ 12 ന് എത്തിച്ചേരുന്നതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിഴിഞ്ഞം തുറമുഖത്തിന് 8867 കോടി രൂപയാണ് ആകെ മുതൽമുടക്കെന്നും ഇതിൽ 5595 കോടി രൂപ സംസ്ഥാന സർക്കാർ വഹിച്ചെന്നും പിണറായി വ്യക്തമാക്കി. 5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ട് ലഭ്യമാകുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വിവരിച്ചു. ഈ തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ കണ്ടെയ്‌നർ ബിസിനസ്സിന്റെ കേന്ദ്രമായി കേരളം മാറുമെന്നും അഭിമാനപൂർവ്വം ഈ നേട്ടം നമുക്ക് ഓരോരുത്തർക്കും ആഘോഷമാക്കാമെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

മുഖ്യമന്ത്രിയുടെ കുറിപ്പ്

Latest Videos

കേരളത്തിന്റെ വികസന ചരിത്രത്തിൽ ഉജ്ജ്വലമായ അധ്യായം തുന്നിച്ചേർത്തുകൊണ്ട് വിഴിഞ്ഞം തുറമുഖത്ത് ആദ്യ മദർഷിപ്പ് ജൂലൈ 12 ന് എത്തിച്ചേരുകയാണ്. 2015 ആഗസ്റ്റ് 17 നാണ് വിഴിഞ്ഞം തുറമുഖത്തിനായുള്ള കരാർ ഒപ്പു വയ്ക്കുന്നത്. ആ വർഷം ഡിസംബറിൽ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കുകയും ചെയ്തു. തുറമുഖം സമയബന്ധിതമായി ഈ വിധത്തിൽ പൂർത്തിയാക്കാൻ പ്രത്യേക ശ്രദ്ധയും കരുതലുമാണ് 2016 മുതൽ സർക്കാർ കൈകൊണ്ടത്.

പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കിയും പ്രതിമാസ അവലോകനങ്ങൾ നടത്തിയും ദൈനംദിന അവലോകനങ്ങൾക്ക് പ്രത്യേക മൊബൈൽ ആപ്പ് തന്നെ തയ്യാറാക്കിയുമാണ് നിർമ്മാണം മുന്നോട്ടുകൊണ്ടു പോയത്. സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പാക്കി. പദ്ധതിയുടെ ഭാഗമായി പൂർത്തീകരിക്കേണ്ട ഓരോ ഘടകത്തിന്റെയും സമയകൃത്യത ഉറപ്പാക്കി. സമയബന്ധിതമായി ഇത് പൂർത്തിയാക്കുന്നതിനായി അദാനി ഗ്രൂപ്പ് പ്രവർത്തിച്ചിട്ടുണ്ട്.

വിഴിഞ്ഞം തുറമുഖത്തിന് 8867 കോടി രൂപയാണ് ആകെ മുതൽമുടക്ക്. ഇതിൽ 5595 കോടി രൂപ സംസ്ഥാന സർക്കാരും 818 കോടി രൂപ കേന്ദ്ര സർക്കാരുമാണ് വഹിക്കുന്നത്. തുറമുഖ നിർമ്മാണത്തിനുള്ള കരാർ ഒപ്പുവെക്കുന്ന സമയത്ത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 8 കോടി രൂപയുടെ പുനരധിവാസ പ്രവർത്തനങ്ങളാണ് ശുപാർശ ചെയ്തിരുന്നത്. എന്നാൽ സംസ്ഥാന സർക്കാർ മത്സ്യത്തൊഴിലാളികളോട് വളരെ അനുകൂലമായ നയം സ്വീകരിച്ചതിന്റെ ഫലമായി 100 കോടി രൂപ പുനരധിവാസത്തിനായി മാത്രം ഇതുവരെയായി ചെലവഴിച്ചു.

വിഴിഞ്ഞം നിവാസികൾ ഉന്നയിച്ച പ്രശ്നങ്ങളുടെ  പരിഹാരത്തിനായി സർക്കാർ ഫണ്ട് ഉപയോഗപ്പെടുത്തിയും അദാനി കമ്പനിയുടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ചും വേണ്ട പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. 5,000 ത്തിലധികം തൊഴിലവസരങ്ങളാണ് ഈ തുറമുഖത്തിന്റെ ഭാഗമായി നേരിട്ട് ലഭ്യമാകുന്നത്.

ഈ തുറമുഖം യാഥാർത്ഥ്യമാകുന്നതോടെ രാജ്യത്തെ കണ്ടെയ്‌നർ ബിസിനസ്സിന്റെ കേന്ദ്രമായി കേരളം മാറും. വ്യവസായം, വാണിജ്യം, ഗതാഗതം, ടൂറിസം തുടങ്ങിയ രംഗങ്ങളിൽ വലിയ വികസനത്തിനും അങ്ങനെ സംസ്ഥാനത്തിന്റെ പൊതുവായ സാമ്പത്തിക വളർച്ചയ്ക്കും വിഴിഞ്ഞം തുറമുഖം മുതൽക്കൂട്ടാകും. ഇതു സർക്കാരും ജനങ്ങളും ഒരുമിച്ചു നിന്നു യാഥാർത്ഥ്യമാക്കുന്ന സ്വപ്നമാണ്. അഭിമാനപൂർവ്വം ഈ നേട്ടം നമുക്ക് ഓരോരുത്തർക്കും ആഘോഷമാക്കാം.

നിറയെ അഞ്ഞൂറിൻ്റെ നോട്ടുകെട്ടുകൾ, ആരുടെയും കണ്ണിൽപ്പെടാതെ ട്രെയിനിൽ കൊണ്ടുപോകാൻ ശ്രമം; പക്ഷേ പണിപാളി, പിടിവീണു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

click me!